Thursday, September 08, 2005

രാജാവ്‌ ഇപ്പോഴും നഗ്നന്‍ തന്നെ!

ചുഴലിക്കൊടുങ്കാറ്റ്‌ അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരദേശത്ത്‌ അത്ര പുതിയ സംഭവമൊന്നുമല്ല. വേനല്‍ക്കാലം എത്തിക്കഴിഞ്ഞാല്‍ ഇടക്കിടെ ഉണ്ടാകുന്ന കാലാവസ്ഥ പ്രതിഭാസം. ഡെന്നിസ്‌ എന്നോ, അലന്‍ എന്നോ ഓമനത്തമുള്ള പേരിട്ട്‌ അവർ അതിനെ കാത്തിരിക്കും. പക്ഷേ ഓഗസ്റ്റ്‌ അവസാനം വീശിയടിച്ച കാത്രീനയെന്ന ചുഴലിക്കൊടുങ്കാറ്റ്‌ ചില്ലറക്കാരിയായിരുന്നില്ല. അതു വീശിയടിച്ചത്‌ ലോകപോലീസുകാരന്റെ നഗ്നതയിലേക്കാണ്‌. ലോകം മുഴുവന്‍ നന്നാക്കിയെടുക്കാന്‍ നടക്കുന്ന അമേരിക്ക എന്ന വന്‍ശക്തിക്ക്‌ സ്വന്തം ജനതയെ ഒരു പ്രകൃതിക്ഷോഭത്തില്‍ നിന്നു കരകയറ്റാനുള്ള ശക്തിയില്ലെന്ന സത്യം തുറന്നുകാട്ടുകയായിരുന്നു കാത്രിന. പോയവാരം അമേരിക്കയിലെ ഏറ്റവും വലിയ തുറമുഖ നഗരമായ ന്യൂഓര്‍ലിയന്‍സില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ അതിദയനീയമാണ്‌. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തെയാണ്‌ ഈ കാഴ്ചകള്‍ അനുസ്മരിപ്പിക്കുന്നത്‌. അക്രമം, പകല്‍ക്കൊള്ള, ബലാത്സംഗം, പിടിച്ചുപറി; എല്ലാം നോക്കി അമ്പരന്നു നിൽക്കുന്ന ഭരണകൂടം. അമേരിക്ക മുഖം കുനിക്കുകയാണ്‌. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ. കത്രീനയേക്കാള്‍ സംഹാരരുദ്രമായ സുനാമിയെ ഏഷ്യയിലെ മൂന്നാം ലോകരാജ്യങ്ങള്‍ ഇതിലും എത്രയോ ആസൂത്രണ മികവോടെയാണ്‌ കൈകാര്യം ചെയ്തത്‌.

എവിടെ ബുഷ്‌

അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരത്തുള്ള ലൂയിസിയാന സംസ്ഥാനത്താണ്‌ കാത്രിന കനത്ത നാശംവിതച്ചത്‌. ഇവിടത്തെ പ്രധാന നഗരമായ ന്യൂഓര്‍ലിയന്‍സ്‌ അപ്പാടെ വെള്ളത്തിനടിയിലായി. സമുദ്രനിരപ്പിനും താഴെയുള്ള ഈ നഗരത്തിലെ ജനങ്ങള്‍ അപ്പാടെ കുടിയൊഴിപ്പിക്കപ്പെട്ടു. ദുരന്തത്തെ നേരിടാന്‍ ഈ തുറമുഖനഗരാധികൃതര്‍ കാര്യമായ തയാറെടുപ്പുകള്‍ ഒന്നും തന്നെ നടത്തിയില്ല എന്നു പറയാം. ഒടുവില്‍ ഇന്ത്യയിലെക്കൊ നടക്കാറുള്ളതുപോലെ ലോകത്തെ ഏറ്റവും സമ്പന്ന രാജ്യത്തും സംഭവിച്ചു. പരസ്പരം പഴിചാരല്‍. ന്യൂഓര്‍ലിയന്‍സ്‌ മേയറായ റേ നാഗിനാണ്‌ ആദ്യവെടിപൊട്ടിച്ചത്‌. ദുരന്തത്തില്‍ നിന്നും കരകയറാന്‍ ഫെഡറല്‍ ഗവൺമന്റ്‌ സഹായിക്കുന്നില്ല എന്നായിരുന്നു നാഗിന്റെ പരിദേവനം. നഗരം മുഴുവന്‍ വെള്ളത്തിലായിട്ടും ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയില്ല എന്ന വലിയ പിഴവു വരുത്തിയ ആളാണെങ്കിലും റേ നാഗിന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല.
അമേരിക്കന്‍ ഭരണകൂടം ഉറക്കത്തിലാണോ?. എല്ലാവരുടെയും ചോദ്യമിതാണ്‌. വിമര്‍ശനങ്ങളുടെ കുന്തമുന പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിലേക്കാണു നീങ്ങുന്നത്‌. ഇറാഖിലെ ജനങ്ങളുടെ കണ്ണീര്‍ തുടയ്ക്കാന്‍ കോടികള്‍ പൊടിക്കുന്ന ബുഷിന്‌ ന്യൂഓര്‍ലിയന്‍സിലെ ജനങ്ങളെ ദുരന്തത്തില്‍ നിന്നും കരകയറ്റാനുള്ള കരുത്തില്ലേ?. കത്രീന നാശം വിതച്ചു കടന്നു പോയിട്ട്‌ ഒരാഴ്ചയിലേറെയായി. ഇതുവരെ വീടുനഷ്ടപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിനായിട്ടില്ല. എന്തിനേറെ ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നതിനും കൃത്യമായ കണക്കില്ല. കഷ്ടം!. ലോകത്തെ മൊത്തം നിയന്ത്രിക്കാനിറങ്ങുന്ന ബുഷിന്‌ ഒരു ചെറു നഗരം പോലും സംരക്ഷിക്കാനുള്ള കെല്‍പ്പില്ലെന്നു തെളിഞ്ഞില്ലേ?.
ഏതായാലും ചില പൊടിക്കയ്കളൊക്കെ കാട്ടി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് അങ്കി സാം. തകര്‍ന്നു തരിപ്പണമായ നഗരത്തില്‍ച്ചെനു വീടു നഷ്ടപ്പെട്ടവരുടെ കൂടെ ഫോട്ടോയ്ക്കു പോസു ചെയ്യുക, ആദിയായ ഗിമ്മിക്കുകളുമായി പിടിച്ചുനില്‍ക്കാന്‍ നോക്കുകയാണ്‌ ബുഷിപ്പോള്‍. ഇടയ്ക്ക് ഒന്നും ശരിയായില്ല എന്നൊരു കുറ്റസമ്മതവും നടത്തി. ഇവിടുത്തുകാര്‍ക്ക് ഇത്രയൊക്കെ മതിയെന്നേ. ഞാനിപ്പോള്‍ ഓര്‍ക്കുന്നതു മറ്റൊന്നണ്‌. 9/11നു ശേഷം ന്യൂയോര്‍ക്കില്‍ ഗിലാനി എന്നൊരു മേയറില്ലായിരുന്നെങ്കില്‍ അമേരിക്കയുടെ സ്ഥിതി എന്താകുമായിരുന്നു?.

കാറ്റും മഴ്യയും കറുത്തവര്‍ക്കു മാത്രമോ

കാത്രീനയുടെ ദുരന്ത ദൃശ്യങ്ങളിലേക്ക്‌ കണ്ണു തുറന്നവര്‍ മറ്റൊരു കാര്യം കണ്ട്‌ അത്‍ഭുതപ്പെടുന്നതും കണ്ടു. ന്യൂഓര്‍ലിയന്‍സില്‍ കറുത്തവര്‍ മാത്രമേയുള്ളോ. ഈ ചോദ്യത്തില്‍ നിന്നാണ്‌ അമേരിക്കയില്‍ പട്ടിണിപ്പാവങ്ങളുടെ സ്ഥിതിയെന്ത്‌ എന്നറിയാനുള്ള അന്വേഷനങ്ങള്‍ ആരംഭിക്കേണ്ടത്‌. ഇവിടത്തെ മാധ്യമങ്ങളൊക്കെ മടിച്ചുമടിച്ചാണെങ്കിലും ഇങ്ങനെ ഒരു ചോദ്യം ഉയര്‍ത്തിത്തുടങ്ങി. കറുത്തവര്‍ക്കുമേല്‍ ദുരന്തം പെയ്തിറങ്ങിയതുകൊണ്ടാണോ ആശ്വാസമെത്താന്‍ ഇത്ര വൈകിയത്. പ്രതിധ്വനികള്‍ ഏറെയുള്ള ഈ ചോദ്യത്തിന്റെ അലകള്‍ മാറ്റാനുള്ള ശ്രമത്തിലാണു ഭരണകൂടമിപ്പോള്‍.
ന്യൂഓര്‍ലിയൻസില്‍ കറുത്ത വംശജര്‍ അല്‍പം കൂടുതലാണ്‌. 67 ശതമാനതോളം. പക്ഷെ ബാക്കിയുള്ള വെള്ളക്കാരെല്ലം എവിടെപ്പോയി?. ഇതാണ് അമേരിക്കയുടെ ചിത്രം. സമ്പത്തെല്ലാം എങ്ങോട്ടു പോകുന്നു എന്നിപ്പോള്‍ മനസിലായില്ലേ? വിലകൂടിയ കാറുകളും മറ്റു സൌകര്യങ്ങളുമൊക്കെ തൊലി വെളുത്തവര്‍ക്കു മാത്രം. പട്ടിണിപ്പാവങ്ങള്‍ക്കു യാത്ര ചെയ്യാന്‍ സര്‍ക്കാരിന്റെ ബസ്‌ തന്നെ വേണം. കാറുളള സായിപ്പുമാരൊക്കെ കാറ്റുവരുന്നതിനു മുന്‍പ്‌ ഓടി രക്ഷപെട്ടു. വെള്ളക്കാര്‍ സുരക്ഷിതരായാല്‍ പിന്നെ ഭരണവര്‍ഗ്ഗത്തിനും പ്രശ്നങ്ങളൊന്നുമില്ലല്ലോ. പിന്നെ കാറ്റായാല്‍ എന്ത്‌ മഴയായാലെന്ത്‌. മനസിലായില്ലേ മാന്യന്മാരുടെ രാജ്യത്തിന്റെ പുറമ്പൂച്ചുകള്‍.

1 comment:

Kalesh Kumar said...

നന്നായിരിക്കുന്നു മൻ‌ജിത്ത്!
അമേരിക്കയിൽ നിന്നുള്ള മലയാളം ബ്ലോഗറുമ്മാരിലിപ്പോൾ സജീവമായിട്ടാരും തന്നെയില്ല. അതുകൊണ്ട് അമേരിക്കൻ വിശേഷങ്ങൾക്കായി ഇനി മൻ‌ജിത്തിന്റെ ബ്ലോഗിനെ ശരണം പ്രാപിക്കാം! കൂടുതൽ അമേരിക്കൻ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
അതുപോലെ തന്നെ, പിന്മൊഴികളിൽ അംഗമാകണം. കമന്റ്സ് ട്രാക്ക് ചെയ്യാൻ ഏറ്റവും നല്ല മാർഗ്ഗം അതാണ്. കൂടുതൽ വിവരങ്ങൾക്ക് ദയവായി http://blog4comments.blogspot.com/ ഉം http://vfaq.blogspot.com/2005/01/blog-post.html ഉം സന്ദർശിക്കുക.