Saturday, December 03, 2005

അനുജാ മാപ്പ്‌

ഈ ബ്ലോഗുലോകത്തില്‍ ഇങ്ങനെ കറങ്ങിയിറങ്ങി നടന്നു കഴിയുമ്പോ എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്‌, ഒരു കവിതയെഴുതിയാലോ എന്ന്. ശരി തുടങ്ങാം.. ..അത്ര തന്നെ. ഒന്നും കിട്ടില്ല.
എന്‍റെ തൂലിക ആഞ്ഞുകുടഞ്ഞു നോക്കിയാലും ഇല്ല, അതിനുള്ള മഷിയില്ല. ഈ നിരാശ എന്നെ മറ്റൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. അത്‌ ഞാന്‍ ഒരു കവിയെ കൊന്ന കഥയാണ്‌.

ദിനപത്രം മാത്രം (അതുതന്നെ ഞങ്ങടെ നാട്ടില്‍ ഒരല്‍ഭുതമാ!) വായിച്ചു ശീലമുള്ള ഒരു നസ്രാണി കുടുംബത്തില്‍ ഞങ്ങള്‍ മക്കള്‍ ആറുപേരാണ്‌. ഞാന്‍ നാലാമന്‍(അല്ല, അഞ്ചാമന്‍). എനിക്കു നേരെ താഴെയുള്ളവനിലെ കവിയെയാണ്‌ ഞാന്‍ കുട്ടിക്കുസൃതികള്‍ക്കിടയില്‍ കൊന്നു തള്ളിയത്‌.

സംഭവം ഇങ്ങനെയാണ്‌. അനുജന്‌ ഒന്‍പതോ പത്തോ വയസുകാണും. അവന്‍റെ പുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഏതാനും കടലാസുതുണ്ടുകള്‍ എനിക്കു കിട്ടി. വായിച്ചു നോക്കിയപ്പോ ഒക്കെ കുഞ്ഞിക്കവിതകളാണ്‌. കുടുംബ സദസ്സില്‍ രസപ്പടപ്പുയര്‍ത്താന്‍ ഇതു ധാരാളം.

അത്താഴം കഴിഞ്ഞ്‌ ഞാന്‍ ഓരോരോ കവിതകളായി എടുത്തുവായിച്ചു. ഓരോന്നു കഴുയിമ്പോഴും കൊച്ചുകവിയെ വാരാന്‍ ഞങ്ങള്‍ അഞ്ചുപേരും മത്സരിച്ചു. ആരില്‍നിന്നും ഒരു നല്ല വാക്ക്‌ അവനു കിട്ടിയില്ല. അവനിലെ കവി അന്നു രാത്രി ആത്മഹത്യ ചെയ്തുകാണണം.

പിന്നീട്‌ അവന്‍ കവിത എഴുതിയതായി എനിക്കറിയില്ല. സ്വകാര്യ ശേഖരത്തില്‍ ഉണ്ടോ? അതുമറിയില്ല. കക്ഷിക്കിപ്പോ അതിലൊന്നും താല്‍പര്യമില്ലെന്നാണ്‌ എന്റെയൊരു വിലയിരുത്തല്‍. ഓഹരി വിപണനത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന അവന്‍ ഇപ്പോള്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റിലായിരിക്കും കവിതയെഴുതുന്നത്‌.അന്ന് പരിഹാസത്തിന്റെ അത്യുച്ചത്തില്‍ ഞാന്‍ വായിച്ച കുഞ്ഞിക്കവിതകളിലൊന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്‌.

അച്ഛന്‍റെ താടി കണ്ടോ
മുത്തച്ഛന്‍റെ താടി കണ്ടോ
മുത്തച്ഛന്‍റച്ഛന്‍റെ താടി കണ്ടോ
അതാണു പാരമ്പര്യം!

കുട്ടിത്തത്തിന്റെ പിടിവിട്ട ഈ സായാഹ്നത്തില്‍ ഞാനീ വരികളിലേക്കു നോക്കുമ്പോള്‍ വല്ലാത്ത കുറ്റബോധം. ആ കുഞ്ഞു മനസ്‌ എന്തൊരു ദര്‍ശനമാണ‌ന്ന് കുറിച്ചു വച്ചത്‌! തലകുത്തി നിന്നിട്ടു പോലും എനിക്കതുപോലെ നാലുവരി എഴുതാന്‍ കഴിയുന്നില്ല.
എന്നെങ്കിലും എന്‍റെയീ ബ്ലോഗുവായിക്കുന്ന അനുജന്‍ കാണാന്‍ ഞാനീ വരികള്‍ കുറിക്കട്ടെ.

മാപ്പ്‌,അനുജാ മാപ്പ്‌.

11 comments:

ദേവന്‍ said...

പ്രിയ മഞ്ജിത്ത്‌,
ഞങ്ങളും ആറുപേര്‍. ഞാന്‍ ആറാമന്‍ മൂത്ത അഞ്ചു ചട്ടമ്പികള്‍ വായിക്കാനായി എന്നെങ്കിലും ഒരു ബ്ലോഗ്ഗ്‌ ഉണ്ടാക്കാന്‍ വേണ്ടി ചിലതൊക്കെ എഴുതി ഇടുമായിരുന്നു ആരും കാണാതെ (ഏവൂരാന്‍ പാതാളക്കരണ്ടിയിട്ടു അതെല്ലാം പൊക്കിയതില്‍പ്പിന്നെയിപ്പോ എല്ലാം ഇന്റര്‍നെറ്റങ്ങാടീല്‍
പാട്ടായി.) മഞ്ജിത്തിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ഞാനെഴുതിയ ആദ്യത്തെ കഥയുടെ കഥ ഞാനോര്‍ത്തെടുത്തത്‌ അവിടെ ഇട്ടിട്ടുണ്ട്‌..
കൂമന്‍പള്ളി: ഡി എസ്‌ പി ഞെട്ടിയ ദിവസം..എന്ന പേരില്‍.

നന്ദി. മറന്നു കിടന്ന എന്റെ ഒരു ബാല്യാനുഭവം ഓര്‍മ്മിപ്പിച്ചതിനു. ഇനിയും ഒരുപാടെഴുതുക.

സു | Su said...

മഞ്ചിത്ത്,
ബ്ലോഗ് വായിച്ചാൽ ഈ വാരൽ തിരിച്ചു തന്നോളും ആ അനിയൻ.

മന്‍ജിത്‌ | Manjith said...

ദേവാ,
അനുഭവങ്ങളെ പുറത്തു ചാടിക്കാന്‍ ഒരു നിമിത്തമായതി സന്തോഷം. ഈ ആറു പേര്‍ എന്നൊക്കെപ്പറഞ്ഞാല്‍ റൊമ്പ രസാ അല്ലേ.

സു,
അദ്ദേഹം ഇതൊന്നും വായിക്കുമെന്നു തോന്നുന്നില്ല. കംപ്യൂട്ടര്‍ എന്നാല്‍ അവന് ഗണിനി മാത്രം. പിന്നെ, CNBC ന്യൂസ് നോക്കാനുള്ള ഉപകരണം. എന്നെങ്കിലും പഴയ കവി പുറത്തു ചാടുമോന്നു നോക്കാം.

ഗന്ധര്‍വ്വന്‍ said...

Gandharvan's story is reverse.
Gandharvan was very active and used to write {Without grammar mistakes, with some sort of rhyme and reason- Could I called it poetry?. Pondered but found Dubious}.
Many of the modern Malayalam writers were in good relation with Gandharvan , till the college days.
Later, gandharvan realized it will not fetch living to the family, and as they were wholly dependent on him, he caught the train to the destiny.
It induced and inspired the youngest of gandharvan, and proven (his/her) flair, become a known writer, got employed in a relevant field.
Kainikara manjith not to be desperate, there is a call from ur inner self, and ur article shows the glimpses of good writing and u can be a poet.
U may feel bit soporific gandharva boosting, but bear with me, and gandharva identity will not be revealed, and so not a mere bragging.

Anonymous said...

Gandarvar....
Don't braaaag in other blogs buddy

It's the right time to shift ur gear

can you rite atleast abt ur past relations with the modern Malayalam writers in ur own blog
& rite in Malayalam or zimble English ok.

we don't want to loose such a great writer

വര്‍ണ്ണമേഘങ്ങള്‍ said...

ഒരു പക്ഷേ അവൻ പിന്നീടും എഴുതിയിട്ടുണ്ടാവാം..
ആരും കാണാതെ...
ആരെയും കാണീക്കാതെ...
അവന്റെ സങ്കൽപങ്ങൾ..അവന്റെ വികാരങ്ങൾ..ഒക്കെ..!
ആരും കണ്ടില്ലെങ്കിലും അതവന്‌ നിധിയായിരുന്നിരിക്കാം..!

മന്‍ജിത്‌ | Manjith said...

സഹൃദയരേ,

മറ്റു കലാപരിപാടികള്‍ക്കിടയില്‍ ഒരു നോവലെഴുതാനുള്ള ശ്രമത്തിലാണ്‌ (എന്നേക്കൊണ്ട്‌ ഇത്രയല്ലേ ദ്രോഹങ്ങളൊക്കൂ). ആര്‍ക്കും കമന്റാം, തെറിവിളിക്കാം(നല്ല ഭാഷയില്‍). തീര്‍ക്കാനാവുമോ എന്ന് എനിക്കുതന്നെ ഉറപ്പില്ല. ഈ നോവല്‍ എന്നെപ്പോലെയാകരുതേ എന്നു പ്രാര്‍ഥന. അനിയന്‍ കാണരുതേ എന്നും.

Anonymous said...

Please write.. waiting for criticising it.. An anonymous whose heart pump polluted blood but still believe can distinguish very clear the "right" and the "wrong" ^_*

മന്‍ജിത്‌ | Manjith said...

http://trynovel.blogspot.com/2005/12/blog-post.html

makkuz said...

test

maneyesh said...

"നമ്മുക്കതീവ ദൂരമുണ്ടവിശ്രമം താണ്ടാന്‍..."