Tuesday, January 24, 2006

കല്ലുവച്ച കഥ

നാലഞ്ചു വര്‍ഷമായി എല്ലാ റിപബ്ലിക് ദിനങ്ങളിലും എന്റെ അടിവയറ്റില്‍ നിന്നും ഒരു കല്ല് മുകളിലേക്കിരച്ചു കയറി തലച്ചോറിലെ ഉറങ്ങിക്കിടക്കുന്ന വേദനകളെ തട്ടിയുണര്‍ത്തും. സര്‍വ സാധാരണമായ വേദനകളിലൊന്നും തളരാത്ത ഈയുള്ളവന്റെ സകല കണ്ട്രോളും തകര്‍ത്ത ആ കല്ലിന് ഈ റിപബ്ലിക് ദിനത്തില്‍ അഞ്ചുവയസാകും.

ദീപിക ദിനപത്രത്തിന്റെ പാലാരിവട്ടത്തുള്ള ഓഫിസില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന കാലം. ലോകമെമ്പാടുമുള്ള വിദേശമലയാളികളെ തലതകര്‍ക്കുന്ന വാര്‍ത്തകളറിയിക്കാന്‍ അക്കാലത്ത് വല്ലാത്തൊരുത്സാഹമായിരുന്നു.

പപ്പുവാ ന്യൂഗിനിയയില്‍ നിന്നുള്ള രമേശന്‍, പെറുവില്‍ നിന്നുള്ള മാത്യു സാമുവല്‍ എന്നിങ്ങനെ ചില ആഗോളമലയാളികളുമായുള്ള ബന്ധമാണ് ഈ പണിയുടെ സുഖമറിയിച്ചത്. ലോകത്തിന്റെ ഏതു കോണിലും മലയാളിയുണ്ടെന്നും അവരില്‍ പലരും തന്റെ തകര്‍പ്പന്‍ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്നുമുള്ള തിരിച്ചറിവ് എന്നെ ആവേശം കൊള്ളിച്ചു. ഈ ആവേശം വീട്, നാട് തുടങ്ങിയ നൊവാള്‍ജിയന്‍ ചിന്തകളോടു വിടപറയാനും കാരണമായി എന്നു പറയേണ്ടതില്ലല്ലോ.

റിപബ്ലിക് ദിനത്തില്‍ ഭൂമിമലയാളത്തിലെ സകല പത്രക്കാരും പുട്ടടിച്ച് അതിവിശാലമായി കിടന്നുറങ്ങുമ്പോഴും കര്‍മ്മനിരതനായത് അതുകൊണ്ടാണ്.

തലേന്നു രാത്രി വാര്‍ത്തകള്‍ എല്ലാവര്‍ക്കും വയറു നിറയെ നല്‍കി പത്രമാപ്പീസിലെ ഡെസ്കില്‍ത്തന്നെ കിടന്നുറങ്ങിയ ഞാന്‍ ജനുവരി 26ന് ടെലിപ്രിന്ററിന്റെ നിലവിളികേട്ടാണ് ഞെട്ടിയുണര്‍ന്നത്.

റിപബ്ലിക് ദിനത്തില്‍ ഇത്ര വിശാ‍ലമായി ഇവന്‍ നിലവിളിക്കുന്നതെന്തായിരിക്കും?. ഓ ഏതെങ്കിലുമൊരുത്തന്‍ തലേന്നു രാത്രിതന്നെ കുത്തിക്കുറിച്ച റിപബ്ലിക് ദിന പരേഡിന്റെ ലൈവ് റിപ്പോര്‍ട്ടായിരിക്കും. അടിക്കട്ടെ, ഒന്നൂടെ കിടന്നുറങ്ങാം.
എന്നാ‍ലും അതു ലൈവായി വരാന്‍ സമയമായില്ലല്ലോ?. ഇനി വല്ല തീവ്രനും ഏതെങ്കിലു ബഡാപാര്‍ട്ടിയുടെ നെഞ്ചത്ത് നിറയൊഴിച്ചുകാണുമോ?. ഒന്നു നോക്കിക്കളയാം. ടെലിപ്രിന്ററിന്റെ നീണ്ട നാവ് കയ്യിലെടുത്തു.
'ഗുജറാത്തില്‍ വന്‍ഭൂകമ്പം'
ദൈവമേ!!!
ക്ലോക്കില്‍ നോക്കി.
സമയം ഒന്‍പത്. നീണ്ട ഉറക്കം പണിപറ്റിച്ചോ. ഇല്ല, ചൂടാറിയിട്ടില്ല. സംഭവം നടന്നത് 8:49ന്.

ന്യൂസ് റൂമിലേക്കോടി. ആഗോളമലയാളികള്‍ക്കായി ഒരു വമ്പന്‍ ബ്രേക്ക് നല്‍കി. ഭൂകമ്പത്തിന്റെ ബാക്കി കുലുക്കങ്ങള്‍ക്കായി കാത്തിരിപ്പായി. വന്‍ഭുകമ്പമുണ്ടായിട്ടും നാശനഷ്ടം അധികമില്ലെന്നാണ് പി.റ്റി.ഐ. പറയുന്നത്. അതു ശരിയാകുമോ?
ഭൂമിയങ്ങനെ ശക്തമായി വായ് പിളര്‍ക്കുമ്പോ എത്രയേറെ കല്ലുകള്‍ തെറിച്ചുവീണിട്ടുണ്ടാവും. ആരെങ്കിലുമൊക്കെ മരിച്ചു കാണുമല്ലോ.

എന്നെപ്പോലെ ഓഫിസിലിരുന്നു ബ്രേക്കടിക്കുന്ന പി.റ്റി.ഐക്കാരെ അങ്ങനെയങ്ങു വിശ്വസിക്കാന്‍ പാടില്ലല്ലോയെന്നു മനസില്‍ കരുതി. അപ്പോഴുണ്ട് പപ്പുവക്കാരന്‍ രമേശന്റെ മെയില്‍.
“ഞാന്‍ നോക്കിയിരിക്കുവാരുന്നു. ബിബിസിയില്‍ കാണിക്കാന്‍ തുടങ്ങിയിട്ടു കുറേ നേരമായി”

ദൈവമേ.. ഇവനൊന്നും വേറെ പണിയില്ലേ ബിബിസിയും നോക്കിയിരിക്കാന്‍. പെട്ടെന്നാണ് ബിബിസി എന്ന കൊളുത്ത് വീണത്. 'ടെലിവിഷം' തുറന്നു. ഊഹം തെറ്റിയിട്ടില്ല. കല്ലുകള്‍, കെട്ടിടങ്ങള്‍ ഒക്കെ അട്ടിക്കു വീണുകിടക്കുന്നു. ബിബിസിയുടെ ലൈവ് ദൃശ്യം. എന്നിട്ടും മരണസംഖ്യ(വാര്‍ത്തയുടെ ഊഷ്മാവളക്കുന്ന മാന്ത്രിക സംഖ്യകള്‍) അവരും പറയുന്നില്ല.

മണി പത്തര. സഹായി പ്രദീപനെത്തി. ഓന്‍ വന്നല്ലോ. ഇനി സ്വന്തം മുറിയില്‍പ്പോയി ഒന്നു കുളിച്ചു മിനുങ്ങിവരാം.
എന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പ്രദീപന്‍ വന്നതല്ല, പൊക്കോട്ടേന്നു ചോദിക്കാനിറങ്ങിയതാ. അവധിയായിട്ട് നീ വീട്ടില്‍ വരുന്നില്ലേയെന്നു അമ്മ സങ്കടത്തോടെ ചോദിച്ചത്രേ.
''ഉഗ്രനൊരു സംഭവമുണ്ട്, ഗുജറാത്തില്‍ ഭൂകമ്പം. ''
പത്രികാ കുമാരനെ പിടിച്ചു നിര്‍ത്താമെന്നു കരുതി ഒരു തോട്ടിയിട്ടു നോക്കി. അപ്പോ വരുന്നു മറുപടി.
''ഓ ഞാന്‍ കേട്ടായിരുന്നു. ആരും ചത്തിട്ടില്ലല്ലോ. ''
ഇവനോട് നിക്കാന്‍ പറഞ്ഞിട്ടുകാര്യമില്ല. ഏറ്റവുമൊടുവില്‍ക്കിട്ടിയ 15 എന്ന മരണ സംഖ്യ 'നെറ്റില്‍' ഒട്ടിച്ചിട്ട് ഞാന്‍ സഹായിക്കു നേരേ തിരിഞ്ഞു.
''പൊക്കോളൂ. പക്ഷേ, ഒരു അരമണിക്കൂറൂടെ ഇരിക്കണം ഞാനൊന്ന് റൂമില്‍പ്പോയി ഫ്രഷ് ആയിട്ടുവരാം''
''സാര്‍ താമസിക്കുമോ''
അവന്റെ സാര്‍ എന്ന വിളി അത്രയ്കു പിടിച്ചില്ല. എന്നാലും പറഞ്ഞു.
''ഏറിയാല്‍ ഒരു മണിക്കൂര്‍ അതിനപ്പുറം പോകില്ല. എന്നിട്ടും താമസിച്ചാല്‍ എന്നെയൊന്നു വിളിച്ചിട്ടു പോണം''

റുമിലേക്കു തിരിച്ചു. ഓഫിസില്‍ നിന്നും അരമണിക്കൂര്‍ യാത്രയേയുള്ളു മുറിയിലേക്ക്. എന്നാലും രാത്രികിടപ്പ് ഓഫിസില്‍ തന്നെ. ടെലിപ്രിന്ററീന്റ് താരാട്ടു കേട്ടുറങ്ങാന്‍ ഒരു പ്രത്യേക സുഖമാണെന്നാണ് അന്നെന്റെ മതം.

റൂമിലെത്തി കുളിക്കൊരുക്കമായി എണ്ണ തേച്ചു നിക്കുമ്പോഴുണ്ട് അടിവയറ്റില്‍ കൊളുത്തിപ്പിടിക്കുന്ന വേദന. ഓ വയറു വേദനയായിരിക്കും, സാരമില്ല. കുളിമുറിയിലേക്ക് നടക്കാനാഞ്ഞു.
ഇല്ല വേദന കനക്കുകയാണ്. കലും കയ്യുമൊക്കെ കൊളുത്തിപ്പിടിക്കുന്നു. എന്താ ഇങ്ങനെ?. ഇത്തരത്തിലൊന്ന് ആദ്യമായാണല്ലോ. വേദന കൂടുകയാണ്. ഒന്നു മൂത്രമൊഴിച്ചിട്ടുവരാം. ചെന്നു നിന്നതല്ലാതെ മൂത്രമൊന്നും വന്നില്ല. പക്ഷേ വേദന പെരുത്തു. കാലിന്റെ ബലം നഷ്ടപ്പെടുമ്പോലെ. ശരീരം നന്നായി വിയര്‍ക്കുന്നുമുണ്ട്.
വേദനകള്‍ ആരെയുമറിയിക്കാന്‍ ഇഷ്ടമില്ലാത്ത ഞാന്‍ മെല്ലെ തറയിലിരുന്നു.
ആ.. അമ്മേ...അറിയാതെ ഉറക്കെ വിളിച്ചു പോയി.

സഹമുറിയന്‍ വിപി അമ്പൂരി രാവിലെ എവിടെയോ റിപബ്ലിക് ദിന പ്രഭാഷണം നടത്താന്‍ കുളിച്ചൊരുങ്ങി ഇറങ്ങിയത് അപ്പോഴാണ്. കൂട്ടുകാരനോട് ബൈ പറയാന്‍ കതകു തുറന്നപ്പോഴുണ്ട് തറയില്‍ക്കിടന്ന് പുളയുന്നു.
''എന്തു പറ്റി?''
''അറിയില്ല. ദേഹമാ‍കെ തളര്‍ത്തുന്ന വേദന.''
''എവിടെ? ''
''അതുമറിയില്ല, അടിവയറ്റിലാണെന്നു തോന്നണു. ''

പരോപകാരം ശിലമാക്കിയ വിപി പെട്ടെന്ന് ഒരു ഓട്ടോയും പിടിച്ചെത്തി. നേരേ അധികമകലെയല്ലാത്ത ലിസി ആശുപ്രത്രിയിലേക്ക്. അവിടെ, എല്ലാം പത്രമോഫീസിലേക്കാള്‍ കഷ്ടം. എല്ലാവരും അവധിയാഘോഷത്തിലാണ്. ഒരു ബെഡില്‍ കിടത്തിയതല്ലാതെ തിരിഞ്ഞുനോക്കാന്‍ ആരുമെത്തിയില്ല. കൂട്ടുകാരന്‍ വേദനകൊണ്ടു പുളയുന്നതു കണ്ട് വിപി എവിടെയോ ചെന്ന് ആരോടൊക്കെയോ കയര്‍ത്തു. അതിന്റെ ഫലമാണെന്നു തോന്നണു ഒരു നഴ്സിണി എത്തി.
''എവിടെയാ വേദന?''
''അടിവയറ്റില്‍'', ഞാന്‍ ഞരങ്ങിക്കൊണ്ടു പറഞ്ഞു.
''കഴിച്ചതു പിടിക്കാത്തതുകൊണ്ടുള്ള വയറുവേദനയായിരിക്കും''. നഴ്സമ്മയുടെ നിരീക്ഷണം.

അതുകേട്ടതും വിപിയുടെ സകല കണ്ട്രോളും പോയി.
''വയറു വേദനപോലും. അങ്ങനെയുള്ള വേദനകളിലൊന്നും വീഴാത്തയാളാ ഇത്. കിടന്നു കരയുന്നതു കണ്ടില്ലേ? ഇവിടെ ഡോക്ടര്‍മാര്‍ ആരുമില്ലേ? ''
''മിക്കവരും അവധിയാണ്. അത്യാഹിത വിഭാഗത്തില്‍ ഒരാളുണ്ട്. ഇപ്പോ വരും''.
''ഇത് അത്യാഹിതം തന്നെ. പെട്ടെന്നു വരാന്‍ പറ''.

വേദന കനക്കുകയാണ്. ബോധം മറയ്ക്കുന്ന വേദന. എന്നാല്‍ ബോധമൊട്ടു മറയുന്നുമില്ല. എന്നിരുന്നാലും പത്രമാപ്പീസ്, ടെലിപ്രിന്റര്‍, ചൂടന്‍ വാര്‍ത്തകള്‍, ഗുജറാത്ത് ഭൂകമ്പം തുടങ്ങിയ ഗുലുമാലുകള്‍ അബോധത്തിലേക്കു പോയി എന്നു പറയേണ്ടതില്ലല്ലോ.

നഴ്സിണി പോയി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ അത്യാസന്ന നില പരിശോധിക്കുവാന്‍ ഡോക്ടറെത്തി. കണ്ടാലറിയാം പഠിപ്പു കഴിഞ്ഞിറങ്ങിയതേയുള്ളു. ജൂനിയായതുകൊണ്ട് സീനിമാര്‍ പണിയേല്‍പ്പിച്ച് പോയതായിരിക്കും. വയറ്റില്‍ അവിടെയുമിവിടെയും അമര്‍ത്തി നോക്കിയിട്ട് ഡോക്ടര്‍ ലേഡി വിപിയോട് എന്തോ പറയുന്നതു കേട്ടു.

അപ്പന്‍ എന്നുമാത്രമേ വേദനയ്ക്കിടയില്‍ എനിക്ക് കേള്‍ക്കാനായുള്ളു. താന്‍ വേദനതിന്നുന്നതിന് അവരെന്തിന് പാവം കൂട്ടുകാരന്റെ അപ്പനു വിളിക്കണം? അതോ എന്റെ അപ്പനുവിളിക്കാനും മാത്രം കുഴപ്പങ്ങള്‍ വയറ്റിലെങ്ങാനുമുണ്ടോ? ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോ മറ്റൊരു നഴ്സിണിയെത്തി ചന്തിക്കു കുത്തി. വേദന കുറയാന്‍ എന്തോ ഒരു മരുന്ന്‌. വേദന തെല്ലൊന്നടങ്ങി. വിപി അരികിലെത്തിപ്പറഞ്ഞു.
''പേടിക്കാനൊന്നുമില്ല. അപന്‍ഡിസൈറ്റിസ് ആണെന്നാ ഡോക്ടറമ്മ പറയണത്. ചിലപ്പോ ഒന്നു കീറേണ്ടി വരും''.
ഓ അതാരുന്നോ. പലര്‍ക്കും വന്നതായി കേട്ടിട്ടുണ്ട്. ഒന്നും വരില്ലെന്നു നിനച്ച എനിക്കും-ഞാന്‍ ആലോചനയിലാണ്ടു. അരമണിക്കൂര്‍ കഴിഞ്ഞില്ല. വേദന വീണ്ടുമുണര്‍ന്നു. മുമ്പത്തേതിനാക്കാള്‍ ഉശിരില്‍. ദൈവമേ മരുന്നിനു കീഴ്പ്പെടാത്ത എന്തു വേദനായാണീത്. വിപി വീണ്ടും ഡോക്ടറുടെ മുറിയിലേക്കോടി. ഇങ്ങനെയുള്ള അസുഖമായാല്‍ അല്പം വേദന തിന്നേ തീരൂ. എന്നു പറഞ്ഞ് ലേഡീ ഡോക്ടര്‍ അദ്ദേഹത്തെ തിരിച്ചയച്ചു.

വേദനയുടെ തന്മാത്രകള്‍ ശരീരത്തിലെങ്ങും വ്യാപിച്ചു. നിസാഹയനായി തളര്‍ന്നു കരയുന്ന സുഹൃത്തിന്റെ രൂപം വിപിയുടെ രോഷം വീണ്ടുമുണര്‍ത്തി. അയാളവിടെ നിന്നുമിറങ്ങി, ആശുപത്രിയില്‍ കണ്ടവരോടെല്ലാം തട്ടിക്കയറി. രോഷത്തിന്റെ മുള്ളുകളേറ്റിട്ടാണോ എന്തോ, അവര്‍ എന്നെ ഒരു പ്രത്യേക മുറിയിലേക്കു മാറ്റി.

പിന്നെയും കുത്ത്. ചന്തിക്കു തന്നെ. കുത്തിനു പുറകേ വേറൊരു ഡോക്ടറെത്തി. വിപിയുടെ ചൂട് കണ്ട് ആശുപത്രിക്കാര്‍ വിളിച്ചു വരുത്തിയതാ ഈ മുതിര്‍ന്ന ഡോക്ടറെ. അങ്ങോരും വയറ്റിലവിടെയും ഇവിടെയുമൊക്കെ തൊട്ടു നോക്കി. പക്ഷേ ലേഡി ചോദിക്കാത്ത ഒരു ചോദ്യം അദ്ദേഹം തൊടുത്തു. “മൂത്രമൊഴിക്കാന്‍ തോന്നണുണ്ടോ?”
“ഇല്ല, ഇല്ലേയില്ല. പകരം അവിടെയൊക്കെ കനത്ത വേദന. എന്തോ തറഞ്ഞു കയറുമ്പൊലെ”
“അപ്പോ അതാണു കാര്യം”
“ഏത്?”
“കല്ല്, മൂത്രത്തില്‍ കല്ല്. ഇത് അപ്പനുവിളിക്കേണ്ട കാര്യമൊന്നുമല്ല.”
പക്ഷേ ആ ലേഡിഡോക്ടറുടെ അപ്പനു വിളിക്കണമെന്നായി വിപി. സീനി ഡോക്ടര്‍ വിപിയെ കാര്യം പറഞ്ഞു മനസിലാക്കി.

എവിടെ നിന്നു വന്നതായിരിക്കും ഈ കല്ല്. ഉള്ളിലെ കല്ലിനേക്കുറിച്ചാലോചിച്ചു കിടന്നു. ഹൃദയം കല്ലുപോലെയാണെന്ന് കാമുകി ഒരിക്കല്‍ പറഞ്ഞതോര്‍മ്മ വന്നു. പക്ഷേ ഈ കല്ല് ഹൃദയത്തിലല്ലോ. അപ്പോഴാണ് എന്റെ അബോധത്തില്‍നിന്നും രാവിലെ ഗുജറാത്തില്‍ തെറിച്ചുവീണ കല്ലുകളുടെ രൂപം ഉയര്‍ത്തെഴുന്നേറ്റത്.

ദൈവമേ, ഞാന്‍ ചെല്ലാ‍മെന്നു പറഞ്ഞിട്ട് ചെന്നില്ല. ഭൂകമ്പം എന്തായിക്കാണും? പ്രദീപന്‍ വല്ലതും ബ്രേക്കിക്കാണുമോ? ആകുലതകള്‍ വിപിയോടു പറഞ്ഞപ്പോ അങ്ങോര്‍ കടിക്കാന്‍ ചെന്നു.

“നീ അവിടെക്കിടന്നു വിശ്രമിക്ക്. പത്തുരണ്ടായിരം പേര്‍ തട്ടിപ്പോയെന്നാ കേള്‍ക്കുന്നത്. അത്രയും പേര്‍ തട്ടിയ സംഭവവുമിട്ടിട്ട് ആ പയല്‍ പയ്യന്‍ വീട്ടില്‍പ്പോകുമോ?”
അതു തന്നെയായിരുന്നു എന്റെ ഭയവും.
“നീ എന്തായാലും വീട്ടിലൊന്നു വിളിച്ചറിയിക്ക് ”, ഞാന്‍ സുഹൃത്തിനോടു പറഞ്ഞു.
വീട്ടില്‍ വിളിച്ചപ്പോഴുണ്ട് അവിടെയെല്ലാരും പേടിച്ചിരിക്കുന്നു. വീട്ടിലെത്തിയോ എന്ന് രണ്ടുമൂന്നു തവണ പത്രമാപ്പീസില്‍ നിന്നും വിളിച്ചു ചോദിച്ചത്രേ. വിപി വിവരം പറഞ്ഞതും എനിക്കു കാര്യം പിടികിട്ടി. ഭൂകമ്പോം ബ്രേക്കുമൊക്കെ കുട്ടയിലിട്ട് പ്രദീപന്‍ വീട്ടില്‍ പോയിരുന്നു.

പിറ്റേന്നു പുലര്‍ച്ചെ വിവരമറിഞ്ഞ് ന്യൂസ് എഡിറ്റര്‍ ആശുപത്രിയിലെത്തിയപ്പോഴാ കാര്യം ഗുരുതരമാണെന്നറിയുന്നത്. ഗുജറാത്ത് ബ്രേക്കാ‍യി നല്‍കാത്തതു കാരണം ആഗോള മലയാളികളെല്ലാം ആകെ രോഷാകുലരാണത്രേ.

കല്ല് പുറത്തു ചാടിക്കാനുള്ള ശ്രമാമായി പിന്നീട്.
“ആവുന്നത്ര വെള്ളം കുടിച്ചോളൂ. ചിലപ്പോ അതു തനിയെ പുറത്തു പൊയ്ക്കോളും. പോയില്ലെങ്കില്‍ പിന്നെ അതു പൊട്ടിച്ചു പുറത്തുകളയാന്‍ വേറെ പരിപാടിയുണ്ട് ”
“അല്ല ഡോക്ടര്‍ ഈ കല്ലെങ്ങനാ എന്റെ കിഡ്നിയിലെത്തിയത്?”
“അതു താങ്കള്‍ തീരെ വെള്ളമടിക്കാത്തതുകൊണ്ടാ. പച്ചവെള്ളത്തിന്റെ കാര്യമാ പറഞ്ഞത്.
എസീ റൂമിലിരുന്നു ജോലിക്കു ഹരംകയറുമ്പോ ദാഹിക്കില്ല. ഫലം ദാ ഇങ്ങനെ കിടക്കാം. ഇതിനിയും വരാം.”

ഏതായാലും വെള്ളമടി ഉഷാറാക്കിയപ്പോള്‍ കല്ല് തനിയേ പുറത്തുകടന്നു.
ഡോക്ടര്‍ ഒന്നു രണ്ടു കരുതല്‍ മരുന്നുകളും ഒരു കുറിപ്പും നല്‍കിയ ശേഷം സ്ഥലം കാലിയാക്കാന്‍ പറഞ്ഞു. കൂടെ വിലപ്പെട്ട ഉപദേശവും. വെള്ളമടി ഉഷാറാക്കിക്കോളൂ.
“ആശ്വാസം. എന്തും കഴിക്കാമല്ലോ. വെള്ളം എത്രവേണേല്‍ക്കുടിക്കാം. മറ്റൊന്നും കഴിക്കാന്‍ പാടില്ല എന്നു പറയരുത്”.
“ഉവ്വുവ്വ് താന്‍ കയ്യിലിരിക്കുന്ന കുറിപ്പൊന്നു നോക്കിക്കേ. അതിലുണ്ട് എല്ലാം”.
ഞാന്‍ കയ്യിലിരുന്ന കടലാസിലേക്കു നൊക്കി. കല്ലു രോഗികള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നുള്ളത് വെണ്ടക്കാ അക്ഷരത്തില്‍ അച്ചടിച്ച കുറിപ്പ്. പാല്‍, കാരറ്റ്, തക്കാളി, അങ്ങനെതുടങ്ങി ഒഴിവാക്കേണ്ട ആഹാരങ്ങളുടെ നീണ്ട പട്ടിക.
ചുരുക്കത്തില്‍ പച്ചവെള്ളം മാത്രം കുടിക്കാം. ജീവിതം കോഞ്ഞാട്ടയായെന്നു പറഞ്ഞാ‍ല്‍ മതിയല്ലോ. വെറുതെ ആത്മഗതം നടത്തി.

പത്രമാപ്പീസ് രണ്ടാഴ്ചത്തേക്കു മറന്ന് വീട്ടിലെത്തി. അവിടെ അമ്മ കല്ലുരുക്കി ആദിയായ നാടന്‍ പ്രയോഗങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. വീടിനു ചുറ്റും ഇഷ്ടമ്പോലെയുള്ള ഈ കിളുന്തു ചെടി കല്ലുരുക്കുമോ. സംശയിച്ചു പക്ഷേ, അനുസരണയുള്ള പുത്രനായി രണ്ടാഴ്ചത്തേക്ക് എല്ലാം അനുസരിച്ചു. കല്ലുരുക്കിയുടെ കാരുണ്യംകൊണ്ടോ അമ്മയുടെ കൈഗുണം കൊണ്ടോ പിന്നീട് മൂന്നാലു വര്‍ഷത്തേക്ക് കല്ല് അടിവയറ്റില്‍ വേദന നല്‍കിയില്ല. പക്ഷേ കൊളുത്തിപ്പിടിക്കുന്ന ആ വേദന മനസില്‍ നിറഞ്ഞു നില്‍പ്പുണ്ട്.
****
കല്ലിനെ കീഴടക്കിയെന്നു കരുതി വീണ്ടും വെള്ളമടി നിര്‍ത്തിയ എന്നെ വീണ്ടും ആരോ കല്ലെറിഞ്ഞു വീഴ്ത്തി, അഞ്ചാമത്തെ വര്‍ഷം. രണ്ടാമത്തെ കല്ലുവച്ച കഥ പിന്നീട്.

Monday, January 16, 2006

യേശുദാസും റോയല്‍റ്റിയും പിന്നെ ചില വയറ്റിപ്പിഴപ്പുകളും

പ്രിയ വക്കാരീ താങ്കള്‍ക്കെന്റെ പ്രണാമം. ഇങ്ങനെയും ചിന്തിക്കുന്ന മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ നിക്ഷ്പക്ഷത എന്നാല്‍ ഒരാളെ വിമര്‍ശിക്കല്‍ എന്നൊരര്‍ത്ഥം മാത്രമേയുള്ളു എന്ന സംശയം എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. അവിടെ പത്രപ്രവര്‍ത്തനവുമായി കറങ്ങി നടന്ന കാലത്ത്‌ വിശേഷിച്ചും. വ്യക്തിവിമര്‍ശനം മാത്രമായാല്‍ അതിനെ നെഗറ്റീവ്‌ റിപ്പോര്‍ട്ടിംഗ്‌ എന്നു വിശേഷിപ്പിക്കാനെണിനിക്കിഷ്ടം. അതേ സമയം രണ്ടു വശങ്ങളും ചേര്‍ത്തുള്ള അവതരണം. അതില്‍ നിക്ഷ്പതയുണ്ടാവാന്‍ വഴിയുണ്ട്‌.


യേശുദാസിനെപ്പറ്റിയുള്ള ലേഖനത്തില്‍ അദ്ദേഹം വയറ്റിപ്പിഴപ്പിനുവേണ്ടി യുവഗായകരെ ഭീഷണിപ്പെടുത്തുന്ന ആളാണ്‌ എന്നെഴുതിത്തുടങ്ങിയാല്‍ ആ ലേഖനം യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയായിരിക്കും എന്നാണെന്റെ പക്ഷം. നേരേ മറിച്ച്‌ ആ ലേഖനത്തില്‍ തന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ അവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ക്ക്‌ ഒരു തെളിമയുണ്ടാകുമെന്നും കരുതുന്നു. വിക്കിപീഡിയയുടെ ശൈലിയും അതാണെന്നാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. വിക്കിപീഡിയയെക്കുറിച്ച്‌ വിക്കിപീഡിയയില്‍ത്തന്നെയുള്ള ലേഖനത്തില്‍, അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ ഉത്തമ ഉദാഹരണം.

വാസ്തവത്തില്‍ യേശുദാസിനെപ്പറ്റിയുള്ള മലയാളം വിക്കിയിലെ ലേഖനം പൂര്‍ത്തീകരിക്കാത്തതാണ്‌. അതെഴുതിയാള്‍ പാതിവഴിയാക്കിപോയി. അതൊന്നു പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. വിശേഷിച്ചും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്താന്‍ ഒരു ശ്രമം. അതിനിടയിലാണ്‌ ഇവിടെയൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്‌.

വക്കാരിക്കുള്ളതുപോലെ ബലമായ സംശയം എനിക്കുമുണ്ട്‌. യേശുദാസ്‌ റോയല്‍റ്റി ചോദിച്ചത്‌ തെറ്റായിപ്പോയോ?. തുളസി പറഞ്ഞതുപോലെ ബാബു രാജിന്റെയോ വയലാറിന്റെയോ ഗാനങ്ങള്‍ സ്റ്റേജില്‍ പാടരുത്‌ എന്നല്ല യേശുദാസ്‌ ആവശ്യപ്പെട്ടത്‌ എന്നാണെന്റെ അറിവ്‌. അത്‌ പ്രശ്നങ്ങളെ വികാരപരമായി കാണുന്ന ചിലരുടെ പ്രചരണമാണ്‌. മറിച്ച്‌ യേശുദാസിന്റെ തരംഗണി കസറ്റ്‌സ്‌ പുറത്തിറക്കിയ ഗാനങ്ങള്‍ പാടരുത്‌ എന്ന് ആ സ്ഥപനത്തിന്റെ നടത്തിപ്പുകാരനായ യേശുദാസിന്റെ മകന്‍ രേഖാമൂലം ആവശ്യപ്പെട്ടുവെന്നതാണ്‌ യാഥാര്‍ഥ്യം. പകര്‍പ്പവകാശങ്ങള്‍പ്പോലുള്ള അവകാശങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്ത മലയാളികള്‍ക്ക്‌ അതൊരു പുതുമയായതില്‍ അല്‍ഭുതമില്ല.

നമ്മുടെ നിഷാദ്‌ കീപ്പള്ളി ഏതോ ഒരു ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്‌. വിനയന്റെ അല്‍ഭുത ദ്വീപ്‌ ഹോളിവുഡില്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു നിഷാദിന്റെ ലേഖനത്തിനടിസ്ഥാനം. സത്യം എന്താണ്‌? അല്‍ഭുത ദ്വീപ്‌ അതുപോലെ തന്നെ ഹോളിവുഡില്‍ ഇറക്കാന്‍ ആരും പദ്ധതിയിടുന്നില്ല. അതിന്റെ കഥപോലും സ്വീകരിക്കുന്നില്ല. ആശയം മാത്രമേ പകര്‍ത്തുന്നുള്ളു. അപ്പോള്‍ ആശയത്തിന്റെ ഉടമയായ വിനയനെത്തേടിയാണ്‌ ഹോളിവുഡ്‌ സംവിധായകര്‍ കേരളത്തിലെത്തിയത്‌.

മറ്റ്‌ സിനിമകളിലെ ആശയങ്ങള്‍ മാത്രമല്ല സിനിമ അപ്പടിതന്നെ മോഷ്ടിക്കുന്ന വിനയനും ഇതര സംവിധായകരും, കൂടെ നമ്മള്‍ മലയാളികളും ഈ മാതൃക കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത്‌ യേശുദാസ്‌. തരംഗിണി കസറ്റ്‌സ്‌ ഒരു കാലത്ത്‌ സിനിമാ ഗാനങ്ങളുടെ അവകാശം വിലയ്ക്കു വാങ്ങിയിരുന്നു. അതായത്‌ പ്രസ്തുത സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം തരംഗിണി കസറ്റ്‌സില്‍ നിക്ഷിപ്തമായിരിക്കും എന്നു സാരം. അപ്പോള്‍ ആ ഗാനങ്ങളുടെ അവകാശം സംഗീത സംവിധായകനോ, ഗായകനോ, രചയിതാവിനോ അല്ല. തരംഗിണിക്കുതന്നെയാണ്‌. അതില്‍ അല്‍ഭുതപ്പെടാനെന്തിരിക്കുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ണിമേനോന്‍ പാടിയ ഗാനങ്ങളുമുണ്ടാകാം. സംശയിക്കേണ്ട, അതിന്റെ പകര്‍പ്പവകാശവും തരംഗിണിക്കു തന്നെ. കേരളത്തിലിറങ്ങുന്ന എല്ലാ കസറ്റുകളിലും അത്‌ രേഖപ്പെടുത്തിയിട്ടുമുണ്ട്‌. Unauthorised broadcasting.... അങ്ങനെ തുടങ്ങുന്ന ആ വരികള്‍ക്ക്‌ നമ്മള്‍ മലയാളികള്‍ വലിയ വില കല്‍പ്പിക്കാറില്ല എന്നത്‌ സത്യം. പകര്‍പ്പവകാശം നടപ്പാക്കാന്‍ യേശുദാസും അദ്ദേഹത്തിന്റെ മകനും തുനിഞ്ഞിറങ്ങിയത്‌ ചിലപ്പോ വയറ്റിപ്പിഴപ്പിനാകാം. ആയാലും തെറ്റില്ല. കാരണം അതിനാണല്ലോ അവരതിന്റെ റോയല്‍റ്റി പണംകൊടുത്തു വാങ്ങിയത്‌.

പിന്നെയുള്ളത്‌ ഗാനമേളക്കാരുടെ വയറ്റിപ്പിഴപ്പ്‌. അതും വെറുതെ കാടടച്ചു വെടിവയ്ക്കലാണ്‌. നാട്ടുമ്പുറത്തെ ഗാനമേളക്കാരനും പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റി ബോധമുള്ളവനായിരിക്കണം എന്നാണെന്റെ പക്ഷം. തരംഗിണി ഇറക്കിയ കസറ്റുകളിലെ ഗാനങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അവരും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അതാണല്ലോ നിയമം. ഇങ്ങനെ അനുമതി വാങ്ങാനെത്തുമ്പോള്‍ യേശുദാസ്‌ പാവം ഗാനമേളക്കാരെ ആട്ടിയോടിച്ചാലോ അല്ലെങ്കില്‍ അവരുടെ കുത്തിനുപിടിച്ച്‌ പണം ചോദിച്ചാലോ നമുക്കു വേണമെങ്കില്‍ അദ്ദേഹത്തെ വിമര്‍ശിക്കാം. അങ്ങനെയൊരു സംഭവം നടന്നതായി എനിക്കറിയില്ല. മധു ബാലകൃഷ്ണനും ഉണ്ണിമേനോനും അത്ര വയറ്റിപ്പിഴപ്പുകാരല്ലതാനും.

റോയല്‍റ്റി വിവാദ കാലത്ത്‌ പലരും യേശുദാസിനെ വിമര്‍ശിച്ചത്‌. ത്യാഗരാജ സ്വാമികളെ കൂട്ടുപിടിച്ചായിരുന്നു. സംഗീത സംവിധായകന്‍ ജയന്‍ ഇങ്ങനെപോലും ചോദിച്ചുകളഞ്ഞു: ''ത്യാഗരാജ സ്വാമികളുടെ പിന്തലമുറ ഭിക്ഷയെടുത്തു ജീവിക്കുന്നുണ്ട്‌, യേശുദാസ്‌ അവര്‍ക്ക്‌ റോയല്‍റ്റി നല്‍കുന്നുണ്ടോ?... '''കേവലം വികാരത്തള്ളല്‍ എന്നല്ലാതെ എന്തു പറയാന്‍. കൂട്ടിന്‌ അജ്ഞതയും. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ക്ക്‌ ആരും പകര്‍പ്പവകാശം സമ്പാദിച്ചിരുന്നതായി എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം അനുസരിച്ച്‌ അതിന്‌ ഇപ്പോള്‍ നിലനില്‍പ്പില്ല.

യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട്‌ നന്ദി കാട്ടിയില്ല. എന്നതാണ്‌. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട്‌ അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?. മമ്മൂട്ടി സിനിമയില്‍ നിന്നും നേടിയ പണം സിനിമയില്‍ത്തന്നെ നിക്ഷേപിക്കുന്നില്ല എന്നു ചിലര്‍ പരിഭവിക്കുന്നതുപോലെയാണിത്‌.

യേശുദാസും മമ്മൂട്ടിയുമൊക്കെ അവരുടെ ജീവിതത്തെ ക്രമപ്പെടുത്തി പണം സമ്പാദിച്ചവരാണെന്നാണെന്റെ പക്ഷം. ഇപ്പറഞ്ഞ വയറ്റിപ്പിഴപ്പു ഗായകരും നമ്മളില്‍പ്പലരും ചെയ്യാത്തതും അതുതന്നെ.

8 comments:

narada said...

yesudas is a good playback singer, period. He was the most successful playback singer malayalam film industry every had. Why do people think success is holiness and godliness? He is no gandharvan he is no angel, in the same way as bill gates is no god.

Thyagaraja lived in a different century. Why do we need to compare life of a saint and a professional?

സിബ�::cibu said...

നന്നായി അവതരിപ്പിച്ചിരിക്കുന്നു.. അഭിപ്രായങ്ങളുമായി യോജിക്കുകയും ചെയ്യുന്നു.

വക�കാരിമഷ�ടാ said...

മൻ‌ജിത്തും നാരദരും പറഞ്ഞതുതന്നെ..

പൊതുരംഗത്തും കലാരംഗത്തും ഉള്ളവരിൽനിന്നും നമ്മൾ എന്തൊക്കെയോ കൂടുതൽ പ്രതീക്ഷിക്കുന്നില്ലേ എന്നൊരു സംശയം. ആ പ്രതീക്ഷകൾ കൂടിക്കൂടി അവരും നമ്മളെപ്പോലെതന്നെയുള്ള മനുഷ്യജീവികളാണെന്ന കാര്യവും പലപ്പോഴും നമ്മൾ മറക്കുന്നു. ഇനി പ്രതീക്ഷകളാണെങ്കിലോ, നമ്മൾ അനേകായിരങ്ങൾ, അനേകായിരം പ്രതീക്ഷകൾ. അവരാണെങ്കിൽ അവർ മാത്രവും. മമ്മൂട്ടി സിനിമയിൽ ഒന്നും നിക്ഷേപിക്കുന്നില്ല എന്നു പറയുന്ന നമ്മൾ തന്നെ സംഗീതത്തിൽ നിക്ഷേപിച്ച യേശുദാസിനെ അതിന്റെ പേരിൽ‌ത്തന്നെ കുറ്റം പറയുന്നു.

ഈ റോയൽറ്റി വിവാദത്തിലും യേശുദാസെന്ന ഗായകൻ കടന്നുവന്നതാണ് പലർക്കും പ്രശ്നമായതെന്നു തോന്നുന്നു. യേശുദാസ് വെറുമൊരു കാസറ്റ് കമ്പനി മുതലാളി മാത്രവും, അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് കോപ്പിറൈറ്റുള്ള പാട്ടുകൾ ആര് പാടണമെങ്കിലും അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് റോയൽറ്റി കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ കമ്പനി മാനേജർ പറയുകയും ചെയ്യുകയായിരുന്നുവെങ്കിൽ ഇത് ഇത്തരത്തിലൊരു വിവാദമേ ആവുമായിരുന്നോ എന്നൊരു സംശയം, പിന്നെയും.

അങ്ങിനെ റോയൽറ്റിയൊന്നും കിട്ടാ‍തെ അദ്ദേഹത്തിന്റെ കമ്പനി നഷ്ടത്തിലായി അവിടുത്തെ നാലു തൊഴിലാളികളെ പിരിച്ചു വിട്ടതിനെ ചോദ്യം ചെയ്ത് കമ്പനിപ്പടിക്കൽ കൊടിപിടിക്കുമ്പോൾ നമ്മൾ തൊഴിലാളികൾ തന്നെ ചിലപ്പോൾ പറയാനും മതി-‘കണ്ടോ റോയൽറ്റിയായിട്ട് കിട്ടേണ്ട കാശൊന്നും വാങ്ങിക്കാതെ നടന്നതുകൊണ്ടും കൂടിയല്ലേ കമ്പനി ഇത്തരത്തിലായത്... നടത്തിക്കൊണ്ടു പോകാൻ വയ്യെങ്കിൽ........”

നാരദൻ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗം പാട്ട് പാടലും പാട്ടിന്റെ ബിസിനസ്സും. അത് അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിൽ കൊണ്ടുപോകുന്നു. അതിനു പുറമേ സാമൂഹ്യ സാംസ്കാരിക മേഖലകളിലും അദ്ദേഹം തന്നാലായ രീതിയിൽ ഇടപെടുന്നു-അത് യേശുദാസെന്ന വ്യക്തിയുടെ കാര്യം. പക്ഷേ നമ്മൽ അദ്ദേഹത്തെ വിമർശിക്കുമ്പോൾ യേശുദാസെന്ന വ്യക്തിയേയും പാട്ടുകാരനേയും ബിസിനസ്സുകാരനേയും എല്ലാം കൂട്ടിക്കുഴച്ച് ഇവിടെ പറയേണ്ട അഭിപ്രായം അവിടെ പറയുകയും അവിടെ പറയേണ്ടാത്തത് ഇവിടെ പറയുകയുമൊക്കെ ചെയ്യുന്നു. അദ്ദേഹം എല്ലാം തികഞ്ഞവനായിരിക്കണമെന്നും അദ്ദേഹത്തിന്റെ ഒരു തെറ്റുപോലും നമ്മൾ പൊറുക്കുകയില്ലാ എന്നുമൊക്കെ നമ്മൾ ശാഠ്യം പിടിക്കുന്നു. നമുക്ക് ഉപകാരം ചെയ്ത എത്രയോ പേരേ നമ്മൾ മറക്കുന്നു; നമ്മുടെ നിലനിൽ‌പ്പിനായി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്യുന്നു... പക്ഷേ ഇതിനൊക്കെ പ്രശസ്തരുടെ കാര്യങ്ങളിൽ നമ്മൾ വേറൊരു മാനദണ്ഡമല്ലേ വെക്കുന്നത് എന്നൊരു ശങ്ക.

യേശുദാസ് കാരണം പല ആൾക്കാർക്കും അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ടായിരിക്കാം. പക്ഷേ ഏതു മേഖലയിലുമില്ലേ അങ്ങിനത്തെ ഒരവസ്ഥ. നന്നായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഉത്പന്നത്തെ തോൽ‌പ്പിക്കാൻ അതിലും ബെസ്റ്റോ വൈവിധ്യതയോ രണ്ടു കൂടിയോ വേണം. ഏതായാലും റോയൽറ്റി വിവാദത്തിൽ ഈ വാദഗതിക്ക് സ്ഥാനമേ ഇല്ലല്ലോ.

മൻ‌ജിത്ത് പറഞ്ഞതുപോലെ, നമ്മുടെ പല പ്രതികരണങ്ങളും വികാരപരമാണ്. വികാരം വേണം. എന്തിനേയും പണത്തിന്റേയും ലാഭത്തിന്റേയും അളവുകോലിൽക്കൂടി മാത്രം കാണരുത്. പക്ഷേ, വികാരവും വിവേകവും ബാലൻ‌സ്‌ഡ് ആയിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

മാധ്യമങ്ങൾക്ക്, റിപ്പോർട്ടർമാർക്ക് ഇതിൽ എന്തു ചെയ്യാൻ കഴിയും? ഒരു വിവാദത്തെപ്പറ്റി ഒരു പ്രമുഖൻ അഭിപ്രായം പറഞ്ഞാൽ അതപ്പടി പ്രസിദ്ധീകരിക്കുന്നതിന് മുൻപ്, അദ്ദേഹവുമായി ഒന്നുകൂടി ബന്ധപ്പെട്ട്, “താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഇങ്ങിനത്തെ പ്രശ്നങ്ങളുമുണ്ട് കേട്ടോ, അതുകൊണ്ട് ഞങ്ങൾ അപ്പടി പ്രസിദ്ധീകരിക്കണോ, അതോ...” എന്ന് ചോദിച്ച്, അപ്പടി പ്രസിദ്ധീകരിക്കാനാണ് പറയുന്നതെങ്കിൽ, അതിനു കീഴെ പത്രത്തിന്റെ ഒരു ഒബ്‌സർവേഷനും കൂടി കൊടുത്ത് (ഒരു തരത്തിൽ പറഞ്ഞാൽ വിക്കിപ്പീഡിയാ സ്റ്റൈൽ റിപ്പോർട്ടിംഗ്)...അങ്ങിനെയൊന്ന് പ്രായോഗികമാണോ? അങ്ങിനെയാണെങ്കിൽ പല സാധാരണക്കാർക്കും അഭിപ്രായങ്ങൾ സ്വരൂപിക്കുമ്പോൾ ഒന്നുകൂടി നന്നായി ചിന്തിക്കാൻ കഴിയുമെന്ന് തോന്നുന്നു. ഉദാഹരണത്തിന് ജയവിജയ (ജയൻ)-ന്റെ കമന്റ്.

കണ�ണൂസ�‌ said...

മന്‍ജിത്‌, വക്കാരീ

Royalty issue-ഇലെ കാര്യങ്ങള്‍ എനിക്കോര്‍മ്മയുള്ള പോലെ കൊടുക്കുന്നു താഴെ.

1. ആദ്യമായി, തരംഗിണിക്കു ഉടമസ്ഥാവകാശമുള്ള പാട്ടുകള്‍ക്ക്‌ മാത്രമല്ല വിനോദ്‌ യേശുദാസ്‌ royalty അവകാശപ്പെട്ടത്‌. ഈ വിവാദം തുടങ്ങിയത്‌ ഉണ്ണി മേനോന്‍ ചെന്നെയില്‍ അവതരിപ്പിക്കേണ്ടിയിരുന്ന " ഓമനിക്കാന്‍ ഓര്‍മ്മ വെക്കാന്‍" എന്ന പരിപാടിയില്‍ യേശുദാസിന്റെ ഗാനങ്ങള്‍ പാടുന്നത്‌ വിനോദ്‌ തടഞ്ഞതോടെയാണ്‌. പഴയ ഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ പ്ലാന്‍ ചെയ്തിരുന്ന ഈ പരിപാടിയില്‍ തരംഗിണിക്ക്‌ പകര്‍പ്പവകാശം ഉള്ള ഗാനങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരുന്നു. തുടര്‍ന്ന്, മധു ബാലകൃഷ്ണന്‍ ഏഷ്യാനെറ്റില്‍ അവതരിപ്പിച്ചിരുന്ന പഴയ ഗാനങ്ങളുടെ പരിപാടിയും അവസാനിപ്പിക്കാന്‍ വിനോദ്‌ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ, രമേഷ്‌ ചന്ദ്ര എന്ന കന്നഡ ഗായകന്റെ (ഇദ്ദേഹത്തിന്റെ stage shows-il 90% ഗാനങ്ങളും യേശുദാസിന്റെ കന്നഡ ഗാനങ്ങള്‍ ആയിരിക്കുമത്രേ.)ഷോയും വിനോദിന്റെ വിലക്കു കാരണം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്‌.

2. ഇനി, വാദത്തിനു വേണ്ടി, തരംഗിണിയുടെ ഗാനങ്ങള്‍ മാത്രമാണ്‌ വിനോദ്‌ തടയാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും, നിയമപരമായി അദ്ദേഹം സമീപിക്കേണ്ടിയിരുന്നത്‌ ഐ.പി.ആര്‍.എസ്‌ Indian Performers Rights society എന്ന സംഘടനയെ ആയിരുന്നു. Indian patent acts പ്രകാരം register ചെയ്തിട്ടുള്ള ഈ സംഘടന ആണ്‌ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉള്ള authority. തരംഗിണിക്ക്‌ ഈ സംഘടനയില്‍ അംഗത്വം ഇല്ലായിരുന്നു എന്നതും, ഈ വിവാദം ഉയര്‍ത്തി വിട്ടതിനു ശേഷമാണ്‌ വിനോദ്‌ തിരക്കു പിടിച്ച്‌ I.P.R.S. membership-ഇനു ശ്രമിച്ചത്‌ എന്നതും ഈ വിവാദത്തിന്റെ പിന്നാമ്പുറം.

3. yesudas audio visual coproration എന്നോ മറ്റോ പേരുള്ള തരംഗിന്‍ണിയുടെ coporate mother ആണ്‌ യേശുദാസ്‌ എന്ന ഗായകന്റെ stage shows നിയന്ത്രിക്കുന്നത്‌. ഇദ്ദേഹത്തിന്റെ stage shows-il പാടുന്ന എല്ലാ ഗാനങ്ങളുടേയും അവകാശം തരംഗിണിക്കല്ലല്ലോ. അങ്ങിനെ നോക്കുമ്പോള്‍ ആദ്യം തങ്ങള്‍ കൊടുക്കാനുള്ള പണം കൊടുത്ത്‌ ഒരു മാതൃക സൃഷ്ടിക്കാമായിരുന്നു yesudas corporation-ന്‌. വിജയ്‌ യേശുദാസ്‌ പാടുന്ന ഗാനങ്ങള്‍ക്കും അദ്ദേഹം ആര്‍ക്കും royalty കൊടുക്കുന്നതായി അറിവില്ല.

4. മലയാള ഗാനങ്ങളുടെ കേരളത്തില്‍ ഉള്ള പകര്‍പ്പവകാശം മാത്രമാണ്‌ തരംഗിണിക്ക്‌ ഉള്ളത്‌ എന്നിരിക്കേ, കേരളത്തിനു വെളിയില്‍ ഇതേ ഗാനങ്ങള്‍ യേശുദാസ്‌ തന്നെ പാടിയാലും royalty കൊടുക്കേണ്ടതല്ലേ? ഉദാഹരണത്തിന്‌ ഗള്‍ഫ്‌ ഉള്ള റാഫ, തോംസണ്‍ മുതലായ കമ്പനികള്‍. ഇതിനു ഇദ്ദേഹം തയ്യാറായിട്ടുണ്ടോ?

5. ഒരു കാലഘട്ടത്തില്‍ (ആലാപ്‌ മുതലായ studios തരംഗിണിക്ക്‌ വന്‍ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍) തന്റെ ഗാനങ്ങള്‍ തരംഗിണിയില്‍ മാത്രമേ record ചെയ്യുവാന്‍ പാടുള്ളു എന്നും അതിനെ പകര്‍പ്പവകാശം തരംഗിണിക്കു തന്നെ വേണം എന്നും താന്‍ നിര്‍ദ്ദേശിക്കുന്നവര്‍ അല്ലാത്ത ഗായകര്‍ അതില്‍ പാടരുത്‌ എന്നും ഉള്ള pre-condition യേശുദാസ്‌ വെച്ചിരുന്നു എന്നതും ഇതാണ്‌ മലയാളത്തില്‍ മറ്റു ഗായകര്‍ വളരാതെ പോയതിനു ആദ്യ കാരണം എന്നുമുള്ള സത്യം നമുക്ക്‌ മറക്കാറായോ?

Thulasi said...

മധു ബാലകൃഷന്‍ ഏഷ്യാനെറ്റിന്റെ സ്റ്റേജ്‌ ഷോയില്‍ പാടാനിരുന്ന പാട്ട്‌ ബാലേട്ടനിലെ 'ഇന്നലെ എന്റെ നെഞ്ചിലെ" എന്ന ഗാനമായിരുന്നു(manorama musics).
പകരം പാടിയത്‌ വാല്‍കണ്ണാടിയിലെ സ്വന്തം ഗാനം

വക�കാരിമഷ�ടാ said...

കണ്ണൂസേ.. ഉള്ളതു പറഞ്ഞാൽ ഊറിച്ചിരിക്കണമെന്നാണല്ലോ.. അങ്ങിനെ ഊറിച്ചിരിച്ചോണ്ട് പറഞ്ഞാൽ ഈ മൊത്തം സംഭവങ്ങളുടെ പിന്നാമ്പുറക്കാര്യങ്ങൾ എനിക്ക് വലിയ പിടിപാടില്ല കേട്ടോ.. അതുകൊണ്ട് ഞാൻ പറയുന്ന പല കാര്യങ്ങളും പൊട്ടത്തെറ്റാകാൻ വല്ലാത്ത സാധ്യതകളുണ്ട്... ജാമ്യം, മുൻ‌കൂർ.

ഇനി നമ്മൾ ഒരു വാദഗതിക്കുവേണ്ടി വാദിച്ചാലും, ശരിക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്ക് ശരിക്കുള്ള ഐഡിയാ ഉണ്ടോ എന്നൊരു സംശയം. ആ മദ്രാസ് പഴയഗാനപ്പരിപാടിയിൽ പകർപ്പവകാശപ്പാട്ടുകൾ എത്രത്തോളമുണ്ടായിരുന്നു, തുടങ്ങിയവ. അതൊക്കെ അന്വേഷിക്കാൻ പോയാൽ സംഗതി കുറ്റാന്വേഷണസ്റ്റൈലാകും..

ഇനി ഈ നടന്ന മൊത്തം സംഭവങ്ങളും ഒരു ബിസിനസ്സ് രീതിയിൽ എടുത്താൽ... ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട രീതിയിലല്ല യേശുദാസിന്റെ മകൻ ചെയ്തത് എന്നു പറയാം, സംഗതി അങ്ങിനെയാണെങ്കിൽ. അവർ ആദ്യം ഐപ്പീയാറെസ്സിൽ അംഗത്വമെടുത്തിട്ട്... അവരോട് പരാതി പറഞ്ഞിട്ട്... സപ്പോസ്, അങ്ങിനെ എല്ലാ പഴുതുകളുമടച്ചിട്ടാണ് റോയൽടീ ആവശ്യപ്പെട്ടതെങ്കിൽ തന്നെയും ഇങ്ങിനെയൊരു വിവാദം ഉണ്ടാ‍വുകയില്ലായിരുന്നോ എന്നൊരു സംശയം. കാരണം, വിവാദമുണ്ടായത് സംഗതിയുടെ ടെൿനിക്കാലിറ്റി-ലീഗാലിറ്റിയിൽ പിടിച്ചല്ലായിരുന്നല്ലോ.. വിവാദം യേശുദാസ് റോയൽടി ചോദിച്ചു എന്നുള്ളതായിരുന്നല്ലോ.

മറ്റു ദേശപരദേശങ്ങളിൽ ഇത്തരം കാര്യങ്ങളെങ്ങിനെയാണ് എന്നും ഒന്നന്വേഷിക്കുന്നത് കൊള്ളാം. വിവാദമുണ്ടായപ്പോൾ നമ്മൾ അങ്ങിനെയൊക്കെ അന്വേഷിച്ചായിരുന്നോ- ഒരു വിസ്-അ-വിസ് അനാലിസിസ് നടത്തിയായിരുന്നോ?

മലയാളഗാനങ്ങളുടെ കേരളത്തിനു വെളിയിലെ റോയൽടീ-യേശുദാസ് ബന്ധം.... പിടിയില്ല കേട്ടോ..

പക്ഷേ, യേശുദാസ് ഇണ്ടാസ് വെക്കുന്നു-എന്നെ കൊണ്ട് മാത്രം പാടിക്കുക, എന്റെ സ്റ്റുഡിയോയിൽ മാത്രം റിക്കാർഡ് ചെയ്യുക... വക്കാരിയും സെയിം ഇണ്ടാസ് വെക്കുന്നു. വക്കാരിയോട് പോടാ പുല്ലേ എന്നു പറയുന്നു-യേശുദാസിന്റെ ഇണ്ടാസ് ഒപ്പിട്ട് കൈപ്പറ്റുന്നു. പാട്ട് ജീവിതമാർഗ്ഗമായി കൊണ്ടുനടക്കുന്ന യേശുദാസ് അങ്ങിനെ സ്വന്തം രീതിയിൽ പല ഇണ്ടാസുമുണ്ടാക്കുന്നു-കാരണം, ഇണ്ടാ‍സുകൾ കൈപ്പറ്റാൻ ആൾക്കാർ ഉണ്ടെന്നുള്ളതുതന്നെ. ഇനി യേശുദാസ് അങ്ങിനെയൊന്നും ചെയ്യരുതായിരുന്നു, യേശുദാസ് പത്ത് പാട്ട് പാടിയാൽ അടുത്ത പത്ത് പാട്ട് പുതുമുഖങ്ങളെക്കൊണ്ട് പാടിക്കാനുള്ള ഏർപ്പാട് യേശുദാസ് തന്നെ ചെയ്യണം, അല്ലെങ്കിൽ അവർ വരുമ്പോൾ വഴിമാറിക്കൊടുക്കണം... അവിടെയാണ് നാരദർ പറഞ്ഞ കാര്യങ്ങളുടെ പ്രസക്തിയെന്ന് തോന്നുന്നു. ഏതൊരാളേയും പോലെ സ്വന്തം ഉപജീവനമാർഗ്ഗം അടയാതിരിക്കാൻ നോക്കുന്ന മറ്റൊരു മനുഷ്യജീവി യേശുദാസും. അതിനപ്പുറം ഏതുലെവൽ വരെ നമ്മൾ ഇതിനെയൊക്കെ കാണണം?

യേശുദാസിനേക്കാളും നല്ല ഒരു പാട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ വക്കാരിയോട് പറഞ്ഞതുപോലെ (തികച്ചും ബഹുമാനത്തോടെ, കേട്ടോ) യേശുദാസിനോടും പറഞ്ഞേനേ എന്നെനിക്ക് തോന്നുന്നു. പിന്നെ ഇതിന്റെയൊക്കെ ആഗോളതലങ്ങളിലേക്കിറങ്ങിച്ചെന്നാൽ സത്യം നമ്മൾ വിചാരിക്കുന്ന പ്രീക്കണ്ടീഷനാണോ, മറ്റുവല്ലതുമാണോ, എല്ലാം കൂടിയാണോ എന്നൊക്കെ ആർക്കറിയാം? ഏതോലിക്കനാണെങ്കിലും എന്റെ സിനിമയിൽ പുതുമുഖം പാടേണ്ട എന്നൊക്കെ കേട്ട് വന്ന ആളാണല്ലോ യേശുദാസും....

അങ്ങിനെ നോക്കുമ്പോൾ പുതുമുഖങ്ങളുടെ വഴിയടഞ്ഞതിന് യേശുദാസിനെമാത്രം കുറ്റം പറഞ്ഞാൽ മതിയോ... അദ്ദേഹത്തിന്റെ ഇണ്ടാ‍സ് കേട്ട് പറഞ്ഞതുപോലെ അനുസരിച്ച ബാക്കിയുള്ളവരും കുറ്റക്കാരല്ലേ-ഇനി അത് മാത്രമാണ് പുതുമുഖങ്ങളുടെ വഴി അടയാൻ കാരണമെങ്കിൽ?

സത്യമേവ ജയതേ എന്നാണല്ലോ..

മന��ജിത�‌ | Manjith said...

test test

jyothish said...

------------
യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട്‌ നന്ദി കാട്ടിയില്ല. എന്നതാണ്‌. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട്‌ അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?
-------------
വേണ്ട. വയലാറിന്റെ പാട്ടിലൂടെ മാത്രമല്ല യേശുദാസ് എന്ന ഗായകന്‍ വളര്‍ന്നത്. സഹായിക്കാത്തതല്ല, കള്ളുകുടിച്ച് ചത്തവര്‍ക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ പണമില്ല എന്ന് കമന്റ് ആണ് വിവാദം ആയത്. ഒരു വിശുദ്ധപരിവേഷത്തിന് ശ്രമിക്കുന്നതുകൊണ്ടായിരുക്കും യേശുദാസിന്റെ പ്രവര്‍ത്തികള്‍ കുറച്ചേറെ വിമര്‍ശിക്കപ്പെടുന്നത്.

Sunday, January 15, 2006

കാണുക, കറുപ്പ്‌

വളരെ നാളുകള്‍ക്കു ശേഷം ഇന്നലെ ഒരു ഹിന്ദി സിനിമ കണ്ടു. ഇവിടെ മലയാളം പുതിയതൊന്നും കിട്ടാത്തതിനാല്‍ ഹിന്ദി ഒന്നു പരീക്ഷിക്കാമെന്നു കരുതി. സഞ്ജയ്‌ ലീലാ ബന്‍സാലി എന്ന പേരു കവറിനു പുറത്തു കണ്ടാണ്‌ ഡിവിഡി എടുത്തത്‌. പ്രതീക്ഷ തെറ്റിയില്ല. കണ്ടിരിക്കേണ്ട ചിത്രം. പല തരത്തിലും പെര്‍ഫെക്റ്റ്‌.

താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം വായിച്ചു കഴിഞ്ഞപ്പോള്‍ മരണം എന്ന മനുഷ്യാവസ്ഥയോട്‌ എനിക്ക്‌ വളരെ ആരാധന തോന്നി. ജീവന്‍ മശായി എന്ന കഥാപാത്രത്തെ വായിച്ചാല്‍ ആരാണ്‌ മരണത്തെ സ്നേഹിച്ചു പോകാത്തത്‌. ഇതുപോലെ ബ്ലാക്ക്‌ കണ്ട ശേഷം അന്ധത, മൂകത എന്നിങ്ങനെ മനുഷ്യന്‍ ഇഷ്ടപ്പെടാത്ത ദുരിതങ്ങളോടും ഒരാരാധന മനസില്‍. പിന്നെ കറുപ്പ്‌ എന്ന നിറത്തോടും.

ഹിന്ദി സിനിമ എന്നപൊതുവായ വിലയിരുത്തലിന്റെ പേരില്‍ ബ്ലാക്കിനെ ആരെങ്കിലും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയട്ടെ അതൊരു വലിയ നഷ്ടമാകും. തീര്‍ച്ചയായും കാണുക .

ഞാനെന്തൊരു മണ്ടനാ. നിങ്ങളെല്ലാം എപ്പൊഴേ കണ്ടുകാണും ഈ പടം. എന്നാലും കാണാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടിയുള്ളതാണ്‌ ഈ കുറിപ്പ്‌. നല്ലൊരു സിനിമ കണ്ടിട്ടും പറയാത്തവരോടുള്ള പ്രതിഷേധവും.