Friday, June 23, 2006

ഇവാനോവിന്റെ പുത്രന്‍ ഇവാനോവ്

മഹാനായൊരു കളിക്കാരന്റെ പുത്രന്‍ റഫറിയായി ജനിച്ചാല്‍ എങ്ങനെയിരിക്കും? ഒരേകദേശ രൂപം ലോകകപ്പില്‍ കഴിഞ്ഞദിവസം നടന്ന കുപ്രസിദ്ധമായ ഹോളണ്ട് - പോര്‍ച്ചുഗല്‍ മത്സരത്തില്‍നിന്നു ലഭിക്കും.


അച്ചടക്ക രാഹിത്യത്തിനു പേരുകേട്ട രണ്ടു ടീമുകള്‍ തമ്മിലുള്ള കളി നിയന്ത്രിക്കാന്‍ വിധിക്കപ്പെട്ടത് വലന്റൈന്‍ ഇവാനോവ് എന്ന റഷ്യക്കാരനായിരുന്നല്ലോ. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മഞ്ഞയും ചുവപ്പും വീശി കളിനിയന്ത്രിച്ച ഇവാനോവിനെ ഒടുവില്‍ ലോകം മുഴുവനും, എന്തിനേറെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പോലും, കയ്യൊഴിഞ്ഞു.

ഒരാള്‍ മാത്രമേ ഇവാനോവിനെ പിന്തുണയ്ക്കാനെത്തിയുള്ളൂ. അദ്ദേഹത്തിന്റെ പിതാവ് വലന്റൈന്‍ കോസ്മിച്ച് ഇവാനോവ്. ലോകകപ്പിന്റെ ചരിത്രത്താളുകളില്‍ ഈ പിതാവിന്റെ പേരു പണ്ടേ പതിഞ്ഞിട്ടുണ്ട്. അറുബോറന്‍ കപ്പുകളിലൊന്നായി വിലയിരുത്തപ്പെടുന്ന 1962ലെ ചിലി ലോകകപ്പില്‍ ബ്രസീലിന്റെ വാവയ്കും ഗരിഞ്ചയ്ക്കുമൊപ്പം ടോപ് സ്കോറര്‍ പദവി അലങ്കരിച്ച കളിക്കാരനായിരുന്നു അച്ഛന്‍ ഇവാനോവ്. സോവിയറ്റ് യൂണിയന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍.

മകനെ ന്യായീകരിക്കാനെങ്കിലും മഹാ‍നായ ഈ താരം ചൂണ്ടിക്കാട്ടിയ കാര്യം ശ്രദ്ധേയമാണ്. ഫെയര്‍ പ്ലേ എന്നു പറഞ്ഞ് റഫറിമാര്‍ക്ക് ക്ലാസെടുത്ത ഫിഫയ്ക്കുതന്നെ അതു കളിക്കളത്തില്‍ എങ്ങനെ നടപ്പാക്കണമെന്നതിനെപ്പറ്റി വല്യ നിശ്ചയമില്ല എന്നത്രേ അച്ഛന്‍ ഇവാനോവ് പറഞ്ഞത്. "കര്‍ക്കശക്കാരാവുക" എന്ന നിര്‍ദ്ദേശവുമായി റഫറിമാരെ കളിക്കളത്തിലേക്കു പറഞ്ഞുവിട്ട ഫിഫ, പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കു ശേഷവും കാര്‍ഡുകള്‍ പുറത്തെടുക്കുന്നതിനെപ്പറ്റി ഒരു നിര്‍ദ്ദേശവും നല്‍കിയില്ല. കുറഞ്ഞ പക്ഷം വൃത്തികെട്ട കളിക്കു പേരുകേട്ട ഹോളണ്ടും തെമ്മാടിത്തരങ്ങളില്‍ ഒട്ടും പുറകിലല്ലാത്ത പോര്‍ച്ചുഗലും കളിക്കളത്തില്‍ ഏറ്റുമുട്ടുമ്പോഴെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിവിടണമായിരുന്നു.

ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വേദിയിലേക്ക് റഫറിമാരെ തിരഞ്ഞെടുത്തപ്പോഴും ഫിഫ പ്രത്യേക ശ്രദ്ധയൊന്നും കാട്ടിയില്ല എന്നതാണ് പല റഫറിമാരുടെയും ട്രാ‍ക്ക് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. പോയദിവസത്തെ വില്ലനായ ഇവാനോവിന്റെ കാ‍ര്യം തന്നെയെടുക്കാം. 2004ലെ യൂറോ കപ്പിലും കാര്‍ഡുകള്‍ തുരുതുരാവീശി കുപ്രസിദ്ധി നേടിയിരുന്നു ഈ റഫറി. ഇക്കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്സനല്‍-വിയ്യാറിയല്‍ മത്സരത്തില്‍ വിയ്യാറിയലിനനുകൂലമായി സംശയകരമായൊരു പെനാല്‍റ്റി വിധിച്ചും ഇവാനോവ് വിവാദപാത്രമായിരുന്നു.

ഈ ലോകകപ്പില്‍ കാര്‍ഡുകളുടെ പെരുമഴ കണ്ട ഇറ്റലി-യു.എസ്.എ. മത്സരം നിയന്ത്രിച്ച ഉറുഗ്വേക്കാരന്‍ ജോര്‍ഗേ ലരിയോന്‍‌ഡയാകട്ടെ മോശം റഫറിയിങ്ങിന്റെ പേരില്‍ ഉറുഗ്വേന്‍ ഫുട്ബോള്‍ അസോസിയേഷന്റെ ശിക്ഷ ഏറ്റുവാങ്ങിയയാളുമായിരുന്നു.

ലോകമേളയ്ക്കു കളി നിയന്ത്രിക്കാനെത്തുന്നവരെ തിരഞ്ഞെടുത്തപ്പോള്‍ അത്ര 'ഫെയര്‍' ആയിരുന്നില്ലെന്നു സാരം.

എന്തുമാകട്ടെ ഹോളണ്ട്-പോര്‍ച്ചുഗല്‍ മത്സരം നിയന്ത്രിച്ചതുവഴി കുപ്രസിദ്ധിനേടിയ ഇവാനോവിനെ പൂര്‍ണ്ണമായും കുറ്റപ്പെടുത്തുന്നതു ശരിയല്ല. തെറിവിളികള്‍ക്കൊണ്ടും വംശിയ അധിക്ഷേപങ്ങള്‍ക്കൊണ്ടും കനത്ത ടാക്ലിംഗ് കൊണ്ടും എതിരാളികളെ കീഴടക്കാന്‍ ശ്രമിക്കുന്ന ഹോളണ്ടും സംയമനം ഒട്ടുമേയില്ലാത്ത കളിക്കാര്‍ നിറഞ്ഞ പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ റഫറി നിസായഹായനാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ പലതും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ സൃഷ്ടിയായിരുന്നിക്കാം.

അതെന്തുമാകട്ടെ, ഫുട്ബോള്‍കളത്തില്‍ വിധികാട്ടുന്ന കോമാളിത്തരങ്ങള്‍ മാത്രം ഈ കളിക്കുശേഷം എന്നെ അല്‍ഭുതപ്പെടുത്തുന്നു. നാലു ഗോളടിച്ച് ടോപ്സ്കോറര്‍ ബഹുമതി നേടിയ ഒരു കളിക്കാരന്റെ പുത്രന്‍, നാലു ചുവപ്പുകാര്‍ഡുകളുയര്‍ത്തി കുപ്രസിദ്ധനാകുന്ന കാഴ്ച വിധിയുടെ ക്രൂരതയല്ലാതെ മറ്റെന്താണ്?

പെനാല്‍റ്റി കിക്ക് തടുക്കാന്‍ നിയോഗിക്കപ്പെടുന്ന ഗോളിയെപ്പോലെ, കളിക്കളത്തില്‍ ദുരന്തപാത്രമാകാന്‍ എന്നും വിധിക്കപ്പെട്ട മറ്റൊരു കൂട്ടരാണല്ലോ പാവം റഫറിമാര്‍.

2 comments:

അജിത�‌ | Ajith said...

ആ മല്‍സരം കണ്ട ആര്‍ക്കും ഇവനോവിനെ ന്യായീകരിക്കാന്‍ കഴിയും. ഈ ലോക കപ്പിലെ ഏറ്റവും മോശമായ കളി... തെമ്മാടിത്തത്തിനു പേരു കേട്ട ഹോളണ്ടിനേക്കാളും മോശം പെരുമാറ്റം പോര്‍ചുഗലില്‍ നിന്നും ആയിരുന്നു.

ദില��ബാസ�രന�� said...

ഡെക്കോയ്ക്ക് നല്‍കിയ ചുവപ്പ് കാര്‍ഡിനെതിരെ പോര്‍ച്ചുഗല്‍ അപ്പീല്‍ ചെയ്യുമത്രേ. തെമ്മാടിത്തം കാണിക്കുമ്പോള്‍ അടുത്ത റൌണ്ടില്‍ കളിക്കാന്‍ ആള് വേണം എന്ന ചിന്തയൊന്നുമില്ലല്ലോ.

Thursday, June 22, 2006

ദേശീ ഇന്ത്യന്‍ ഫുട്ബോള്‍

ചത്തകുതിരകളെക്കൊണ്ടെന്തു കാര്യം?


ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേള്‍ക്കാനാഗ്രഹിക്കുന്നവരുടെ മനസില്‍ ആദ്യമേ വരുന്ന ചോദ്യമിതായിരിക്കും. ഇന്ത്യയിലെ പല ജില്ലകളുടെപോലും വലുപ്പമില്ലാത്ത ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്ന രാജ്യം പോലും ലോകകപ്പിനു യോഗ്യത നേടി, മനോഹരമായി കളിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ ക്രിക്കറ്റ് പ്രധാന കായിക വിനോദമായ രാജ്യമാണതുമെന്നതും മറന്നുകൂടാ.

ലോകകപ്പു വേണ്ട ഫിഫയുടെ റാങ്കിംഗിലെങ്കിലും ഒരു നൂറിനുള്ളിലെത്താന്‍ ഇന്ത്യക്കാവുമോ? നമ്മുടെ മണ്ണില്‍ കളിച്ചുവളരുന്ന ഏറ്റവും മികച്ച താരങ്ങള്‍ നിറഞ്ഞ ടീമാണെങ്കില്‍‌പോലും ഈ സ്വപ്നം അസാധ്യമാകുമെന്നു കരുതുകയേ നിവര്‍ത്തിയുള്ളൂ.

ഇതര ടീമുകളോടു പിടിച്ചു നില്‍ക്കാനുള്ള കായിക ക്ഷമതയോ, കുറഞ്ഞ കായിക ക്ഷമതയ്ക്ക് അനുയോജ്യമായ കേളീശൈലിയോ നമ്മുടെ ടീമിനില്ല. രാജ്യാന്തര നിലവാരമുള്ള കളിക്കാര്‍ നന്നേ കുറവ്. ടീമില്‍ ഒരാള്‍ പന്തുകൊണ്ടു മുന്നേറുമ്പോള്‍ കളിക്കളത്തില്‍ നിശ്ചലരായി നില്‍ക്കുന്ന സഹകളിക്കാരെ വേറേ ഏതു ടീമില്‍ കാണാനൊക്കും?

ഏതായാലും ഇന്ത്യയിലെ ഫുട്ബോള്‍ ഭരണാധിപന്മാര്‍ മറ്റൊരുവഴി ചിന്തിക്കുകയാണ്. അതായത് ഒരു ദേശീ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്ത് ഇന്ത്യയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുക. ഇന്ത്യയില്‍ കളിക്കുന്ന ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം വിദേശ ഫുട്ബോള്‍ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരായ മികച്ച താരങ്ങളെയും അണിനിരത്തുക.

പല രാജ്യങ്ങളും ഈ വഴി തേടുന്നുണ്ട്. സ്വന്തം വംശം എന്നുപോലും നോക്കാതെ മികച്ച കളിക്കാരെ ടീമിലെത്തിക്കുന്ന രാജ്യങ്ങള്‍ ഏറെയാണിപ്പോള്‍. ജപ്പാനുവേണ്ടി കളിക്കുന്ന ബ്രസീലുകാരന്‍ അലക്സ്, പോര്‍ച്ചുഗലിന്റെ ബ്രസീലുകാരന്‍ മിഡ്‌ഫീല്‍ഡര്‍ ഡെക്കോ എന്നിവര്‍ ഉദാഹരണം. അമേരിക്കന്‍ ടീമിലെ മിക്ക കളിക്കാരും രക്തത്തില്‍ ഫുട്ബോളിന്റെ അംശമുള്ള മെക്സിക്കോയില്‍ നിന്നു കുടിയേറിയവരാണ്. മെക്സിക്കന്‍ ടീമിലാകട്ടെ അര്‍ജന്റീനക്കാരും ബ്രസീലുകാരും സ്ഥാനം നേടിയിരിക്കുന്നു.

ഫിഫയുടെ നിയമമനുസരിച്ച് 23 വയസില്‍ താഴെയുള്ളവരുടെ ടീമുകളില്‍ മാത്രം കളിച്ച ആര്‍ക്കും ഏതു രാജ്യത്തേക്കും കൂടുമാറാം. പക്ഷേ ആ രാജ്യത്തെ പൌരത്വം നേടിയിരിക്കണം. ഇരട്ട പൌരത്വ സാധ്യതകളുള്ള മിക്ക രാജ്യങ്ങളും ഈ നിയമത്തിന്റെ ആനുകൂല്യം മുതലാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ അടുത്തിടെ പാസാക്കിയ പി ഐ ഓ(പഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഓറിജിന്‍) ഭേദഗതിയിലൂടെ കുറേ ദേശീ ഇന്ത്യന്‍ കളിക്കാരെ കരയ്ക്കടിപ്പിക്കാമെന്നതാണ് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

ഇത്രയ്കു കണക്കുകൂട്ടാന്‍ ദേശീയ ഇന്ത്യക്കാര്‍ എവിടെയെങ്കിലും ശ്രദ്ധനേടും വിധം കളിക്കുന്നുണ്ടോ? ഉണ്ടെന്നാണ് ഉത്തരം. ഫ്രാന്‍സ് നിരയില്‍ ഇപ്പോള്‍ കളിക്കുന്ന വികാഷ് ദിസോരൂ ഇവരുടെ പ്രതിനിധിയാണ്. വികാഷിനു പക്ഷേ പ്രായം 32 ആയി; ഫ്രാന്‍സ് ടീമില്‍ കളിക്കുകയും ചെയ്തു.

ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയില്‍ ഒന്നാം ഡിവിഷന്‍ സോക്കര്‍ ലീഗില്‍ കളിക്കുന്ന എബി കൊടിയാട്ട് എന്ന മലയാളിയെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചിരുന്നെങ്കിലും അന്നത്തെ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് എബിയെ അത്ര പിടിച്ചില്ല.

അയാക്സ് ആംസ്റ്റര്‍ഡാം എന്ന ഡച്ചു ക്ലബിലൂടെ കളിച്ചുവളര്‍ന്ന കിരണ്‍ ബച്ചന്‍, ഡച്ച് രാണ്ടാം ഡിവിഷനില്‍ കളിക്കുന്ന പ്രിന്‍സ് രാജ്കുമാര്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇന്ത്യ സ്വപ്നങ്ങള്‍ നെയ്യുന്നത്. വേറെയുമുണ്ട് ദേശീ താരങ്ങള്‍. ഇംഗ്ലീഷ് ലീ‍ഗിലെ ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി കളിക്കുന്ന മൈക്കല്‍ ചോപ്ര, ദക്ഷിണാഫ്രിക്കന്‍ പ്രിമീയര്‍ ലീ‍ഗില്‍ കളിക്കുന്ന ഡിലന്‍ പിള്ള, ഡച്ച് ക്ലബായ ഫെയനൂര്‍ദിന്റെ റിസര്‍വ് താരം രെഷം സര്‍ദാര്‍, ബ്രസീല്‍ മൂന്നാം ഡിവിഷനില്‍ കളിച്ചുപരിചയമുള്ള രണ്‍‌വീര്‍ സിംഗ് എന്നിങ്ങനെ വേറെയും ദേശീ ഇന്ത്യക്കാര്‍ വിവിധ വിദേശ ലീഗുകളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

ഇന്ത്യാക്കാരുടെ ആഗ്രഹം കൊള്ളാം. പക്ഷേ ഇവരില്‍ പലരും ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ തയാറാകുമോ എന്നതാണു പ്രശ്നം. ഫുട്ബോളില്‍ ഒന്നുമല്ലാത്ത ഇന്ത്യക്കുവേണ്ടി കളിക്കുന്നതിനേക്കാള്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന വമ്പന്‍ രാജ്യങ്ങളുടെ ടീമിന്റെ സൈഡ് ബഞ്ചിലിരിക്കാനാവും ഇവരില്‍ പലരും ഇഷ്ടപ്പെടുക. മൈക്കല്‍ ചോപ്രയേയും കിരണ്‍ ബച്ചനെയുമെങ്കിലും കിട്ടിയാല്‍ മതിയാരുന്നു.

ഏതായാലും ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സ്വപ്നങ്ങള്‍ നെയ്യുകയല്ലേ. ഒപ്പം നമുക്കും നെയ്യാം കുറേ സ്വപ്നങ്ങള്‍. ലോകകപ്പില്‍ ഇന്ത്യ എന്നെങ്കിലും കളിക്കുമെന്ന സ്വപ്നം.

ഇനി വല്യ കുഴപ്പമില്ലാത്ത ഈ ആശയം ഇന്ത്യന്‍ ഫുട്ബോള്‍ ഭരണാധികാരികളുടെ തലയിലുദിച്ചതാണോയെന്നു സംശയിക്കേണ്ട. കളിയേയും ടീമിനെയും മെച്ചപ്പെടുത്തുക എന്നതിനേക്കാള്‍ അവരുടെ ലക്ഷ്യങ്ങള്‍ മറ്റു പലതുമാണല്ലോ.

ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം എന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തകരാണ് ഫുട്ബോള്‍ ഫെഡറേഷന് ഈ ആശയം നല്‍കിയത്. ദേശീ കളിക്കാരെ തെരഞ്ഞുപിടിച്ചതും അവര്‍തന്നെ.

സ്വന്തം മണ്ണിലെ ഫുട്ബോള്‍ താല്പര്യംപൂര്‍വം നിരീക്ഷിക്കുന്ന ഈ പോര്‍ട്ടല്‍ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. പത്രങ്ങള്‍ നമ്മുടെ ദേശീയ ലീഗുപോലും കവര്‍ ചെയ്യാന്‍ മടിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ഈ പോര്‍ട്ടലില്‍ സമാഹരിക്കുന്നുണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

12 comments:

അരവിന�ദ� :: aravind said...

നല്ല ലേഖനം.
പക്ഷേ ഈ ഒരു നിര്‍ദ്ദേശം എനിക്കൊട്ടും പ്രാക്റ്റിക്കലായി തോന്നുന്നില്ല. ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക സ്ഥിതി തന്നെ കാരണം.

ഫുട്‌ബോള്‍ രക്തത്തില്‍(സംസ്കാരത്തില്‍) വേണമെന്നാണ് എനിക്ക് തോന്നുന്നത്.
അത് ഏഷ്യന്‍ രാജ്യങ്ങള്‍‌ക്ക് ഇല്ല.
ജപ്പാനോ, കൊറിയയോ, ഇറാനോ, സൌദിയോ കളിക്കുന്ന ഫുട്‌ബോളാണോ യൂറോപ്യന്‍സ് കളിക്കുന്നത്? ലാറ്റിനമേരിക്കക്കാര്‍ കളിക്കുന്നത്? ഈ ഏഷ്യന്‍ രാജ്യങ്ങള്‍‌ക്കൊക്കെ എന്തിന്റെ കുറവാണ്?

ഇപ്പോ ഒരു ഹോളണ്ട് കാരനോ, അമേരിക്കക്കാരനോ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയാല്‍, നല്ലൊരു കളിക്കാരന്‍(നമ്മട്യൊക്കെ ടീമിലെടുക്കാന്‍ പറ്റുന്ന)ആവാന്‍ ഈ ജന്മം പറ്റുമോ?

പിന്നെ ഇന്ത്യയില്‍ ഫുട്ബോള്‍ കളിക്കുന്ന പ്രൊഫഷണത്സിനു പോലും വേണ്ട നൂട്രീഷ്യസ് ഡയറ്റ് കിട്ടുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയില്‍ എല്ലാം വരുമാനത്തിനു വേണ്ടിയുള്ള പോരാട്ടമല്ലേ...പാഷന്‍ എന്നൊന്ന് ഇല്ലല്ലോ..ഉണ്ടെങ്കിലും പ്രായമാകുമ്പോള്‍ മാറും.

പക്ഷേ, കൊല്ലങ്ങള്‍ കഴിഞ്ഞാല്‍ തിര്‍ച്ചയായും ഏഷ്യന്‍ രാജ്യങ്ങള്‍ മെച്ചപ്പെടും-ഉയര്‍ന്നു വരും. ഏഷ്യന്‍ സ്റ്റൈല്‍ ഫുട്‌ബൊള്‍ തന്നെയുണ്ടായിക്കൂടെന്നില്ല.

പിന്നെ പെരിങ്ങൊടര്‍ പറഞ്ഞപോലെ..ദ്രവീഡിയന്മാര്‍ക്ക് പൊതുവേ കായികക്ഷമത കുറവാണ്. ആര്യന്‍‌മാര്‍ ഡൈലൂട്ടടും ആയിപ്പോയി. കാരണവന്മാരെ പഴിക്കാം.

Adithyan said...

നല്ല ലേഖനം... ഇതില്‍ പറഞ്ഞിരിയ്ക്കുന്ന പലകാര്യങ്ങളും പുതിയ അറിവാണ്...

അരവിന്ദ് പറഞ്ഞപോലെ ഫുട്ബോള്‍ കളിക്കാരനായി പിറന്നു വീഴപ്പെടുന്നതും കളി കോച്ചിന്റെ അടുത്തു നിന്നും പഠിച്ചെടുക്കുന്നതും തമ്മില്‍ വ്യത്യാസമില്ലെ?

ജപ്പാനെതിരെ ഗില്‍ബെര്‍ട്ടൊ നേടിയ ആ ഗോള്‍ മാത്രം പോരെ ബ്രസീലുകാരുടെ സ്വാഭാവിക കളി എന്താണെന്നു കണ്ടറിയാന്‍... ഗോള്‍ അടിയ്ക്കുക എന്നതു അവര്‍ക്ക് ‘പൂ പറിയ്ക്കുന്നതു’ പോലെ നിഷ്‌പ്രയാസം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം...മറ്റു പല ടീമുകളും ഫിനിഷ് ചെയ്യാന്‍ പാടുപെടുന്നതു കാണുമ്പോഴാണു ഈ വ്യത്യാസം കൂടുതല്‍ മനസിലാവുന്നത്...

Inji Pennu said...

അപ്പൊ എന്തേ അമേരിക്കയില്‍ ‘രക്തവും‘
‘പൈസായും‘ ‘ന്യൂട്രീഷനും‘ ഒക്കെ ഉണ്ടായിട്ടു നല്ലതായി കളിക്കുന്നില്ല?

ഈ ലേഖനത്തില്‍ പറയുന്ന പോലെ ഒരു നൂറില്‍ എങ്കിലും എത്തണമെങ്കില്‍ നല്ല ഒരു സംഘടിത ശ്രമം പോരെ? അല്ലാതെ ഇതില്‍ എന്തൊന്ന് ദ്രാവിഡ ആര്യന്‍ ഘടകം? അതൊക്കെ വെറുതെ ഒരു racial mode ചിന്താഗതി എന്ന് എനിക്കു തോന്നുന്നു. കറമ്പനു വിവരം ഒരിക്കലും ഉണ്ടാവില്ല എന്നു പറയുന്ന പോലെ...

മന��ജിത�‌ | Manjith said...

അമേരിക്കക്കാര്‍ അത്ര പിന്‍‌ബഞ്ചുകാരൊന്നുമല്ല എല്‍ ജീസേ. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെ ഏറ്റവും പുരോഗതി കൈവരിച്ച ടീമുകളിലൊന്നാണവരുടേത്. ഫിഫ റാങ്കിങ്ങില്‍ ഇപ്പോള്‍ അഞ്ചാമതും. നമ്മുടെ ഇന്ത്യയിലുള്ളതിന്റെ പത്തിലൊന്നു ഫുട്ബോള്‍ പ്രേമികളിവിടെയില്ല. എന്നാലും അവര്‍ കളിക്കുന്നുണ്ട്.

പിന്നെ ഈ ആര്യ ദ്രാവിഡ വാദത്തോട് എനിക്കും അത്ര യോജിപ്പില്ല. ഫുട്ബോളിനൊപ്പം കായിക ക്ഷമത ആവശ്യപ്പെടുന്ന ഹോക്കിയില്‍ ഒരു കാലത്ത് ഇന്ത്യ മുടിചൂടാ മന്നന്മാരായിരുന്നു എന്നതു മറക്കേണ്ട. ശാരീരിക ഘടനകളില്‍ ന്യൂനതകളുള്ള പല രാജ്യങ്ങളും അതു മറികടക്കാന്‍ അവരുടേതായ കേളീ ശൈലി രൂപപ്പെടുത്തിയിട്ടുണ്ട്. ചിലി, പരാഗ്വേയ് ഉദാഹരണങ്ങള്‍. നമ്മുടെ നാട്ടില്‍ കളിക്കുന്ന ബുടിയ എങ്കിലും രാജ്യാന്തര നിലവാരമുള്ള കളിക്കാരനാണ്. നമ്മുടെ പഴയ കാല താരമായിരുന്ന പാപ്പച്ചന്റെ കളികണ്ട ഉവേ സീലര്‍ എന്ന പഴയ ജര്‍മ്മന്‍ താരം പറഞ്ഞത്, ഇയാളെ ചെറുപ്പത്തില്‍ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു മുള്ളര്‍ ആക്കാമായിരുന്നു എന്നാണ്. വേഗത്തിലും പന്തടക്കത്തിലും പാപ്പച്ചനു രാജ്യാന്തര നിലവാരമുണ്ടായിരുന്നു എന്നതാണെന്റെ പക്ഷം. അങ്ങനെ കുറേ കളിക്കാരുണ്ടായിരുന്നു. പക്ഷേ, പ്രധാന പ്രശ്നം ഇച്ഛാശക്തിയാണ്. പല രാജ്യങ്ങളിലെയും പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ ഇടപെട്ടാണു ടീമിനു കോച്ചിനെ കണ്ടെത്തുന്നതും അതിനു പണമിറക്കുന്നതുമൊക്കെ. നമ്മുടെ നാട്ടില്‍ ഇതൊന്നുമേയില്ലല്ലോ. 1950l ചുളുവില്‍ കിട്ടിയ ചാന്‍സ് ബൂട്ടിട്ടു കളിക്കില്ല എന്നു പറഞ്ഞു നിരസിച്ചില്ലായിരുന്നെങ്കില്‍ നമ്മുടെ ഫുട്ബോള്‍ ചരിത്രം ഒരുപക്ഷേ മറ്റൊന്നായേനേ....

പെരിങ�ങോടന�� said...

നാട്ടിലെ ഫുട്‌ബാള്‍ റ്റൂര്‍ണമെന്റുകള്‍ കണ്ടാല്‍ ഇച്ഛാശക്തിയുടെ അഭാവമുണ്ടെന്നു് ആരും പറയുകയില്ല. കളിച്ചുവളരേണ്ടവരെങ്കില്‍ അവര്‍ നാട്ടിലെ പാടത്തും പറമ്പിലും തന്നെ കളിച്ചുവളര്‍ന്നേന്നെ. നമ്മുടെ കേളീശൈലിയും ബാളിന്മേലുള്ള കൈയടക്കവും സര്‍വ്വോപരി റ്റീം പ്രവര്‍ത്തനങ്ങളുമെല്ലാം ഫുട്‌ബാള്‍ കിരീടത്തില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു. രാജ്യം ഒരു വ്യവസ്ഥമാത്രമാണു്, സ്കില്‍ഡ് ആയ കളിക്കാരില്ലെങ്കില്‍ രാജ്യത്തിനൊന്നും ചെയ്യുവാന്‍ കഴിയില്ല. പാട്ടുപാടാന്‍ കഴിവില്ലാതെ ജനിച്ച ഒരു ജനതയെ കൂട്ടം ചേര്‍ത്തു നിര്‍ത്തി പാട്ടുപാടിപ്പിച്ചു പഠിപ്പിച്ചാല്‍ അവരൊക്കെ ഗായകരാകുമോ? ഫുട്‌ബാള്‍ കുറെയേറെ ജന്മസിദ്ധമായ കഴിവുകളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടു വളരുമ്പോള്‍ ക്രിക്കറ്റും ഹോക്കിയും സ്ഥിരോത്സാഹത്തിന്റെയും അദ്ധ്വാനശേഷിയുടെ മികവില്‍ വളര്‍ന്നുപോകുന്ന കളിയാണു്. പണ്ടു ക്രിക്കറ്റ് എന്നൊരു പോസ്റ്റിലും ഞാനിതു തന്നെ പറഞ്ഞിരുന്നു, എന്റെ തിയറി ഒന്നുകൂടെ വിശദീകരിച്ചെന്നുമാത്രം.

മന്‍‌ജിത്തേ നൂറുകോടി+ ജനങ്ങളില്‍ ഒരു പാപ്പച്ചനും ബൂട്ടിയയുമാണു് “കഴിവുകള്‍” കൊണ്ടുമാത്രം രാജ്യാന്തരനിലവാരത്തിലേയ്ക്കുയര്‍ന്നതു് എന്നുള്ളതു തന്നെ എന്റെ തിയറി ശരിയാണെന്നു വിശ്വസിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

എല്‍.ജി ജില്ലാ ഫുട്ബാള്‍ റ്റീം സെലക്ഷന്‍ കണ്ടിട്ടുണ്ടോ? അതിനുവേണ്ടി നടക്കുന്ന മത്സരങ്ങളും തയ്യാറെടുപ്പുകളും ശ്രദ്ധിച്ചിട്ടുണ്ടോ? കാര്യമായ ഉത്സാഹത്തോടും ശ്രദ്ധയോടും കൂടിയാണു് ഇതെല്ലാം നടത്തപ്പെടുന്നതു്. മികച്ച കളിക്കാരില്‍ ചിലര്‍ നെപ്പോട്ടിസത്തിന്റെ ഇരകളായി പുറംതള്ളപ്പെട്ടും, ജാതിവര്‍ഗ്ഗീയ ചിന്തകളില്‍ മറ്റുചിലര്‍, എന്നിരുന്നാലും ജില്ലാടിസ്ഥാനത്തില്‍ കുറെയൊക്കെ നല്ല കളിക്കാര്‍ എല്ലാക്കൊല്ലവും റ്റീമില്‍ ഇടം പിടിക്കുന്നു, പിന്നെ സ്റ്റേറ്റ് ടീം സെലക്ഷന്‍... ഒക്കെ നല്ല സംഘാടകത്വത്തില്‍ തന്നെയാണു നടക്കുന്നതു്. പിന്നെ ഒരു മറുവാദം പറയുവാനുള്ളതു്, ആദിവാസികളിലേയും, അതുപോലെ പിന്നോക്കവിഭാഗക്കാരുടെയും സമൂഹത്തില്‍ നിന്നും വന്നേയ്ക്കാവുന്ന കളിക്കാരെക്കുറിച്ചാണു് - സത്യത്തില്‍ അവര്‍ അവസരം നിഷേധിക്കപ്പെട്ടവരാണു്, എന്നിരുന്നാലും ലോകനിലവാരത്തില്‍ തന്നെ “അനതിസാധാരണമാംവിധം” കഴിവുള്ള കളിക്കാരൊന്നും അവരുടെ ഇടയില്‍ നിന്നും വരുമെന്നു് പ്രതീക്ഷിക്കേണ്ടാ. “കറുമ്പനു ബുദ്ധിയില്ലെങ്കില്‍ കുറെയൊക്കെ പഠിപ്പിച്ചു നേരെയാക്കാം, പക്ഷെ പാട്ടുപാടുവാന്‍ അറിയാത്ത കറുമ്പനെ പാട്ടുകാരനാക്കാം എന്നു മോഹിക്കുന്നതും, ഇടംകാല്‍ സ്വാധീനമില്ലാത്ത കറുമ്പനു കോച്ചിങ് കൊടുത്തു ലെഫ്റ്റ്‌വിങ് ഫോര്‍വേഡ് ആക്കുവാന്‍ മോഹിക്കുന്നതും അസംബന്ധമാവില്ലേ?”

ബ്രിട്ടീഷുകാര്‍ നോണ്‍-മാര്‍ഷല്‍ എന്ന വിഭാഗത്തില്‍ പെടുത്തി ബ്രിട്ടീഷ്-ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ഒഴിവാക്കിയ ദ്രാവിഡനും ബംഗാളിയുമാണു് 90 മിനുട്ട് ഫു‌ട്ബാള്‍ അധികവും കളിക്കുന്നതു് എന്നോര്‍ക്കണം (ഈ വിഭാഗത്തില്‍ പെടാത്ത ഇന്ത്യക്കാരാണു വടക്കുമുഴുവന്‍, അവരും ഫുട്‌ബാളില്‍ ഒന്നുമായില്ല) ഫുട്‌ബാള്‍ കളിക്കുവാനുള്ള കായികക്ഷമതയുടെ കുറവ് ഇന്ത്യാക്കാര്‍ക്കില്ല, കുറവ് "skillset" ന്റെയാണു്, അതു പ്രസിഡന്റു തന്നെ നേരിട്ടു് കളിക്കാരെ വളര്‍ത്തുവാന്‍ തുനിഞ്ഞാലും മാറുമെന്ന് തോന്നുന്നില്ല.

പെരിങ�ങോടന�� said...

ഓ! എല്‍.ജി ഉത്തരം ചോദ്യമായി ചോദിച്ചു ആളെ വട്ടാക്കുകയാണോ?

ചോദ്യം: അപ്പൊ എന്തേ അമേരിക്കയില്‍ ‘രക്തവും‘
‘പൈസായും‘ ‘ന്യൂട്രീഷനും‘ ഒക്കെ ഉണ്ടായിട്ടു നല്ലതായി കളിക്കുന്നില്ല?

ഇതല്ലെ അതിനുശേഷമുള്ള എല്‍.ജിയുടെ ചോദ്യത്തിനുള്ള ഉത്തരം? ഒളിമ്പിക്സിലെ സ്വര്‍ണ്ണം മുഴുവന്‍ വാരിക്കൊണ്ടുപോകുന്ന അമേരിക്കയിലാണോ സംഘടിതശ്രമങ്ങള്‍ക്കു കുറവ്? രക്തവും പൈസയും ന്യൂട്രിഷനും ഉണ്ടെന്നു എല്‍.ജി തന്നെ പറയുന്നു, എന്നിട്ടും?

മന��ജിത�‌ | Manjith said...

നമ്മുടെ നാട്ടുമ്പുറങ്ങളില്‍ സ്കില്‍‌സെറ്റ് ഇല്ല എന്നു പറഞ്ഞാല്‍ ഞാന്‍ യോജിക്കില്ല പെരിങ്ങോടാ. ഫുട്ബോളില്‍ ജന്മസിദ്ധമായ കഴിവ് എന്നു പറഞ്ഞാല്‍ എന്താണ്. ജീനിന്റെ ബലത്തില്‍ ഫുട്ബോള്‍ പഠിച്ച് ആരും പുറത്തുവരുന്നില്ല എന്നാണെനിക്കു തോന്നണത്. മറിച്ച്, ജനിച്ചു വീഴുന്ന ദേശത്തെ മൈതാനങ്ങളിലെ ആരവവും മറ്റും ഒരു കുട്ടിയെ പന്തുതട്ടാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവിടെ ഫുട്ബോള്‍ വളരാനുള്ള മണ്ണായി. ഈ സ്വതസിദ്ധമായ സ്കില്‍‌സെറ്റ് വളര്‍ത്തുവാനുള്ള സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്തില്ല എന്നതാണു പ്രശ്നം. ഫുട്ബോള്‍ ഭരണാധികാരികള്‍ വരുത്തുന്ന പിന്തിരിപ്പന്‍ പരിഷ്കാരങ്ങള്‍ വേറെയും. എല്ലാ രാജ്യത്തെയുമ്പോലെ പ്രഫഷണല്‍ ലീഗില്ലാത്തതാണു പ്രശ്നം എന്നു പറഞ്ഞ് നമ്മുടെ നാട്ടിലും ദേശീ‍യ ലീഗു തുടങ്ങി. പ്രഫഷണല്‍ ലീഗ് എന്ന പേരു മാത്രമേ നമ്മള്‍ അനുകരിച്ചുള്ളൂ. നമ്മുടെ എത്ര ക്ലബുകള്‍ക്ക് സീനിയര്‍ ടീമിനു പുറമേ, ജൂനിയ, സബ് ജൂനിയര്‍ തലത്തില്‍ ടീമുകളുണ്ട്. എന്റെ അറിവില്‍ എല്ലാ രാജ്യങ്ങളിലും ഇതൊക്കെയുണ്ട്. മെസിയോ, റോണാള്‍ഡൊയോ ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളയ്ക്കുന്നതല്ല. പന്തിനു പുറകേ പോയ അവരുടെ ബാല്യത്തെ ശരിയായി വാര്‍ത്തെടുക്കാനുള്ള സംവിധാനങ്ങള്‍ വര്‍ഷങ്ങളായി അവിടെയൊക്കെയുണ്ട്. ഇതില്ലാത്തതിനാലാണ് നമ്മുടെ നാട്ടില്‍ താരങ്ങള്‍ ഒറ്റപ്പെട്ടു പിറക്കുന്നത്. ഫുട്ബോളിനെ താലോലിക്കുന്ന എത്രയോ ഗ്രാമങ്ങള്‍ കേരളത്തില്‍ത്തന്നെയുണ്ട്. അവിടെയൊക്കെ പന്തു തട്ടി നടക്കുന്ന കൊച്ചുകുട്ടികളുമുണ്ട്. അവര്‍ക്കു കളിച്ചു വളരാന്‍ ഒരിടമില്ല എന്ന പ്രശ്നമേയുള്ളു. ചുരുക്കിപ്പറഞ്ഞാല്‍, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലും മറ്റനേകം രാജ്യങ്ങളിലും ഒരു കുട്ടി പന്തു തട്ടുന്നത് അവന്റെ നാലാമത്തെയോ അഞ്ചാമത്തെയോ വയസില്‍ കാണേണ്ടവര്‍ കണ്ടിരിക്കും. നമ്മളോ, ഒരു താരത്തെ തിരിച്ചറിയുമ്പോഴേക്കും അവന്റെ നല്ല പ്രായം കഴിഞ്ഞിരിക്കും.

ദില��ബാസ�രന�� said...

മഞ്ജിത് പറഞ്ഞത് പോലെ ജീനിന്റെ ബലത്തില്‍ ആരും ഫുട്ബോള്‍ പഠിക്കുന്നില്ല.മലബാറില്‍ നിന്ന് വരുന്ന എനിക്ക് ഫുട്ബോള്‍ വളരാനുള്ള മണ്ണ് എങ്ങിനെ ഒരു കുട്ടിയെ പന്ത് തട്ടാന്‍ പ്രേരിപ്പിക്കുമെന്ന് അനുഭവത്തില്‍ നിന്നും അറിയാം.പന്ത് തട്ടി തുടങ്ങുന്ന കുട്ടിയെ ദേശീയ തലത്തില്‍ പ്രോത്സാഹിപ്പിക്കുവാനും തന്റെ കളി അന്താരാഷ്ട്രനിലവാരവുമായി താരതമ്യം ചെയ്ത് മാര്‍ഗനിര്‍ദേശം നല്‍കുവാനുമാണ് സംവിധാനമില്ലാത്തത്. അന്താരാഷ്ട്ര നിലവാരമുള്ള പരിശീലകര്‍ ഇപ്പോള്‍ ദേശീയ ടീമിനോ വമ്പന്‍ ക്ലബ്ബുകള്‍ക്കോ മാത്രമാണുള്ളത്.ചെറിയ പ്രായത്തിലാണ് ഈ കോച്ചിങ്ങ് ലഭ്യമാക്കേണ്ടത്.

ഇന്ത്യയുടെ അണ്ടര്‍ 19,15 ടീമുകള്‍ക്ക് പറയുന്ന പണം നല്‍കി വിദേശ പരിശീലകരെ കൊണ്ട് വരണം.ആവശ്യമെങ്കില്‍ ഫുട്ബോള്‍ അസോസിയേഷന്‍ ധനസഹായം നല്‍കി ക്ലബ്ബുകളില്‍ യൂത്ത് ടീം നിര്‍ബന്ധമാക്കണം. ജില്ലാ തലത്തില്‍ നിന്ന് ദേശീയ യൂത്ത് ടീമിനെ തെരഞ്ഞെടുക്കണം.ഇതിനെല്ലാം ഭരണാധികാരികള്‍ കനിയണം. ഇന്ത്യയിലെ ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന ദേശീയ കായിക ഭരണാധികാരികളാണ് ഫുട്ബോള്‍ ഫെഡറേഷന്‍. People are sick and tired of them.

ഇന്ത്യന്‍ ഫുട്ബോള്‍ ഡോട്ട് കോം പോലുള്ളവര്‍ നേരിട്ട് എന്തെങ്കിലും ചെയ്താല്‍ അത് നടക്കുമെന്നല്ലാതെ ഫെഡറേഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവരോട് എനിക്ക് സഹതാപമാണ് തോന്നുന്നത്.

Inji Pennu said...

കല്യാണത്തിന്റെ സാരീ സെലെക്ഷന്‍ മാത്രം കണ്ടിട്ടുള്ള എന്നോടൊക്കെ ഫുഡ്ബാള്‍ സെലെക്ഷന്‍ കണ്ടിട്ടുണ്ടൊ എന്നൊക്കെ ചോദിച്ചാലു ഞാന്‍ എന്താ പറയാ പെരിക്കുട്ടീ?

മഞ്ജിത്തേട്ടാ, ഇതായിരിക്കുമല്ലെ ഈ ഭാഷാവരം? ;-) ഒരു അഞ്ച് മിനിട്ടില്‍ കൂടി ഞാന്‍ ഈ കളി കണ്ടിട്ടില്ല. എന്നിട്ടു ആ പോസ്റ്റില്‍ വന്നു ഏതാണ്ടൊക്കെ പറയുന്നു..

എന്നാലും എന്റെ പെരീക്കുട്ടീ.. പാട്ടു പാടാന്‍ ഒരു ജനത, ഫുട് ബാള്‍ കളിക്കന്‍ ഒരു ജനത,
അതില്‍ തന്നെ ആര്യന്മാര്‍ കളിയെ കുറിച്ചു അറിയണില്ല്യ, ദ്രാവിഡന്മാരാകട്ടെ ടി.വിയില്‍ കളി കാണണു എന്നൊക്ക പറഞ്ഞാലും ഇച്ചിരെ കടുപ്പം തന്നെയാണേ...

വെള്ളക്കരന്റെ മാത്രമായ ട്ടെന്നീസില്‍ വില്ല്യംസ് സിസ്റ്റര്‍മാര്‍ കാണിക്കുന്ന കസര്‍ത്തു കാണുമ്പൊള്‍ എന്താണവൊ താങ്കള്‍ പറയാ? ഒരു സെറീനാ അല്ലെങ്കില്‍ ഒരു വീന്‍സ് വില്യംസേ ഉള്ളൂന്നൊ?

അപ്പൊ ദെ അവിടെ കാട്ടിനുള്ളില്‍ ഒരു ശരിയായ പുലിക്കുട്ടന്‍ ..ട്ടൈഗര്‍ വുഡ്സ് നില്‍ക്കുന്നു..
വെറുതേ നിക്കുവല്ല,ചാമ്പ്യന്‍ ഷിപ്പുമടിച്ചു..

പിന്നെ ഇവരൊക്കെ ഗോള്‍ഫ് കളിക്കാന്‍ ഒരു ജനത,ട്ടെനീസ് കളിക്കാന്‍ ഒരു ജനത എന്നൊക്കെയുള്ള ബാലിശമായ ന്യായങ്ങള്‍ ഒക്കെ പറഞ്ഞിരുന്നെങ്കില്‍ എന്തായനെ കഥ?

ഞാന്‍ ചോദ്യവും ഉത്തരവും ഒന്നും ചോദിച്ചതല്ല.
ചോദ്യം തന്നെ ചോദിച്ചതാണു, അമേരിക്കയില്‍ സോക്കര്‍ പെണ്ണുങ്ങളുടെ കളി എന്നു പറഞ്ഞു തരം താഴ്ത്തി ഇട്ടേക്കുവാണു.അതുകൊണ്ടാണു അമേരിക്കകാര്‍ അവിടെ വന്നു ചെറിയ ചെറിയ രാഷ്ട്ട്രങ്ങളോടു തോക്കുന്നതു. പിന്നെ അമേരിക്കക്കാര്‍ ഒരു കളി കളിക്കണമെങ്കില്‍ നല്ല പൈസാവും,സ്പോണ്‍സര്‍ഷിപ്പും എണ്ടോര്‍സ് മെന്റും ഒക്കെ വേണം. അല്ലാണ്ടു ഒരു 45 മിനുട്ടു കളിയില്‍ രണ്ടു മണിക്കൂര്‍ കമ്മേര്‍സ്യല്‍ ബ്രേക്ക് ഇല്ലാത്തെ ഒരൊറ്റ കളിയും അവരു കളിക്കൂല്ല..

അപ്പൊ ഞാന്‍ പറഞ്ഞു വന്നതു, എനിക്കു തോന്നുന്നതു അമേരിക്കക്കാര്‍ക്കും നമക്കും ഫോക്ക്സ് ഫുഡ്ബാളില്‍ ഇല്ല എന്നാണു..അത്രേ ഉള്ളൂ..അല്ലാണ്ടു ജനതയും രക്തവും ഒന്നുമല്ല..
അതൊക്കെ കുറേ മുട്ടന്‍ ന്യായങ്ങള്‍.

അല്ലെങ്കില്‍ പിന്നെ പ്ലാസ്റ്റിക്ക് കവറുകള്‍ പെറുക്കി നടന്ന വിജയന്റെ അമ്മക്കു എന്തു ജീന്‍ ഉണ്ടായിട്ടാണു വിജയന്‍ ഒരു ഫുഡ് ബാള്‍ കളിക്കാരന്‍ ആയതു?

പിന്നെ ഇങ്ങിനെ ഇന്നതിനു ഇന്ന ജനത എന്നൊക്ക പറയുന്ന കാലമൊക്കെ മാറി. നമ്മുടെ ഒക്കെ മനസ്സീന്നും മാറ്റണ്ട നേരമായിരിക്കുന്നു.. എന്നു എനിക്കു തോന്നുന്നു.

പാപ�പാന��‌/mahout said...

(എന്നെ ഇടയ്ക്കൊക്കെ പേരുമാറി “തണുപ്പന്‍“ എന്നൊക്കെ വിളിക്കുമെങ്കിലും എല്‍‌ജിയോട് എനിക്കു ഭയങ്കര റെസ്‌പെക്റ്റാണ്‍ -- പ്രത്യേകിച്ചും ഈ മുകളിലെഴുതിയിരിക്കുന്ന പോലത്തെ കമന്റുകള്‍ വായിക്കുമ്പോള്‍)

ഉമേഷ�::Umesh said...

അതല്ലേ പാപ്പാനേ ഞാന്‍ എല്‍‌ജിയെ ജീനിയസ്സ് എന്നു വിളിച്ചതു്. അതുകേട്ടിട്ടെല്‍ജി എന്റെ തലയ്ക്കടി കൊണ്ടോ, ഗുളിക മാറിക്കഴിച്ചോ എന്നു വര്‍ണ്ണ്യത്തിലാശങ്ക. എന്റെ ദൈവമേ, ഇതും ജീനിയസ്സുകളുടെ സ്വഭാവമാണോ?

പെരിങ�ങോടന�� said...

എല്‍.ജി ഇന്ത്യക്കാരു കളിച്ചു തുടങ്ങിയ ചെസ്സില്‍ റഷ്യക്കാര് കളിച്ചുനേടിയ പ്രശസ്തി ഒരു exception അല്ല (ടെന്നീസ് വെള്ളക്കാരുടെ കളി എന്നു പറഞ്ഞപ്പോള്‍ പറഞ്ഞു എന്നുമാത്രം - ആരു കളിച്ചു തുടങ്ങി എന്നതല്ല കാര്യം) മറിച്ചു ഐ.എം.വിജയന്‍ ഫുട്‌ബാളില്‍ ഒരു exception ആണു്. ഞാന്‍ generalization -ന്റെ ആക്സിസില്‍ സംസാരിക്കുന്നു, എല്‍.ജി അതിലെ exceptions പൊക്കിയെടുത്തു മറുവാദം ഉന്നയിക്കുന്നു. പ്രത്യക്ഷത്തില്‍ വാദം ഫലവത്താണു്, പക്ഷെ അതു് ആന എന്നു പറയുമ്പോള്‍ ചേന എന്നു പറയുന്നതുപോലെയാണെന്നു മാത്രം.

നമുക്കാര്‍ക്കും ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല, അതേ സമയം അപ്രകാരം ചെയ്തിരുന്നുവെങ്കില്‍ അതിനെ exceptional എന്നു വിശേഷിപ്പിക്കേണ്ടി വന്നേന്നെ (എല്‍.ജിക്കു ബില്‍ ഗേറ്റ് ആവാന്‍ കഴിയാഞ്ഞിട്ടാണോ?) ഒരു സംഘം അനിമ‌ല്‍‌സിനെ (മനുഷ്യന്‍ തന്നെ) നിരീക്ഷിക്കുകയാണെങ്കില്‍ ആ സമൂഹത്തിനു പരിമിതികളുണ്ടു്, അത്തരം പരിമിതികള്‍ക്കു കാരണമന്വേഷിച്ചു പോവുകയാണെങ്കില്‍ മിക്കവാറും അതിലൊരു കാരണം ജീന്‍ പൂളില്‍ തട്ടി നില്‍ക്കും.

“ഇന്നതിനു ഇന്ന ജനത” എന്ന വാക്യം ഒരു ക്ലീഷേയാകുന്നതു് അമേരിക്കയിലെയും ദുബായിലേയും ടാക്സി ഡ്രൈവര്‍മാര്‍ പാകിസ്താനികളും പഞ്ചാബികളും എന്നിങ്ങനെയാകും, അതൊരിക്കലും മാരത്തോണ്‍ ഓടുന്ന ഇന്ത്യക്കാരന്റെ പേരിലല്ല, കാരണം അതു ക്ലീഷെയല്ല ഫാക്റ്റാണു്.

മനുഷ്യനും സമൂഹവും രണ്ടും രണ്ടാണു്, അല്ലെങ്കില്‍ ഗ്രീക്കുകാര്‍ മുഴുവന്‍ അലക്സാണ്ടറായേന്നെ, സൌദികള്‍ മുഴുവന്‍ ബിന്‍ ലാദന്മാരായേന്നെ. ഒരു വ്യക്തിയുടെ അബ്സ്ട്രാക്ഷനല്ല ഒരിക്കലും ഒരു സമൂഹം, നേരെ തിരിച്ചാണു്, അതുകൊണ്ടുതന്നെ ലാറ്റിനമേരിക്കയില്‍ നിന്നും എനിക്കു് ഇനിയും മറഡോണമാരെ പ്രതീക്ഷിക്കാം, പക്ഷെ കേരളത്തില്‍ നിന്നു ഐ.എം.വിജയനെയോ പാപ്പച്ചനേയോ പ്രതീക്ഷിക്കുവാന്‍ കഴിയില്ല.

(ഫുട്‌ബാള്‍ കളിയരങ്ങിലെ ജയപരാജയങ്ങള്‍ക്കു പിന്നില്‍‍ ജീനുകള്‍ എന്ന ഒരൊറ്റ കാരണം മാത്രമാവില്ല, പക്ഷെ ഒഴിവാക്കാനാവാത്ത ഒരു കാരണം തന്നെയാണു്.)

Saturday, June 17, 2006

അട്ടിമറി

പന്തുരുണ്ടുതുടങ്ങിയിട്ടു ദിവസങ്ങള്‍ കുറേയായി. എന്നാലും പ്രതീക്ഷകളെ തകിടം മറിക്കുന്നൊരു കളി ഇന്നാണു കണ്ടത്. അതെ, കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഒരട്ടിമറി. കഴിഞ്ഞ ലോകകപ്പില്‍ തുടക്കം മുതല്‍കണ്ട കറുത്ത കുതിരകളുടെ തേരോട്ടം ഇത്തവണ അല്‍‌പം വൈകിയെന്നുമാത്രം.


എനിക്കേറെ പ്രിയപ്പെട്ട ടീമുകളിലൊന്നാണ് ഘാന അട്ടിമറിച്ച ചെക് റിപബ്ലിക്. പക്ഷേ, ആ കളിയില്‍ ചെക് റിപബ്ലിക് ജയിക്കാന്‍ പാടില്ല എന്നതാണു സത്യം. ഇതു പറഞ്ഞപ്പോള്‍ എന്റെ അടുത്ത സുഹൃത്ത് സംശയവുമായി വന്നു. ഘാനയ്ക്കു കിട്ടിയ കാര്‍ഡുകളുടെ എണ്ണമെടുത്താല്‍ അവര്‍ കളിച്ചതു മനോഹരമായ ഫുട്ബോളാണെന്നു പറയാനാകുമോ? ശരിയാണ്, ഒറ്റനോട്ടത്തില്‍ ഘാനയുടെ പരുക്കന്‍ അടവുകളായിരിക്കാം ചെക് റിപബ്ലിക്കിനെ അമ്പരിപ്പിച്ചത്. പക്ഷേ ഒരു കണക്കുകൂട്ടലുകളുമില്ലാതെ കളിച്ച ചെക് പ്രതിരോധനിരയെ എങ്ങനെ ന്യായീകരിക്കും? പലപ്പോഴും ഘാനയുടെ മുന്നേറ്റം തടയാന്‍ ഒരാളേയുള്ളായിരുന്നു. ഗോളി പീറ്റര്‍ ചെക്. ചെക്കിന്റെ കൈകളില്ലായിരുന്നെങ്കില്‍ നെവദിന്റെയും കൂട്ടരുടെയും തോല്‍‌വി അതിദയനീയമാകുമായിരുന്നു.

1990 മുതല്‍ ലോകകപ്പിന്റെ ഒഴുക്കിനെ വഴിതിരിച്ചുവിടുന്ന സാന്നിധ്യമാണ് ആഫ്രിക്കന്‍ ടീമുകള്‍. വന്യമായ കരുത്തും എതിരാളികള്‍ക്കു പിടികിട്ടാത്ത ശൈലിയുമായി വരുന്ന അവര്‍ ജാലവിദ്യകള്‍ കാട്ടുന്നതില്‍ അല്‍ഭുതമില്ല. ആഫ്രിക്കയില്‍ നിന്നുവരുന്ന പുലികളെ നേരിടാന്‍ വ്യക്തമായ ഗെയിം പ്ലാനുകളില്ലാതെ വരുന്ന ടീമുകളാണ് പരാജയപ്പെട്ടു പോകുന്നത് എന്നുള്ളതും മറക്കേണ്ട. ചെക് റിപബ്ലിക്കിനു പറ്റിയതും അതു തന്നെ.

പ്രതിരോധത്തിലൂന്നി കളിച്ച ശേഷം പന്തിനൊപ്പം കുതിച്ചെത്താനുള്ള ഘാനാ കളിക്കാരുടെ കഴിവും പന്തുകൊണ്ടു കുതിക്കുമ്പോള്‍ തടുത്തുനിര്‍ത്താന്‍ അവരുപയോഗിക്കുന്ന തന്ത്രങ്ങളും കണ്ടുപഠിക്കാതെ, വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് ചെക് നിര കളത്തിലെത്തിയതെന്നു വ്യക്തം. ഒന്നും വേണ്ട 2001ലെ ലോക യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരായ ടീമിലെ കളിക്കാരാണ് തങ്ങള്‍ക്കെതിരെ കളിക്കാനെത്തുന്നതെന്ന സത്യമെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു.

ആഫ്രിക്കന്‍ കരുത്തിനെ എങ്ങനെ നേരിടണമെന്ന് ടൂര്‍ണമെന്റിന്റെ ആദ്യ ദിവസങ്ങളില്‍ അര്‍ജന്റീന കാട്ടിത്തന്നിരുന്നു. തിണ്ണമിടുക്കിനെ തിണ്ണമിടുക്കുകൊണ്ടു നേരിടുക. സ്വതസിദ്ധമായ ഗോള്‍ദാഹം ജേഴ്സിക്കുള്ളിലൊളിപ്പിച്ച് എതിരാളികളെ വരിഞ്ഞുകെട്ടുക എന്നതാണ് അര്‍ജന്റീന ഐവറി കോസ്റ്റിനെതിരെ സ്വീകരിച്ച തന്ത്രം. അതുകൊണ്ടു തന്നെ പരുക്കനടവുകളുടെ കാര്യത്തില്‍ ആക്രമണ ഫുട്ബോള്‍ കളിക്കുന്ന അര്‍ജന്റീന ഐവറീ കോസ്റ്റിനെ കടത്തിവെട്ടി. കളികഴിയുമ്പോള്‍ ഫൌളുകളുടെ എണ്ണത്തേക്കാള്‍ ഗോളുകളുടെ എണ്ണവും വിജയികളുടെ ചിരിയുമായിരിക്കുമല്ലോ ശ്രദ്ധിക്കപ്പെടുക. ഈ പരുക്കന്‍ ശൈലി കളത്തിനു പുറത്തിട്ടാണ് അര്‍ജന്റീന രണ്ടാം മത്സരത്തിനെത്തിയതെന്നും ശ്രദ്ധിക്കുക.

ഘാനയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യകളിയില്‍ ഇറ്റലിയും ഇങ്ങനെ ‘ആക്രമണ ഫുട്ബോളാണു പുറത്തെടുത്തത്. എതിരാളികളുടെ കാലില്‍ പന്തു കുടുങ്ങാതിരിക്കാന്‍ അല്പം കടുത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അവരും ജയിച്ചു കയറി.

ഇതൊന്നും കണ്ടു പഠിക്കാതെ ആഫ്രിക്കന്‍ പുലികളെ മെരുക്കാനെത്തിയ ചെക് റിപബ്ലിക് ആ തോല്‍‌വി അര്‍ഹിച്ചതു തന്ന. അമേരിക്കയ്ക്കെതിരെ കണ്ട ചെക്കിന്റെ നിഴലായിരുന്നു ഇന്നലെ അവര്‍ക്കായി കളത്തിലിറങ്ങിയത്.

6 comments:

Adithyan said...

രണ്ടാം മിനിട്ടില്‍ കയറിയ ആ ഗോളില്‍ ഞെട്ടിയതു കൊണ്ടല്ലേ ചെക്കിനു ഈ ഗതി വന്നത്?

എസ്സെയ്ന്‍ എന്ന ഒരൊറ്റ കളിക്കാരന്റെ മിടുക്കിലല്ലേ ഘാന ജയിച്ചു കയറിയത്? ഗോള്‍ കണ്‌വേര്‍ട്ട് ചെയ്യാന്‍ അറിയാവുന്ന ഒരു സ്ട്രൈക്കര്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ കുറഞ്ഞത് ഒരു മൂന്നു ഗോള്‍ കൂടി ചെക്കിനു കയറില്ലായിരുന്നോ?...

എനിക്കു തോന്നുന്നത് ആ ഗോളോടെ ചെക്ക് കളി മറന്നു. ഡിഫന്‍ഡേഴ്സ് ഫീഡ് ചെയ്യാന്‍ പോയി.. പന്തു അവരുടെ കോര്‍ട്ടില്‍ എത്തിയപ്പോള്‍ ആളില്ലാതായി... അവര്‍ സമനില വിടാതെ കളിച്ചിരുന്നെങ്കില്‍ മത്സരഫലം തിരിയണ്ടതായിരുന്നു. :-(

ഈ മത്സരത്തോടെ അമേരിക്കയ്ക്കു വീണ്ട്ം പ്രതീക്ഷയായി...

മന��ജിത�‌ | Manjith said...

ശരിയാണാദീ, രണ്ടാം മിനിറ്റിലെ ഗോള്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകാണണം. പക്ഷേ ഒരു ഗോള്‍ വീണാല്‍ തളരുന്ന ടീമാ‍യിരുന്നില്ല എന്നതാണ് അനുഭവം. 2004 യൂറോ കപ്പില്‍ ശക്തരായ ഹോളണ്ടിനോട് രണ്ടുഗോള്‍ പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ചു കളിജയിച്ച ടീമാണത്.
പ്രതിരോധത്തില്‍ കാട്ടിയ ഭീകരമായ പിഴവുകള്‍ അവരില്‍ നിന്നും മത്സരം കൊണ്ടുപോയി. ഘാനയ്ക്കെതിരെ അവര്‍ക്കു ഗെയിം പ്ലാന്‍ ഒന്നുമില്ലായിരുന്നു.

ചിലപ്പോള്‍ അങ്ങനെയാണ്. ഇക്വഡോറീനെതിരേ കളിച്ച പോളണ്ടല്ല ജര്‍മ്മനിക്കെതിരെ കളിച്ചത്; ചെക്കിനെതിരെ കളിച്ച അമേരിക്കയല്ല ഇറ്റലിക്കെതിരേ കളിച്ചത്. പ്രശ്നം തയാറെടുപ്പുകളുടേതു തന്നെയെന്നാണ് എനിക്കു തോന്നുന്നത്.

Adithyan said...

ഘാനയെ അണ്ടര്‍ എസ്റ്റിമെയ്റ്റു ചെയ്തതു തന്നെ പ്രശ്നം. കുറെ അട്ടിമറികളൊന്നും ഇല്ലെങ്കില്‍ പിന്നെ കളി കാണാന്‍ എന്തു രസം :-)

Satheesh :: സതീഷ� said...

പക്ഷെ ഇത്തവണ മൊത്തത്തില്‍ അട്ടിമറികള്‍ കുറവായിരുന്നല്ലോ. ഘാനയുടെ കരുത്തിനെ ചെക്ക് വല്ലാതെ അങ്ങ് understimate ചെയ്തതു പോലെ തോന്നി!

വക�കാരിമഷ�ടാ said...

പറയൂ പറയൂ... ഞങ്ങളുടെ കവാഗുച്ചിച്ചേട്ടനെപ്പറ്റി പറയൂ.. ഒന്നുമില്ലെങ്കിലും ഇന്ന് ഞങ്ങള്‍ തോറ്റില്ലല്ലോ.. പക്ഷേ അടുത്ത റൌണ്ടിനുള്ള ചാന്‍സ് റൌണ്ടു തന്നെയായിരുക്കുമെന്ന് തോന്നുന്നു-വട്ട പൂജ്യം :(

കേരളീയന�� said...

ഘാന ആ ജയം അര്‍ഹിച്ചിരുന്നു എന്നു തന്നെയാണ്‍ തോന്നുന്നത്. വേഗതയേറിയ ആക്രമണാത്മക ഫുട്ബാള്‍ കണ്ട് കണ്ണ് നിറഞ്ഞു. ബ്രസീലിന്റെ ഒരു ഭംഗിയുമില്ലാത്ത കളി(ആസ്ത്രേലിയക്കെതിരെ) കണ്ടപ്പോള്‍ ഘാനക്കാരെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിച്ചു. ഇതു വരെ കണ്ടതില്‍ ഒരു നല്ല കളി.

Tuesday, June 06, 2006

പന്തുരുളുമ്പോള്‍

പന്തുരുളാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അപ്പോഴെങ്കിലും ഒരു കളിപ്രേമി അവന്റെ ബൂലോക താളില്‍ ഒരംശം പന്തു തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു.

പത്തു വയസുള്ളപ്പോള്‍ കൂടെക്കൂടിയതാണ് കാല്‍പ്പന്തു പ്രേമം. 1986ലെ ലോകകപ്പോടെ. അന്നു വീട്ടില്‍ പത്രം ദീപിക. അക്കാലത്ത് ഏറ്റവും മനോഹരമായി സ്പോര്‍ട്സ് പേജ് കൈകാര്യം ചെയ്തിരുന്നത് അവരാണ്. ലോകകപ്പിനോടനുബന്ധിച്ച് അവര്‍ പുറത്തറിക്കിയ ലേഖനങ്ങളും നാലു പേജു സപ്ലിമെന്റുകളുമൊക്കെ ടി വിയില്‍ കളികണ്ടിട്ടു പോലുമില്ലാത്ത എന്നെപ്പോലും കൊതിപ്പിക്കാന്‍ പോന്നതായിരുന്നു.

ഭാഗ്യത്തിന് അത്തവണത്തെ ഫൈനല്‍ മാത്രം ചെറുചതുരത്തില്‍ കാണാനൊത്തു. ഫുട്ബോളിന്റെ വായിച്ചറിഞ്ഞ സൌന്ദര്യം ആദ്യമായി ‘നേരിട്ടുകണ്ട’ നിമിഷം. 1986-ല്‍ ഇന്ത്യയിലെത്താന്‍ തീരുമാനിച്ച പോപ്പിനും പ്രത്യേകം നന്ദി പറയണം. അതുകൊണ്ടാണല്ലോ നാട്ടില്‍ കുറച്ചുപേരെങ്കിലും ടെലിവിഷന്‍ എന്ന കോപ്പു വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് ലോകകപ്പെന്നല്ല, ഒട്ടുമിക്ക രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളും ശ്രദ്ധിക്കുന്നുണ്ട് ഈയുള്ളവന്‍.

മൊത്തത്തില്‍ നോക്കുമ്പോള്‍ 1986-ല്‍ ഞാന്‍ വായിച്ചും ഒടുവില്‍ വിഢിപ്പെട്ടിയില്‍ കണ്ടും അനുഭവിച്ച ഫുട്ബോളിന്റെ സൌന്ദര്യം പിന്നീടൊരു ലോകകപ്പിലും കാണാനൊത്തില്ല. അര്‍ജന്റീന ജേതാക്കളായതുകൊണ്ടാണോ അതെന്നു ചോദിച്ചാല്‍ അല്ല.

എന്റെ നോട്ടത്തില്‍ ഫുട്ബോളിന്റെ കളിനിലവാരം താഴാന്‍ തുടങ്ങിയത് 86ലെ ലോകകപ്പിനു ശേഷമാണ്. ഇതിനുശേഷമാണ് ലോകോത്തര താരങ്ങളെല്ലാം ക്ലബ് ഫുട്ബോളിന്റെ പണക്കൂത്തിലേക്ക് കൂപ്പുകുത്തുന്നത് എന്നെനിക്കു തോന്നുന്നു. ഫലമോ മിക്ക ടീമുകല്‍ക്കും തദ്ദേശീയമായ കേളീശൈലി നഷ്ടപ്പെട്ടു തുടങ്ങി.

ഉദാഹരണത്തിന് ബ്രസീലിന്റെ സാംബാ താളത്തിനൊപ്പമുള്ള കേളീശൈലി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അങ്ങനെയൊരു ശൈലിയില്‍ ബ്രസീല്‍ കളിച്ച അവസാന ലോകകപ്പാണ് 1986ലേത്. കേരളത്തിലെ കളിപ്രേമികളുടെ മനസില്‍ ഫുട്ബോള്‍ അടിവരയിട്ടു സ്ഥാനം പിടിച്ചത് മെക്സിക്കോ ലോകകപ്പിലെ ഈ തനതു ശൈലികളുടെ സമ്മേളനവും ഗാലറികളെ ആവേശഭരിതമാക്കിയ മെക്സിക്കന്‍ തിരമാലകളുമാണ്.

ഒന്നോര്‍ക്കണം, 1986-ല്‍ ജര്‍മ്മനിക്കെതിരേ ഫൈനല്‍ കളിച്ച അര്‍ജന്റൈന്‍ ടീമില്‍ 'ഫുട്ബോള്‍ ദൈവം' മറഡോണയും വാള്‍ദനോയുമൊഴികെ ഭൂരിഭാഗവും അവരുടെ ക്ലബ് ഫുട്ബോള്‍ ജീവിതം ചെലവഴിച്ചത് ലാറ്റിനമേരിക്കന്‍ മണ്ണില്‍ത്തന്നെയായിരുന്നു. എതിരാളികളുടെ പാളയത്തിലേക്ക് ഇരച്ചുകയറുന്ന ആക്രമാണാത്മക ഫുട്ബോളിന്റെ സൌന്ദര്യം അവരുടെ കാലുകളില്‍ നിറഞ്ഞു നിന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

1990ലെ ലോകകപ്പെത്തിയപ്പോള്‍ നേരെതിരിച്ചായി കാര്യങ്ങള്‍. അര്‍ജന്റൈന്‍ ടീമില്‍ അത്തവണ ലാറ്റിനമേരിക്കന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ വിരളമായിരുന്നു(എങ്കിലും തപ്പിത്തടഞ്ഞവര്‍ ഫൈനല്‍ വരെയെത്തിയത് വേറേ കാര്യം).

പിന്നീടുള്ള ലോകകപ്പുകളൊക്കെ കാണുമ്പോള്‍ ഒരു സത്യം മനസില്‍ തെളിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളും ഏറ്റവും മികച്ച കളിക്കാരും ഏറ്റുമുട്ടുന്ന വേദിയാണ് ഇതെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ഫലത്തില്‍ ക്ലബ് ഫുട്ബോളില്‍ കളിച്ചു തളര്‍ന്ന് ചണ്ടിക്കുതുല്യമായ കളിക്കാരുടെ സമ്മേളനം മാത്രമാണിത്.

ഫുട്ബോളിന്റെ ഏറ്റവും സൌന്ദര്യാത്മക ശൈലിയില്‍ കളിക്കുന്ന ടീമുകളാണല്ലോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേത്. സ്വാഭാവികമായും ഏറ്റവുമധികം താരങ്ങള്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെ വിരസ ശൈലിയിലേക്കു പറിച്ചു നടപ്പെടുന്നതും ഇവിടെ നിന്നാണ്. ഒരുദാഹരണമെടുത്താല്‍ ഇത്തവണ ലോകകപ്പിനെത്തുന്ന ബ്രസില്‍, അര്‍ജന്റൈന്‍ ടീമംഗങ്ങളെല്ലാവരും ആദ്യമായി ഒത്തു ചേരുന്നത് ലോകകപ്പിന്റെ വേദിയിലായിരിക്കും. അതിനു തൊട്ടുമുന്‍പു വരെ യൂറോപ്പിലെ പല ക്ലബുകളിലായി കളിച്ചു തളര്‍ന്ന് പരസ്പരം അറിയാതെ എത്തുന്നു കളിക്കാരുടെ കൂട്ടമാണീ ടീമുകള്‍.

ഈ ക്ലബ് ഫുട്ബോള്‍ കൊലപാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികാളാണ് യഥാര്‍ത്ഥത്തില്‍ അര്‍ജന്റൈന്‍ ടീം. 1970കള്‍ മുതല്‍ ലോക യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണവരുടേത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ അവര്‍ക്കാകുന്നില്ല. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകളാകുന്ന യൂത്തന്മാരെ അപ്പൊള്‍ത്തന്നെ യൂറോപ്യന്‍ ക്ലബുകള്‍ റാഞ്ചി വരിയുടയ്ക്കുന്നതാണിതിനു കാരണമെന്ന് നിസ്സംശയം പറയാം.

അപ്പോള്‍ പറഞ്ഞുവരുന്നത്, ഈ ലോകകപ്പിലും എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. ഇഷ്ടതാരങ്ങളും ഇഷ്ടടീമുകളും ഏറെയുണ്ടെങ്കിലും അവര്‍ക്കൊക്കെ എത്രകണ്ടു ശോഭിക്കാനാകുമെന്ന് എനിക്കറിയില്ല.

താരനിബിഡമായ ടീമുകളേക്കാള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു എന്ന മേന്മ മാത്രമുള്ള പുതുടീമുകള്‍ അട്ടിമറി സൃഷ്ടിച്ച് ശ്രദ്ധേയരാകുന്നു എന്നതാണ് ഇതുപോലെയുള്ള കപ്പുകള്‍ക്കൊണ്ടുള്ള മെച്ചം. അത്തരം അട്ടിമറികളോടെ അവരും ക്ലബ് ഫുട്ബോളിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്നു; കളിച്ചു മരിക്കുന്നു. പോയ ലോകകപ്പിലെ അട്ടിമറി വീരന്മാര്‍ സെനഗല്‍ ഉദാഹരണം. ഇത്തവണ അവര്‍ യോഗ്യത നേടിയിട്ടുപോലുമില്ല!

കാര്യമിതൊക്കെയായാലും ലോകകപ്പല്ലേ. ടി വിക്കു മുന്നില്‍ കുത്തിയിരിക്കാന്‍ ഞാനുമുണ്ട്. ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കളികാണാനാണ് ഏറ്റവുമിഷ്ടം. പിന്നെ സുന്ദരമായ ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്‍, ചെക് റിപബ്ലിക് എന്നീ യൂറോപ്യന്മാരുടെ കളിയും. അര്‍ജന്റീനയ്ക്കും ബ്രസീലിനും കൈമോശം വന്ന ശൈലി നടപ്പാക്കുന്ന ടീമുകളാണിവ.

പിന്നെ ആഫ്രിക്കയിലെ കറുത്ത മുത്തുകള്‍ കളിക്കളത്തില്‍ നടത്തുന്ന പൊരിഞ്ഞ പോരാട്ടങ്ങളും കാണാനെനിക്കു കൊതിയുണ്ട്.

എല്ലാമായാല്‍ ലോകകപ്പായി. അപ്പോള്‍ ഇനി ജീവിതം 27 ഇഞ്ചു പെട്ടിക്കു മുന്നില്‍ത്തന്നെ.
കടവുളേ, കാപ്പാത്തുങ്കോ!

14 comments:

അരവിന�ദ� :: aravind said...

കൊള്ളാം! നല്ല പോസ്റ്റ്.
എന്റെ എക്കാലത്തേയും ഫേവറിറ്റുകള്‍ അര്‍ജ്ജന്റീനയാണ്.
ഇപ്രാവിശ്യവും അധികം കുഴപ്പമില്ലാത്ത ഒരു ടീം സോറിന്റെ കീഴില്‍ അവര്‍ക്കുണ്ട്.
ക്രെസ്പോ, റിക്വല്‍മെ, ലിയോണല്‍ മെസ്സി. പിന്നെ അലട്ടുന്ന കാര്യം അര്‍ജ്ജന്റീന്‍ ടീനേജ് സെന്‍സേഷനായ ഒരു ചെക്കനെ(പേരു മറന്നു പോയി) ടീമിലെടുക്കാന്‍ സ്ഥലമില്ല എന്ന വാര്‍ത്തയാണ്. എന്തോ ചീഞ്ഞു നാറുന്നു.(മറഡോണ 78 ല്‍ പുറത്തിരുന്നപോലെയാകുമോ എന്തോ?)

പിന്നെ ലാറ്റിനമേരിക്ക എന്ത് കളി കളിച്ചാലും ഇംഗ്ലന്‍ണ്ടിന്റെ അത്രയും അറ്റാക്കിംഗ് കളി കളിക്കില്ല എന്നാണ് എന്റെ പക്ഷം. ഇംഗ്ല്ണ്ടിന് ഡിഫന്റ് ചെയ്യാനറിഞ്ഞൂടാ. പറയുമ്പോള്‍ ആഷ്‌ലി കോള്‍, ജോണ്‍ ടെറി, റിയൊ ഫേര്‍ഡിനാന്‍ഡ്, കലാഗര്‍ ഇവരൊക്കെയുണ്ട്. റോബിന്‍സണ്‍ ഗോളിയുമുണ്ട്. പക്ഷേ ഗോളു കയറുന്നതിന് കുറവുണ്ടാവില്ല. ഡിഫന്‍സ് മോശമായത് കൊണ്ടല്ല. ഇറ്റലിയെ പോലെ പ്രതിരോധത്തിലൂന്നി കളിക്കാനുള്ള മടിയാണ് കാരണം എന്ന് തോന്നുന്നു. അറ്റാക്ക് ഈസ് ദ ബെസ്റ്റ് ഡിഫന്‍സ് എന്ന് തത്വം.

യു.എസ്. എ. 94 ഇലെ ഇറ്റാലിയന്‍ ടീമായിരുന്നു എന്റെ ഡ്രീം ടീം. ഹോ! എന്നാ ലൈനപ്പാ! മാള്‍ഡീനി, ഡൊനാഡോണി, കോസ്റ്റാകുര്‍ട്ടാ, സിനോറി, വിയേരി, മസ്സാരോ, പിന്നെ ഗോളി പഗ്ലിയൂക്കായും , കുന്തമുന ബാജിയോയും. അന്ന് ബാജിയോ പെനാല്‍ട്ടി ടഫറേലിന്റെ മുകളിലൂടെ പുറത്തേക്കടിക്കുന്നത് കണ്ട് ഞെട്ടിയ ഞെട്ടല്‍ ഇമാന്വല്‍ പെറ്റിറ്റ് മൂന്നാം ഗോളടിച്ച് ബ്രസീലിനെ പാരീസില്‍ മുട്ടുക്കുത്തിക്കുന്നത് വരെ നീണ്ടു.

ഇത്തവണ എന്റെ ബെറ്റ് ഇംഗ്ല്ണ്ടോ, ജെര്‍മനിയോ നേടും എന്നാണ്. മനസ്സിന്റെ ഉള്ളില്‍ ഏറ്റവും ചാന്‍സ് ബ്രസീലിനാണെന്നറിയാം. എങ്കിലും.
സൌത്ത് ആഫ്രിക്ക അത്ഭുതകരമായി ക്വാളിഫൈ ചെയ്തില്ലെങ്കിലും , ആഫ്രിക്കക്ക് പ്രതീക്ഷ, സെനെഗലിലും, ഐവറികോസ്റ്റിലുമാണ്. ദിദിയര്‍ ഡ്രോഗ്ബായുടെ ഐവറി കോസ്റ്റ്.

തമാശ : സൌത്ത് ആഫ്രിക്കയുടെ ഫുട്ബാള്‍ ടീം ബഫാന-ബഫാന എന്ന പേരിലാണ് അറിയപ്പെടുന്നത്. (റഗ്ബി ടീം , സ്പ്രിംഗ്‌ബോക്സ് എന്നും). ബഫാന-ബഫാനയും ബ്രസീലും കളി നടന്നപ്പോള്‍ റൊണാള്‍ഡീഞ്ഞോ സഹ കളിക്കാരോട് പറഞ്ഞത്രേ, ഈ ബഫാനയെ നേരിടാന്‍ ഞാനൊറ്റക്ക് മതി, നിങ്ങള്‍ റിലാക്സ് ചെയ്യ് എന്ന്.
ഓകെ. ഒരു വശത്ത് ഫുള്‍ സൌത്ത് ആഫ്രിക്കന്‍ ടീം, മറു വശത്ത് റൊണാള്‍ഡീഞ്ഞോ.ഒറ്റക്ക്.
പത്താം മിനിട്ടില്‍ റോണാള്‍ഡീഞ്ഞോ ഗോളടിച്ചു.
ബ്രസീല്‍ 1 സൌത്ത് ആഫ്രിക്ക 0
കളി കഴിഞ്ഞപ്പോള്‍ സ്കോര്‍
ബ്രസീല്‍ 1 സൌത്ത് ആഫ്രിക്ക 1 (സൌത്ത് ആഫ്രിക്ക 89 ആം മിനിട്ടില്‍ ഗോള്‍ മടക്കി)

പക്ഷേ സംഗതി എന്താന്നല്ലേ, 12-ആം മിനിട്ടില്‍ റൊണാള്‍ഡീഞ്ഞോ റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയിരുന്നു!

വക�കാരിമഷ�ടാ said...

നല്ല ലേഖനം. ഫുട്‌ബോള്‍ സ്ഥിരമായി കാണുമ്പോള്‍ മാത്രം ആവേശം തരുന്ന ഒരു കളിയാണ് എനിക്ക്. മന്‍‌ജിത്തും അരവിന്ദുമൊക്കെ എത്രമാത്രം ഇന്‍‌വോള്‍‌വ്ഡ് ആണ് ഇതില്‍. സമ്മതിച്ചിരിക്കുന്നു. ലോകകപ്പ് സാറ്റുകളി മത്‌സരത്തെപ്പറ്റിയാണെങ്കില്‍ ഞാനെഴുതാം. ഇപ്പോഴും നല്ല നിലവാരം തന്നെ!

അപ്പോ മോനേ, അര്‍മന്ദാ, ലീവു വേണമെന്നു പറഞ്ഞതിതിനായിരുന്നുവല്ലേ...... ഉറക്കളച്ചിരുന്ന് ഫുട്‌ബോളു കാണണം.. അതുകഴിഞ്ഞ് കിടന്നുറങ്ങണം. പിന്നെങ്ങിനെ ബ്ലോഗെഴുതും. ഉം..ഉം... എന്നിട്ട് പരീക്ഷ, പനി, പേടി, ഏകാഗ്രത, ദ്വയാഗ്രത, ത്രികാഗ്രത, ചതുരാഗ്രത..... :)

ഞങ്ങള്‍ ജപ്പാന്‍‌കാര്‍ ഇറങ്ങുവാണ് കേട്ടോ-ഈ തിങ്കളാഴ്ച. ആസ്ത്തുരുവലിയണ്ണന്മാരാണ് എതിര്. കുതികാല്‍ വെട്ട്, കാലുവെയ്പ്, ഉന്ത്, തള്ള്, ചീത്തവിളി ഇതൊന്നുമില്ലാത്ത പാവങ്ങളാണേ ഞങ്ങള്‍. ദേഹോപദ്രവം ഒന്നും ഏല്‍‌പ്പിക്കരുതേ.

venkiteswaran said...

keep it up thru the tournment

Thulasi said...

ഒരു കാലത്ത്‌ സെവന്‍സ്‌ ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കുകയും ഇപ്പോള്‍ മലയാളം ഗസലുകള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന മലപ്പുറത്തെ ഷഹബാസ്‌ അമന്‍ എഴുതുന്ന ഫുട്‌ബോള്‍ കുറിപ്പുകള്‍ വായിച്ചിട്ടുണ്ടോ? ഗംഭീരമാണ്‌. മാത്രുഭൂമിക്ക്‌ വെണ്ട്‌ ഷഹബാസ്‌ ചിട്ടപെടുത്തിയ 'മറഡോണ' എന്ന മലയാളത്തിലെ അദ്യത്തെ ഗസല്‍ ഇന്ന്‌ അവതരിപ്പിക്കും. പ്രശസ്ഥ കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രനാണ്‌ രചന (കിട്ടിയാല്‍ അയചു തരാം)

എം.പി.സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രുഭൂമിയില്‍ എഴുതിയ റോണാള്‍ഡീഞ്ഞോയെ കുറിച്ചുള്ള ലേഖനം ചിലപ്പോള്‍ റോണാള്‍ഡീഞ്ഞോയെകുറിച്ച്‌ ഇതുവരെ വന്നിട്ടുള്ളതില്‍ എറ്റവും മികച്ച ലേഖനമായിരിക്കും

നാട്ടില്‍ അര്‍ജന്റീന ഫാന്‍സ്‌ അസോസിയേഷനുകളും ബ്രസീല്‍ ഫാന്‍സ്‌ അസോസിയേഷനുകളും തമ്മില്‍ പൊരിഞ്ഞ വാശിയാണ്‌.
എന്റെ പക്ഷം

കലേഷ�‌ | kalesh said...

മഞ്ജിത്തിന്റെ എഴുത്ത് വായിക്കാനും നല്ല സുഖം!
മഞ്ജിത്തിന്റെ നിരീക്ഷണങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
ഞാന്‍ കെട്ടികഴിഞ്ഞ് മൂകാംബിക പോയിരുന്നു. കോഴിക്കോട് സൈഡൊക്കെ എത്തിയപ്പം തൊട്ട് റോഡരികില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഇംഗ്ലണ്ടിനെയുമൊക്കെ ദേശീയ പതാകകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ പലയിടത്തും കണ്ടു. അതുപോലെ തന്നെ വല്യ ഫ്ലക്സ് ബോര്‍ഡുകളില്‍ ലോകകപ്പ് കളിക്കുന്ന ടീമുകളുടെയും സൂപ്പര്‍സ്റ്റാറുകളുടെയും ഒക്കെ പടങ്ങള്‍ പരസ്യപലകകള്‍ പോലെ വച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ ചില സ്വര്‍ണ്ണക്കടകള്‍ അവ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു! തെക്കന്‍ കേരളത്തിലൊന്നും അത്രയ്ക്കൊരു ഫുട്ബോള്‍ ജ്വരം ഞാന്‍ കണ്ടില്ല. എന്താകും കാരണം?

അരവിന�ദ� :: aravind said...

വക്കാരീ :-))

യേ!!! തുളസീ :-))) കൊടു കൈ!
സമയമുണ്ടാരുന്നേ ഞാന്‍ ടിക്കറ്റേടുത്തങ്ങോട്ട് വന്നേനെ, ഒരേ ഗ്രൂപ്പിലുള്ള ആള്‍ക്കാരുമൊത്ത് ഫുട്ബോള്‍ കാണുന്നതിലും രസം പിന്നെന്തുണ്ട്! :-)

തുളസ്യേ അപ്പോ നമക്ക് പാടാം , പണ്ട് 86 ല്‍ അര്‍ജ്ജന്റീനിയന്‍ ഫാന്‍സ് ഓരോ കളിക്കു മുന്‍പേയും അലറിവിളിച്ചു പാടിയ പാട്ട്.
(തര്‍ജ്ജമ)
ഓ ബ്രസീലിയന്‍സ് ഓ ബ്രസീലിയന്‍സ് വൈ യൂ ആള്‍ ലുക്ക് സോ വറീഡ്
ഒഫ്‌കോഷ്സ് ഒഫ്‌കോഷ്സ് ബികോസ് മറഡോണ ഈസ് ഗ്രേറ്റര്‍ ദാന്‍ പെലെ!

ലിനേക്കര്‍ മീറ്റ്സ് മറഡോണ എന്ന് പറഞ്ഞ് ഒരു തകര്‍പ്പന്‍ പ്രോഗ്രാമുണ്ടായിരുന്നു ടി വി യില്‍. ലിനേക്കര്‍ മറഡോണയെ ഇന്റര്‍വ്യൂ ചെയ്യുന്നു.
86 ലെ ദൈവത്തിന്റെ കൈയ്യെക്കുറിച്ച് ചോദിച്ചപ്പോള്‍ മറഡോണയുടെ മറുപടി എന്നെ ഞെട്ടിച്ചു.
അദ്ദേഹം പറഞ്ഞു : ഞാന്‍ നോക്കിയപ്പോള്‍ പീറ്റര്‍ ഷില്‍ട്ടണ്‍ മുന്നില്‍. ഒരിക്കലും എനിക്ക് അദ്ദേഹത്തെ വായുവില്‍ തോല്‍പ്പിച്ച് ബോളെടുക്കാന്‍ കഴിയില്ല. അപ്പോ പതുക്കെ ഇടത്തെ കൈയ്യാല്‍ ......(നാവു വളച്ച് ഒരു ശബ്ദം)
ഗോളടിച്ച് കഴിഞ്ഞ് ഞാന്‍ സെലിബ്രേറ്റ് ചെയ്യാന്‍ ഓടിയപ്പൊള്‍ റഫറിയെ പതുക്കെ ഒന്നൊളിഞ്ഞു നോക്കി.ഇല്ല, അങ്ങേര്‍ ഹാന്‍ഡ് വിളിച്ചിട്ടില്ല.
മറ്റു സഹ കളിക്കാര്‍ അപ്പോഴും സംശയത്തിലായിരുന്നു. അവരോട് ഞാന്‍ അലറി..കമോണ്‍ കമോണ്‍, വന്നെന്നെ കെട്ടിപ്പിടിക്കൂ...അത് ഗോളാണ്..ഗോള്‍!

ചതിയല്ലേ അത് എന്ന് ലിനേക്കര്‍ ചോദിച്ചപ്പോള്‍ മറഡോണ പരുങ്ങി.
“അല്ല, ചതിയല്ല..അത് ഒരു തന്ത്രമാണ്.” അദ്ദേഹം പറഞ്ഞു.
“യേസ്. ഞാന്‍ റഫറിയേ മാത്രമേ കുറ്റം പറയൂ..” ബ്രിട്ടീഷ്കാരുടെ നോബിളിറ്റി.

എണ്ണം പറഞ്ഞ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരു ഗോള്‍ പിന്നാലെ മറഡോണ അടിച്ചു എന്നത് വേറെ കാര്യം.

പിന്നെ ദൈവത്തിന്റെ കൈ എന്ന് അന്ന് പറഞ്ഞതെന്താണ്? ലിനേക്കര്‍.
അതോ? ഇത് എന്റെ കൈ..എന്റെ കൈ ദൈവം തന്ന കൈ..സോ ഇത് ദൈവത്തിന്റെ കൈ..മറഡോണ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചുപോയി.

ഞാനടക്കം മറഡോണ ഫാന്‍സിന് സന്തോഷിക്കാന്‍ മറ്റൊരു കാര്യം : ക്യൂബയിലെ റിഹാബിലിറ്റേഷനു ശേഷം മറഡോണ ആരോഗ്യവാനായി ഇരിക്കുന്നു. :-)
ബൊക്കായുടെ കളി കാണാന്‍ തന്റെ ബീമര്‍ 3 സീരീസില്‍ (കാശൊന്നുമില്ലേ?) കയറി പോകുന്നു. ഗ്യാലറിയില്‍ നിന്നാര്‍ക്കുന്നു.
രണ്ട് വര്‍ഷമായി ഡ്രഗ്സ് ഉപയോഗിച്ചിട്ടെന്ന് പറയുന്നു. സന്തോഷം. :-)

പാപ�പാന��‌/mahout said...

എല്ലാ കളിയും ഇവിടെ പകല്‍‌സമയത്താണ്‍ എന്നത് ഒരു വലിയ പാരയായി. ശനി, ഞായര്‍ ദിവസങ്ങളിലേതൊഴിച്ച് മറ്റൊന്നും live ആയിക്കാണാന്‍ ഒരു വഴിയും കാണുന്നില്ല. കണ്ടാരത്തപ്പന്‍ കനിയട്ടെ.

Thulasi said...

അരവിന്ദ, ഇനി ഇതു തന്നെ പാട്ട്‌ :))
മറഡോണയ്ക്കു മാത്രമാറ്റി ഞങ്ങളൊരു കൂറ്റന്‍ ഫ്ലെക്സ്‌ ഒരുക്കുന്നുണ്ട്‌.അതില്‍ ഇങ്ങനെ എഴുതി ബ്രസീലുകാരെ വെല്ലുവിളിക്കാനാണ്‌ പ്ലാന്‍.

"പെലെ ഒരു രാജാവായിരിക്കാം, എന്നാല്‍ മറഡോണ ദൈവമാകുന്നു"

അഡിഡാസിന്റെ ഈ ആഡ്‌ കണ്ടിട്ടുണ്ടാവും,ല്ലേ?

അരവിന�ദ� :: aravind said...

അടിപൊളി തുളസി :-))
എത്ര കണ്ടാലും മടുക്കില്ലല്ലോ ഈ ടൈപ്പ് പരസ്യങ്ങള്‍ :-)

പിന്നെ നമ്മടെ ചങ്ങായിമാര്‍ക്ക് എല്ലാ പിന്തുണയും...ജേഴ്സി ഒക്കെ സ്റ്റോക്ക് കാണും അല്ലേ? ഞാന്‍ ഇംഗ്ലണ്ടിന്റേ കൂടി വാങ്ങി. സെക്കന്റ് പ്രിഫറന്‍സ്. :-)

ലോകകപ്പ് പ്രമാണിച്ച് ടിവിയില്‍
ഫിഫ ഒഫീഷ്യല്‍ ഫിലിംസ് കാണിക്കുന്നുണ്ടായിരുന്നു.
ഒരു ലോകകപ്പ് ഒന്നേമുക്കാല്‍ മണിക്കൂര്‍ വച്ച്, 1930 റ്റു 2002.
ഉഗ്രന്‍ ഫുട്ടേജുകള്‍, നല്ല കമന്ററി, കളക്റ്റേര്‍സ് ഐറ്റം.
അതെല്ലാം റെക്കോഡ് ചെയ്ത് സി‌ഡിയിലാക്കി താത്പര്യമുള്ള എല്ലാവര്‍ക്കും കൊടുക്കണം എന്നുണ്ടായിരുന്നു.
പക്ഷേ റെകോര്‍ഡ് ചെയ്യാന്‍ വീട്ടില്‍ സെറ്റപ്പില്ല. പണ്ടാരം.

തന്നെക്കടന്ന് വലയിലേക്കുരുളുന്ന ബോള്‍ നോക്കി നിലത്തു കിടക്കുന്ന കീപ്പറെ പോലെ, നിസ്സഹായനായി, ടി വിയില്‍ വന്നു പോകുന്ന എപ്പിസോഡുകള്‍ നോക്കിയിരുന്നു.

മന��ജിത�‌ | Manjith said...

അരവിന്ദേ നിരീക്ഷണങ്ങള്‍ക്കു നന്ദി. ശരിയാണ്, ഏതു കാലത്താണ് അര്‍ജന്റൈന്‍ ടീമില്‍ കേമന്മാര്‍ക്കു പഞ്ഞമുണ്ടായിരുന്നത്? ഇത്തവണയും ഇടിവെട്ടു താരങ്ങള്‍ത്തന്നെ. പക്ഷേ പ്രശ്നം ഒന്നു സെറ്റായി വരാന്‍ താമസിക്കുന്നു എന്നതാണ്. ആദ്യകളിമുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം പോക്കാ. അതും മരണക്കിണറിലാ ഇത്തവണ കളി. ഇംഗ്ലണ്ടിന്റെ ടീം ഇത്തവണയും മികച്ചതുതന്നെ. പക്ഷേ 98ല്‍ ഓവന്‍ നടത്തിയ ചില കുതിപ്പുകളൊഴിച്ചാല്‍ അവരുടെ ശൈലി അത്ര ആക്രമണാത്മകമാണോ? ഒത്തൊരുമയില്ലാത്ത അവരുടെ കേളീശൈലിയോട് എനിക്കു വലിയ താല്പര്യമില്ല.

കാര്യമെന്തൊക്കെ പറഞ്ഞാ‍ലും പ്രതിരോധം മറന്ന് ആക്രമിച്ചു കളിക്കുന്ന ടീമുകള്‍ ഇക്കാലത്ത് സൂക്ഷിക്കേണ്ടിയിരിക്കുന്നു. അത് അര്‍ജന്റീനയായാലും ഇംഗ്ലണ്ടായാലും ബ്രസീലായാലും ചില കാര്യങ്ങള്‍ അവഗണിച്ചുകൂടാ. കഴിഞ്ഞ യൂറോകപ്പിലെ ഗ്രീസിന്റെ പ്രകടനം തന്നെ ഉദാഹരണം. ഏറ്റവും വൃത്തികെട്ട ഫുട്ബോള്‍ കളിച്ച അവര്‍ അവിടെ ചാമ്പ്യന്മാരായി. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണ കൊറിയയും ഏതാണ്ടീ ശൈലിയാണു സ്വീകരിച്ചത്. ഫുട്ബോള്‍ സൌന്ദര്യത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന ഈ ടീമുകള്‍ നന്നായി കളിച്ച എത്ര ടീമുകളെയാണു പുറന്തള്ളിയത്. അങ്ങനെയുള്ളവന്മാര്‍ ഇത്തവണ ജര്‍മ്മനിയില്‍ ഉണ്ടാവരുതേ എന്നാണെന്റെ പ്രാര്‍ത്ഥന. ഏതായാനും യവനന്മാര്‍ ഇല്ല, അത്രയും നന്ന്.

വക്കാരിയേ, നിങ്ങടെ നിപ്പോണന്മാര്‍ ആകെ പ്രശ്നത്തിലാണെന്നാണല്ലോ അറിയുന്നത്. സൂപ്പര്‍താരം നകാത തന്നെ സീക്കോയ്ക്കും കൂട്ടര്‍ക്കുമെതിരെ അടുത്തിടെ വെടിപൊട്ടിച്ചിരുന്നു. കംഗാരുവണ്ണന്മാര്‍ കുറഞ്ഞ പുള്ളികളൊന്നുമല്ലെന്നു വിളിച്ചു പറഞ്ഞേക്ക്. ഗൂസ് ഹിഡിങ്കാണു പരിശീലകന്‍. ഒരട്ടിമറിക്കുള്ള മരുന്നവരുടെ പക്കലുണ്ട്.

വെങ്കിടേശ്വരാ ഇവിടെ എത്തിയതിനു നന്ദി. ഒരു മാ‍സത്തേക്ക് അല്പംകൂടി സജീവമാകാന്‍ ശ്രമിക്കാം.

തുളസീ, ഷബാസിന്റെ പാട്ടും എഴുത്തും എനിക്കിഷ്ടമാണ്. ഫുട്ബോളെഴുത്തു വിശേഷിച്ചും. ഫുട്ബോള്‍ കവറേജില്‍ മാതൃഭൂമി വിശേഷിച്ച് അവരുടെ സ്പോര്‍ട്സ് മാസിക ഒരു പിടി മുന്നിലാണ്. പക്ഷേ ലാറ്റിനമേരിക്കന്‍ പ്രേമം ലേശം കൂടുതലാണോ എന്നൊരു സംശയമെനിക്കുണ്ട്.

കലേഷേ ശരിയാണ്, മലബാറിന്റെ ഫുട്ബോള്‍ ഹൃദയം ഒന്നു കാണേണ്ടതാണ്. അതു തൊട്ടറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മനോരമയില്‍ ഞങ്ങള്‍ മലപ്പുറം എഡിഷനില്‍ മാത്രമായി ഒരു ഫുട്ബോള്‍ സ്പെഷ്യല്‍ പേജ് പുറത്തിറക്കിയിരുന്നു. ഇപ്പോഴത് ഉണ്ടോ ആവോ? കേരളത്തിലെ മികച്ച കളിയെഴുത്തുകാര്‍ പോലും ലോകകപ്പും ചാമ്പ്യന്‍സ് ലീഗുമൊക്കെയായി തട്ടിമുട്ടി നീങ്ങുമ്പോള്‍ മലപ്പുറത്തെ സാധാരണ ഫുട്ബോള്‍ പ്രേമി ഭൂഗോളത്തിലെ സര്‍വ്വ മത്സരങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ട്. നമ്മുടെ പത്രങ്ങള്‍ കവര്‍ ചെയ്യാത്ത ലിബര്‍ട്ടദോസ് കപ്പ് പോലുള്ള ലാറ്റിനമേരിക്കന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുപോലും അവര്‍ ഫോളോ ചെയ്യുന്നുണ്ട്. റയല്‍ മാഡ്രിഡ് പോലെ അവര്‍ക്കു ബൊക്കാ ജൂനിയേഴ്സും റൊസാരിയോ സെന്‍‌ട്രലും ഒക്കെ പരിചിതമാണ്. മലപ്പുറത്തിന്റെ ഫുട്ബോള്‍ മനസിനെപ്പറ്റി എന്റെ സുഹൃത്ത് ശരത്കൃഷ്ണ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ ഒരുഗ്രന്‍ ലേഖനമെഴുതിയിട്ടുണ്ട്. ഇവിടെ വായിക്കാം.

പാപ്പേനേ, നന്ദി. ഞാനേതായാലും ഒരു മാസത്തേക്ക് വീട്ടിലിരുന്നു ജോലി ഏര്‍പ്പാടാക്കിയിട്ടുണ്ട്. വേള്‍ഡ് കപ്പ് പോയിട്ട് ചായക്കപ്പിനെപ്പറ്റിപ്പോലും ബോസിനു വിവരമില്ലാത്തതു ഭാഗ്യം. മാനി തന്നാല്‍ കിടിലന്‍ മത്സരങ്ങള്‍ പിടിച്ചെടുത്തയച്ചു തരാം. ;)

എല്ലാവര്‍ക്കും നന്ദി. അപ്പോള്‍ ഇനി ഒരു മാസം ഫുട്ബോള്‍ പോസ്റ്റുകള്‍ ബ്ലോഗു നിറയ്ക്കട്ടെ.

saptavarnangal said...

ലക്ഷ്യം വിജയം മാത്രമാകുമ്പോള്‍ കളിയുടെ ശൈലിക്കു എന്തു പ്രാധാന്യം?
സാംബ താളവും ലാറ്റിന്‍ അമേരിക്കന്‍ ആക്രമണ ശൈലിയും കോച്ചുകള്‍ വീട്ടില്‍ വെച്ചിട്ട്‌ പോരും.. ഡിഫെന്‍സ്‌ ശക്തമാക്കുമ്പൊള്‍ കളിയുടെ ഭങ്ങിയണ്‌ പോകുന്നതു.. ബോറന്‍ ഗോള്‍ ലെസ്സ്‌ സമനിലകള്‍ ഉണ്ടാകുന്നു.. അല്ലെങ്കില്‍ ഒരു 1-0 വിജയം..എന്തൊക്കെ ആയാലും റ്റീം ജയിച്ചാല്‍ മതി. ഇതായിരിക്കും കോച്ചുകളുടെ ചിന്ത.

കുറച്ചു ഇംഗ്ലീഷ്‌ പ്രെമിയര്‍ ലീഗൂം പിന്നെ അതിലും കുറച്ചു ചാമ്പ്യന്‍സ്‌ ലീഗും മാത്രമെ കാണാറുണ്ടയിരുന്നൊള്ളു.. മറ്റു റ്റീമുകളെ കുറിച്ചുള്ള വിവരങ്ങല്‍ കുറവ്‌.. പ്രത്യേകിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍!

എന്റെ ഇഷട റ്റീം ബ്രസില്‍ തന്നെയാണു്‌.. അവരുടെ നീക്കങ്ങളുടെ ചടുലതയും മനോഹാരിതയും വെറെ ഏതു റ്റീമിനുണ്ട്‌.. രൊഹ്നല്‍ദിനൊ - (rohnaldino) എന്ന playmaker വെല്ലാന്‍ വെറെയാര്‌ ? തന്ത്ര പൂര്‍വം ചില പാസ്സുകള്‍.. kakka yum ronalodo yum നോക്കി നില്‍ക്കുന്നു.. പിന്നെ പിന്‍ നിരയില്‍ കാര്‍ലൊസും കഫും ..

ബ്രസില്‍ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ചാന്‍സ്‌ കാണുന്ന റ്റീം england അന്നു..പക്ഷെ റ്റീം എങ്ങനെ എപ്പോള്‍ സെറ്റാകും എന്നതായിരിക്കും erricsion -ന്റെ പ്രശ്നം..പേപ്പറില്‍ നല്ല റ്റീം, ഇന്ത്യന്‍ ക്രിക്കറ്റ്‌ റ്റീമിനെപ്പൊലെ .. ഒരോ കളി കഴിയുമ്പൊളെ അറിയാന്‍ പറ്റു..

ഞാന്‍ പ്രതീക്ഷയോടെ നോക്കുന്ന മറ്റൊരു റ്റീം - ഓറഞ്ച്‌ റ്റീം - നെതെര്‍ലാന്ദ്സ്‌ (netherlands- Holland)..
അവര്‍ ഒരു സെമി വരെയെങ്കില്ലും എത്തും എന്നു മനസ്സു പറയുന്നു...

Adithyan said...

ക്ലബുകള്‍ ജയിക്കുമ്പോള്‍ തോല്‍ക്കുന്നത്‌ ഫുട്ബോള്‍ ആണ്... ഡൊളറും പൌണ്ടും ഒക്കെ കളി നിയന്ത്രിയ്ക്കുന്ന ഈ ക്ലബ് ഫുട്ബോള്‍ കാരണം ഇപ്പോള്‍ ദേശീയ ശൈലികള്‍ ഇല്ലെന്നായിരിയ്ക്കുന്നു.
ഉള്ളത്‌ ക്ലബ്‌ ചാമ്പ്യന്‍ഷിപ്പുകളിലെ ചില തട്ടുപൊളിപ്പന്‍ ഒറ്റയാന്‍ പ്രകടങ്ങളും പിന്നെ ചില മഴവില്ല്‌ ഫ്രീകിക്കുകളും. ആര്‍ക്കോ വേണ്ടിയെന്ന പോലത്തെ ഡിഫന്‍സും...

എന്തേ കഴിഞ്ഞ ലോകകപ്പില്‍ റോണാള്‍ഡോ തിളങ്ങാത്തത്‌? ശരിയ്കും രണ്ടു ഫുള്‍ടൈം ഡിഫന്‍ഡേഴ്സ്‌ മാര്‍ക്ക്‌ ചെയ്യാന്‍ എത്തിയപ്പോ‍ള്‍ രാജകുമാരന്‍ കളി മറന്നോ?

എന്തേ കാര്‍ലോസിന്റെയും ബെക്കാമിന്റെയുമൊന്നും ആ മാരക മാന്ത്രിക ഫ്രീകിക്ക്‌ ഗോളുകള്‍ ലോകകപ്പില്‍ പിറന്നില്ല? ഒരു നല്ല ‘വോള്‍’ ഇട്ടാല്‍ പിന്നെ ഇവരുടെ ഒന്നും കിക്കുകള്‍ വളയില്ലെ?

അധികമൊന്നും പ്രതീക്ഷിയ്ക്കാതെ കളി കാണാനിരിയ്ക്കുകയാണു നല്ലതെന്നു തോന്നുന്നു.

സുനില്‍ said...

മന്‍‌ജിത്ത്‌ ഞാന്‍ ഈ ലേഖനം “അക്ഷരം”എന്ന ലോക്കല്‍ മാഗസിനില്‍ പ്രസിധ്ധീകരിക്കാനെടുക്കട്ടേ?(ഇന്‍ഫാക്റ്റ് എടുത്തു എന്നുപറയുന്നതാവും ശരി.. എല്ലാ‍ാത്തരം ക്ര്എഡിറ്റുകളോടെ തന്നെ.)-സു-

മന��ജിത�‌ | Manjith said...

സുനില്‍,

നന്ദി. എന്റെ രചനകളെല്ലാം ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിന്‍ കീഴിലാണ്. ഏടുത്തിടാന്‍ അനുവാദം ചോദിച്ചു സമയം കളയേണ്ടതില്ല.

ബൈ ദ് ബൈ, പന്തുരുണ്ടു കഴിഞ്ഞല്ലോ...തുടക്കം ഒന്നു മാറ്റിക്കോ, ഒടുക്കവും.