Tuesday, June 06, 2006

പന്തുരുളുമ്പോള്‍

പന്തുരുളാന്‍ ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. അപ്പോഴെങ്കിലും ഒരു കളിപ്രേമി അവന്റെ ബൂലോക താളില്‍ ഒരംശം പന്തു തട്ടിക്കളിക്കാന്‍ വിട്ടുകൊടുക്കേണ്ടിയിരിക്കുന്നു.

പത്തു വയസുള്ളപ്പോള്‍ കൂടെക്കൂടിയതാണ് കാല്‍പ്പന്തു പ്രേമം. 1986ലെ ലോകകപ്പോടെ. അന്നു വീട്ടില്‍ പത്രം ദീപിക. അക്കാലത്ത് ഏറ്റവും മനോഹരമായി സ്പോര്‍ട്സ് പേജ് കൈകാര്യം ചെയ്തിരുന്നത് അവരാണ്. ലോകകപ്പിനോടനുബന്ധിച്ച് അവര്‍ പുറത്തറിക്കിയ ലേഖനങ്ങളും നാലു പേജു സപ്ലിമെന്റുകളുമൊക്കെ ടി വിയില്‍ കളികണ്ടിട്ടു പോലുമില്ലാത്ത എന്നെപ്പോലും കൊതിപ്പിക്കാന്‍ പോന്നതായിരുന്നു.

ഭാഗ്യത്തിന് അത്തവണത്തെ ഫൈനല്‍ മാത്രം ചെറുചതുരത്തില്‍ കാണാനൊത്തു. ഫുട്ബോളിന്റെ വായിച്ചറിഞ്ഞ സൌന്ദര്യം ആദ്യമായി ‘നേരിട്ടുകണ്ട’ നിമിഷം. 1986-ല്‍ ഇന്ത്യയിലെത്താന്‍ തീരുമാനിച്ച പോപ്പിനും പ്രത്യേകം നന്ദി പറയണം. അതുകൊണ്ടാണല്ലോ നാട്ടില്‍ കുറച്ചുപേരെങ്കിലും ടെലിവിഷന്‍ എന്ന കോപ്പു വാങ്ങാന്‍ തീരുമാനിച്ചത്. പിന്നീടങ്ങോട്ട് ലോകകപ്പെന്നല്ല, ഒട്ടുമിക്ക രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളും ശ്രദ്ധിക്കുന്നുണ്ട് ഈയുള്ളവന്‍.

മൊത്തത്തില്‍ നോക്കുമ്പോള്‍ 1986-ല്‍ ഞാന്‍ വായിച്ചും ഒടുവില്‍ വിഢിപ്പെട്ടിയില്‍ കണ്ടും അനുഭവിച്ച ഫുട്ബോളിന്റെ സൌന്ദര്യം പിന്നീടൊരു ലോകകപ്പിലും കാണാനൊത്തില്ല. അര്‍ജന്റീന ജേതാക്കളായതുകൊണ്ടാണോ അതെന്നു ചോദിച്ചാല്‍ അല്ല.

എന്റെ നോട്ടത്തില്‍ ഫുട്ബോളിന്റെ കളിനിലവാരം താഴാന്‍ തുടങ്ങിയത് 86ലെ ലോകകപ്പിനു ശേഷമാണ്. ഇതിനുശേഷമാണ് ലോകോത്തര താരങ്ങളെല്ലാം ക്ലബ് ഫുട്ബോളിന്റെ പണക്കൂത്തിലേക്ക് കൂപ്പുകുത്തുന്നത് എന്നെനിക്കു തോന്നുന്നു. ഫലമോ മിക്ക ടീമുകല്‍ക്കും തദ്ദേശീയമായ കേളീശൈലി നഷ്ടപ്പെട്ടു തുടങ്ങി.

ഉദാഹരണത്തിന് ബ്രസീലിന്റെ സാംബാ താളത്തിനൊപ്പമുള്ള കേളീശൈലി എന്നൊക്കെ ആലങ്കാരികമായി പറയുമെങ്കിലും അങ്ങനെയൊരു ശൈലിയില്‍ ബ്രസീല്‍ കളിച്ച അവസാന ലോകകപ്പാണ് 1986ലേത്. കേരളത്തിലെ കളിപ്രേമികളുടെ മനസില്‍ ഫുട്ബോള്‍ അടിവരയിട്ടു സ്ഥാനം പിടിച്ചത് മെക്സിക്കോ ലോകകപ്പിലെ ഈ തനതു ശൈലികളുടെ സമ്മേളനവും ഗാലറികളെ ആവേശഭരിതമാക്കിയ മെക്സിക്കന്‍ തിരമാലകളുമാണ്.

ഒന്നോര്‍ക്കണം, 1986-ല്‍ ജര്‍മ്മനിക്കെതിരേ ഫൈനല്‍ കളിച്ച അര്‍ജന്റൈന്‍ ടീമില്‍ 'ഫുട്ബോള്‍ ദൈവം' മറഡോണയും വാള്‍ദനോയുമൊഴികെ ഭൂരിഭാഗവും അവരുടെ ക്ലബ് ഫുട്ബോള്‍ ജീവിതം ചെലവഴിച്ചത് ലാറ്റിനമേരിക്കന്‍ മണ്ണില്‍ത്തന്നെയായിരുന്നു. എതിരാളികളുടെ പാളയത്തിലേക്ക് ഇരച്ചുകയറുന്ന ആക്രമാണാത്മക ഫുട്ബോളിന്റെ സൌന്ദര്യം അവരുടെ കാലുകളില്‍ നിറഞ്ഞു നിന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

1990ലെ ലോകകപ്പെത്തിയപ്പോള്‍ നേരെതിരിച്ചായി കാര്യങ്ങള്‍. അര്‍ജന്റൈന്‍ ടീമില്‍ അത്തവണ ലാറ്റിനമേരിക്കന്‍ ക്ലബുകളില്‍ കളിക്കുന്നവര്‍ വിരളമായിരുന്നു(എങ്കിലും തപ്പിത്തടഞ്ഞവര്‍ ഫൈനല്‍ വരെയെത്തിയത് വേറേ കാര്യം).

പിന്നീടുള്ള ലോകകപ്പുകളൊക്കെ കാണുമ്പോള്‍ ഒരു സത്യം മനസില്‍ തെളിയുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ടീമുകളും ഏറ്റവും മികച്ച കളിക്കാരും ഏറ്റുമുട്ടുന്ന വേദിയാണ് ഇതെന്ന് പറച്ചില്‍ മാത്രമേയുള്ളൂ. ഫലത്തില്‍ ക്ലബ് ഫുട്ബോളില്‍ കളിച്ചു തളര്‍ന്ന് ചണ്ടിക്കുതുല്യമായ കളിക്കാരുടെ സമ്മേളനം മാത്രമാണിത്.

ഫുട്ബോളിന്റെ ഏറ്റവും സൌന്ദര്യാത്മക ശൈലിയില്‍ കളിക്കുന്ന ടീമുകളാണല്ലോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേത്. സ്വാഭാവികമായും ഏറ്റവുമധികം താരങ്ങള്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോളിന്റെ വിരസ ശൈലിയിലേക്കു പറിച്ചു നടപ്പെടുന്നതും ഇവിടെ നിന്നാണ്. ഒരുദാഹരണമെടുത്താല്‍ ഇത്തവണ ലോകകപ്പിനെത്തുന്ന ബ്രസില്‍, അര്‍ജന്റൈന്‍ ടീമംഗങ്ങളെല്ലാവരും ആദ്യമായി ഒത്തു ചേരുന്നത് ലോകകപ്പിന്റെ വേദിയിലായിരിക്കും. അതിനു തൊട്ടുമുന്‍പു വരെ യൂറോപ്പിലെ പല ക്ലബുകളിലായി കളിച്ചു തളര്‍ന്ന് പരസ്പരം അറിയാതെ എത്തുന്നു കളിക്കാരുടെ കൂട്ടമാണീ ടീമുകള്‍.

ഈ ക്ലബ് ഫുട്ബോള്‍ കൊലപാതകത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികാളാണ് യഥാര്‍ത്ഥത്തില്‍ അര്‍ജന്റൈന്‍ ടീം. 1970കള്‍ മുതല്‍ ലോക യൂത്ത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണവരുടേത്. എന്നാല്‍ ഈ പ്രകടനം നിലനിര്‍ത്താന്‍ അവര്‍ക്കാകുന്നില്ല. കളിക്കളത്തില്‍ മിന്നല്‍പ്പിണറുകളാകുന്ന യൂത്തന്മാരെ അപ്പൊള്‍ത്തന്നെ യൂറോപ്യന്‍ ക്ലബുകള്‍ റാഞ്ചി വരിയുടയ്ക്കുന്നതാണിതിനു കാരണമെന്ന് നിസ്സംശയം പറയാം.

അപ്പോള്‍ പറഞ്ഞുവരുന്നത്, ഈ ലോകകപ്പിലും എനിക്കു വലിയ പ്രതീക്ഷയൊന്നുമില്ല. ഇഷ്ടതാരങ്ങളും ഇഷ്ടടീമുകളും ഏറെയുണ്ടെങ്കിലും അവര്‍ക്കൊക്കെ എത്രകണ്ടു ശോഭിക്കാനാകുമെന്ന് എനിക്കറിയില്ല.

താരനിബിഡമായ ടീമുകളേക്കാള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നു എന്ന മേന്മ മാത്രമുള്ള പുതുടീമുകള്‍ അട്ടിമറി സൃഷ്ടിച്ച് ശ്രദ്ധേയരാകുന്നു എന്നതാണ് ഇതുപോലെയുള്ള കപ്പുകള്‍ക്കൊണ്ടുള്ള മെച്ചം. അത്തരം അട്ടിമറികളോടെ അവരും ക്ലബ് ഫുട്ബോളിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കപ്പെടുന്നു; കളിച്ചു മരിക്കുന്നു. പോയ ലോകകപ്പിലെ അട്ടിമറി വീരന്മാര്‍ സെനഗല്‍ ഉദാഹരണം. ഇത്തവണ അവര്‍ യോഗ്യത നേടിയിട്ടുപോലുമില്ല!

കാര്യമിതൊക്കെയായാലും ലോകകപ്പല്ലേ. ടി വിക്കു മുന്നില്‍ കുത്തിയിരിക്കാന്‍ ഞാനുമുണ്ട്. ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ കളികാണാനാണ് ഏറ്റവുമിഷ്ടം. പിന്നെ സുന്ദരമായ ഫുട്ബോള്‍ കളിക്കുന്ന പോര്‍ച്ചുഗല്‍, ചെക് റിപബ്ലിക് എന്നീ യൂറോപ്യന്മാരുടെ കളിയും. അര്‍ജന്റീനയ്ക്കും ബ്രസീലിനും കൈമോശം വന്ന ശൈലി നടപ്പാക്കുന്ന ടീമുകളാണിവ.

പിന്നെ ആഫ്രിക്കയിലെ കറുത്ത മുത്തുകള്‍ കളിക്കളത്തില്‍ നടത്തുന്ന പൊരിഞ്ഞ പോരാട്ടങ്ങളും കാണാനെനിക്കു കൊതിയുണ്ട്.

എല്ലാമായാല്‍ ലോകകപ്പായി. അപ്പോള്‍ ഇനി ജീവിതം 27 ഇഞ്ചു പെട്ടിക്കു മുന്നില്‍ത്തന്നെ.
കടവുളേ, കാപ്പാത്തുങ്കോ!

14 comments:

അരവിന�ദ� :: aravind said...

കൊള്ളാം! നല്ല പോസ്റ്റ്.
എന്റെ എക്കാലത്തേയും ഫേവറിറ്റുകള്‍ അര്‍ജ്ജന്റീനയാണ്.
ഇപ്രാവിശ്യവും അധികം കുഴപ്പമില്ലാത്ത ഒരു ടീം സോറിന്റെ കീഴില്‍ അവര്‍ക്കുണ്ട്.
ക്രെസ്പോ, റിക്വല്‍മെ, ലിയോണല്‍ മെസ്സി. പിന്നെ അലട്ടുന്ന കാര്യം അര്‍ജ്ജന്റീന്‍ ടീനേജ് സെന്‍സേഷനായ ഒരു ചെക്കനെ(പേരു മറന്നു പോയി) ടീമിലെടുക്കാന്‍ സ്ഥലമില്ല എന്ന വാര്‍ത്തയാണ്. എന്തോ ചീഞ്ഞു നാറുന്നു.(മറഡോണ 78 ല്‍ പുറത്തിരുന്നപോലെയാകുമോ എന്തോ?)

പിന്നെ ലാറ്റിനമേരിക്ക എന്ത് കളി കളിച്ചാലും ഇംഗ്ലന്‍ണ്ടിന്റെ അത്രയും അറ്റാക്കിംഗ് കളി കളിക്കില്ല എന്നാണ് എന്റെ പക്ഷം. ഇംഗ്ല്ണ്ടിന് ഡിഫന്റ് ചെയ്യാനറിഞ്ഞൂടാ. പറയുമ്പോള്‍ ആഷ്‌ലി കോള്‍, ജോണ്‍ ടെറി, റിയൊ ഫേര്‍ഡിനാന്‍ഡ്, കലാഗര്‍ ഇവരൊക്കെയുണ്ട്. റോബിന്‍സണ്‍ ഗോളിയുമുണ്ട്. പക്ഷേ ഗോളു കയറുന്നതിന് കുറവുണ്ടാവില്ല. ഡിഫന്‍സ് മോശമായത് കൊണ്ടല്ല. ഇറ്റലിയെ പോലെ പ്രതിരോധത്തിലൂന്നി കളിക്കാനുള്ള മടിയാണ് കാരണം എന്ന് തോന്നുന്നു. അറ്റാക്ക് ഈസ് ദ ബെസ്റ്റ് ഡിഫന്‍സ് എന്ന് തത്വം.

യു.എസ്. എ. 94 ഇലെ ഇറ്റാലിയന്‍ ടീമായിരുന്നു എന്റെ ഡ്രീം ടീം. ഹോ! എന്നാ ലൈനപ്പാ! മാള്‍ഡീനി, ഡൊനാഡോണി, കോസ്റ്റാകുര്‍ട്ടാ, സിനോറി, വിയേരി, മസ്സാരോ, പിന്നെ ഗോളി പഗ്ലിയൂക്കായും , കുന്തമുന ബാജിയോയും. അന്ന് ബാജിയോ പെനാല്‍ട്ടി ടഫറേലിന്റെ മുകളിലൂടെ പുറത്തേക്കടിക്കുന്നത് കണ്ട് ഞെട്ടിയ ഞെട്ടല്‍ ഇമാന്വല്‍ പെറ്റിറ്റ് മൂന്നാം ഗോളടിച്ച് ബ്രസീലിനെ പാരീസില്‍ മുട്ടുക്കുത്തിക്കുന്നത് വരെ നീണ്ടു.

ഇത്തവണ എന്റെ ബെറ്റ് ഇംഗ്ല്ണ്ടോ, ജെര്‍മനിയോ നേടും എന്നാണ്. മനസ്സിന്റെ ഉള്ളില്‍ ഏറ്റവും ചാന്‍സ് ബ്രസീലിനാണെന്നറിയാം. എങ്കിലും.
സൌത്ത് ആഫ്രിക്ക അത്ഭുതകരമായി ക്വാളിഫൈ ചെയ്തില്ലെങ്കിലും , ആഫ്രിക്കക്ക് പ്രതീക്ഷ, സെനെഗലിലും, ഐവറികോസ്റ്റിലുമാണ്. ദിദിയര്‍ ഡ്രോഗ്ബായുടെ ഐവറി കോസ്റ്റ്.

തമാശ : സൌത്ത് ആഫ്രിക്കയുടെ ഫുട്ബാള്‍ ടീം ബഫാന-ബഫാന എന്ന പേരിലാണ് അറിയപ്പെടുന്നത്. (റഗ്ബി ടീം , സ്പ്രിംഗ്‌ബോക്സ് എന്നും). ബഫാന-ബഫാനയും ബ്രസീലും കളി നടന്നപ്പോള്‍ റൊണാള്‍ഡീഞ്ഞോ സഹ കളിക്കാരോട് പറഞ്ഞത്രേ, ഈ ബഫാനയെ നേരിടാന്‍ ഞാനൊറ്റക്ക് മതി, നിങ്ങള്‍ റിലാക്സ് ചെയ്യ് എന്ന്.
ഓകെ. ഒരു വശത്ത് ഫുള്‍ സൌത്ത് ആഫ്രിക്കന്‍ ടീം, മറു വശത്ത് റൊണാള്‍ഡീഞ്ഞോ.ഒറ്റക്ക്.
പത്താം മിനിട്ടില്‍ റോണാള്‍ഡീഞ്ഞോ ഗോളടിച്ചു.
ബ്രസീല്‍ 1 സൌത്ത് ആഫ്രിക്ക 0
കളി കഴിഞ്ഞപ്പോള്‍ സ്കോര്‍
ബ്രസീല്‍ 1 സൌത്ത് ആഫ്രിക്ക 1 (സൌത്ത് ആഫ്രിക്ക 89 ആം മിനിട്ടില്‍ ഗോള്‍ മടക്കി)

പക്ഷേ സംഗതി എന്താന്നല്ലേ, 12-ആം മിനിട്ടില്‍ റൊണാള്‍ഡീഞ്ഞോ റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയിരുന്നു!

വക�കാരിമഷ�ടാ said...

നല്ല ലേഖനം. ഫുട്‌ബോള്‍ സ്ഥിരമായി കാണുമ്പോള്‍ മാത്രം ആവേശം തരുന്ന ഒരു കളിയാണ് എനിക്ക്. മന്‍‌ജിത്തും അരവിന്ദുമൊക്കെ എത്രമാത്രം ഇന്‍‌വോള്‍‌വ്ഡ് ആണ് ഇതില്‍. സമ്മതിച്ചിരിക്കുന്നു. ലോകകപ്പ് സാറ്റുകളി മത്‌സരത്തെപ്പറ്റിയാണെങ്കില്‍ ഞാനെഴുതാം. ഇപ്പോഴും നല്ല നിലവാരം തന്നെ!

അപ്പോ മോനേ, അര്‍മന്ദാ, ലീവു വേണമെന്നു പറഞ്ഞതിതിനായിരുന്നുവല്ലേ...... ഉറക്കളച്ചിരുന്ന് ഫുട്‌ബോളു കാണണം.. അതുകഴിഞ്ഞ് കിടന്നുറങ്ങണം. പിന്നെങ്ങിനെ ബ്ലോഗെഴുതും. ഉം..ഉം... എന്നിട്ട് പരീക്ഷ, പനി, പേടി, ഏകാഗ്രത, ദ്വയാഗ്രത, ത്രികാഗ്രത, ചതുരാഗ്രത..... :)

ഞങ്ങള്‍ ജപ്പാന്‍‌കാര്‍ ഇറങ്ങുവാണ് കേട്ടോ-ഈ തിങ്കളാഴ്ച. ആസ്ത്തുരുവലിയണ്ണന്മാരാണ് എതിര്. കുതികാല്‍ വെട്ട്, കാലുവെയ്പ്, ഉന്ത്, തള്ള്, ചീത്തവിളി ഇതൊന്നുമില്ലാത്ത പാവങ്ങളാണേ ഞങ്ങള്‍. ദേഹോപദ്രവം ഒന്നും ഏല്‍‌പ്പിക്കരുതേ.

venkiteswaran said...

keep it up thru the tournment

Thulasi said...

ഒരു കാലത്ത്‌ സെവന്‍സ്‌ ഫുട്‌ബോളില്‍ തിളങ്ങി നില്‍ക്കുകയും ഇപ്പോള്‍ മലയാളം ഗസലുകള്‍ക്ക്‌ പുതിയ മാനങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന മലപ്പുറത്തെ ഷഹബാസ്‌ അമന്‍ എഴുതുന്ന ഫുട്‌ബോള്‍ കുറിപ്പുകള്‍ വായിച്ചിട്ടുണ്ടോ? ഗംഭീരമാണ്‌. മാത്രുഭൂമിക്ക്‌ വെണ്ട്‌ ഷഹബാസ്‌ ചിട്ടപെടുത്തിയ 'മറഡോണ' എന്ന മലയാളത്തിലെ അദ്യത്തെ ഗസല്‍ ഇന്ന്‌ അവതരിപ്പിക്കും. പ്രശസ്ഥ കഥാകൃത്ത്‌ സുഭാഷ്‌ ചന്ദ്രനാണ്‌ രചന (കിട്ടിയാല്‍ അയചു തരാം)

എം.പി.സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രുഭൂമിയില്‍ എഴുതിയ റോണാള്‍ഡീഞ്ഞോയെ കുറിച്ചുള്ള ലേഖനം ചിലപ്പോള്‍ റോണാള്‍ഡീഞ്ഞോയെകുറിച്ച്‌ ഇതുവരെ വന്നിട്ടുള്ളതില്‍ എറ്റവും മികച്ച ലേഖനമായിരിക്കും

നാട്ടില്‍ അര്‍ജന്റീന ഫാന്‍സ്‌ അസോസിയേഷനുകളും ബ്രസീല്‍ ഫാന്‍സ്‌ അസോസിയേഷനുകളും തമ്മില്‍ പൊരിഞ്ഞ വാശിയാണ്‌.
എന്റെ പക്ഷം

കലേഷ�‌ | kalesh said...

മഞ്ജിത്തിന്റെ എഴുത്ത് വായിക്കാനും നല്ല സുഖം!
മഞ്ജിത്തിന്റെ നിരീക്ഷണങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
ഞാന്‍ കെട്ടികഴിഞ്ഞ് മൂകാംബിക പോയിരുന്നു. കോഴിക്കോട് സൈഡൊക്കെ എത്തിയപ്പം തൊട്ട് റോഡരികില്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും ഇംഗ്ലണ്ടിനെയുമൊക്കെ ദേശീയ പതാകകള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ പലയിടത്തും കണ്ടു. അതുപോലെ തന്നെ വല്യ ഫ്ലക്സ് ബോര്‍ഡുകളില്‍ ലോകകപ്പ് കളിക്കുന്ന ടീമുകളുടെയും സൂപ്പര്‍സ്റ്റാറുകളുടെയും ഒക്കെ പടങ്ങള്‍ പരസ്യപലകകള്‍ പോലെ വച്ചിരിക്കുന്നു. ചിലയിടങ്ങളില്‍ ചില സ്വര്‍ണ്ണക്കടകള്‍ അവ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു! തെക്കന്‍ കേരളത്തിലൊന്നും അത്രയ്ക്കൊരു ഫുട്ബോള്‍ ജ്വരം ഞാന്‍ കണ്ടില്ല. എന്താകും കാരണം?

അരവിന�ദ� :: aravind said...

വക്കാരീ :-))

യേ!!! തുളസീ :-))) കൊടു കൈ!
സമയമുണ്ടാരുന്നേ ഞാന്‍ ടിക്കറ്റേടുത്തങ്ങോട്ട് വന്നേനെ, ഒരേ ഗ്രൂപ്പിലുള്ള ആള്‍ക്കാരുമൊത്ത് ഫുട്ബോള്‍ കാണുന്നതിലും രസം പിന്നെന്തുണ്ട്! :-)

തുളസ്യേ അപ്പോ നമക്ക് പാടാം , പണ്ട് 86 ല്‍ അര്‍ജ്ജന്റീനിയന്‍ ഫാന്‍സ് ഓരോ കളിക്കു മുന്‍പേയും അലറിവിളിച്ചു പാടിയ പാട്ട്.
(തര്‍ജ്ജമ)
ഓ ബ്രസീലിയന്‍സ് ഓ ബ്രസീലിയന്‍സ് വൈ യൂ ആള്‍ ലുക്ക് സോ വറീഡ്
ഒഫ്‌കോഷ്സ് ഒഫ്‌കോഷ്സ് ബികോസ് മറഡോണ ഈസ് ഗ്രേറ്റര്‍ ദാന്‍ പെലെ!

ലിനേക്കര്‍ മീറ്റ്സ് മറഡോണ എന്ന് പറഞ്ഞ് ഒരു തകര്‍പ്പന്‍ പ്രോഗ്രാമുണ്ടായിരുന്നു ടി വി യില്‍. ലിനേക്കര്‍ മറഡോണയെ ഇന്റര്‍വ്യൂ ചെയ്യുന്നു.
86 ലെ ദൈവത്തിന്റെ കൈയ്യെക്കുറിച്ച് ചോദിച്ചപ്പോള്‍ മറഡോണയുടെ മറുപടി എന്നെ ഞെട്ടിച്ചു.
അദ്ദേഹം പറഞ്ഞു : ഞാന്‍ നോക്കിയപ്പോള്‍ പീറ്റര്‍ ഷില്‍ട്ടണ്‍ മുന്നില്‍. ഒരിക്കലും എനിക്ക് അദ്ദേഹത്തെ വായുവില്‍ തോല്‍പ്പിച്ച് ബോളെടുക്കാന്‍ കഴിയില്ല. അപ്പോ പതുക്കെ ഇടത്തെ കൈയ്യാല്‍ ......(നാവു വളച്ച് ഒരു ശബ്ദം)
ഗോളടിച്ച് കഴിഞ്ഞ് ഞാന്‍ സെലിബ്രേറ്റ് ചെയ്യാന്‍ ഓടിയപ്പൊള്‍ റഫറിയെ പതുക്കെ ഒന്നൊളിഞ്ഞു നോക്കി.ഇല്ല, അങ്ങേര്‍ ഹാന്‍ഡ് വിളിച്ചിട്ടില്ല.
മറ്റു സഹ കളിക്കാര്‍ അപ്പോഴും സംശയത്തിലായിരുന്നു. അവരോട് ഞാന്‍ അലറി..കമോണ്‍ കമോണ്‍, വന്നെന്നെ കെട്ടിപ്പിടിക്കൂ...അത് ഗോളാണ്..ഗോള്‍!

ചതിയല്ലേ അത് എന്ന് ലിനേക്കര്‍ ചോദിച്ചപ്പോള്‍ മറഡോണ പരുങ്ങി.
“അല്ല, ചതിയല്ല..അത് ഒരു തന്ത്രമാണ്.” അദ്ദേഹം പറഞ്ഞു.
“യേസ്. ഞാന്‍ റഫറിയേ മാത്രമേ കുറ്റം പറയൂ..” ബ്രിട്ടീഷ്കാരുടെ നോബിളിറ്റി.

എണ്ണം പറഞ്ഞ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഒരു ഗോള്‍ പിന്നാലെ മറഡോണ അടിച്ചു എന്നത് വേറെ കാര്യം.

പിന്നെ ദൈവത്തിന്റെ കൈ എന്ന് അന്ന് പറഞ്ഞതെന്താണ്? ലിനേക്കര്‍.
അതോ? ഇത് എന്റെ കൈ..എന്റെ കൈ ദൈവം തന്ന കൈ..സോ ഇത് ദൈവത്തിന്റെ കൈ..മറഡോണ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചുപോയി.

ഞാനടക്കം മറഡോണ ഫാന്‍സിന് സന്തോഷിക്കാന്‍ മറ്റൊരു കാര്യം : ക്യൂബയിലെ റിഹാബിലിറ്റേഷനു ശേഷം മറഡോണ ആരോഗ്യവാനായി ഇരിക്കുന്നു. :-)
ബൊക്കായുടെ കളി കാണാന്‍ തന്റെ ബീമര്‍ 3 സീരീസില്‍ (കാശൊന്നുമില്ലേ?) കയറി പോകുന്നു. ഗ്യാലറിയില്‍ നിന്നാര്‍ക്കുന്നു.
രണ്ട് വര്‍ഷമായി ഡ്രഗ്സ് ഉപയോഗിച്ചിട്ടെന്ന് പറയുന്നു. സന്തോഷം. :-)

പാപ�പാന��‌/mahout said...

എല്ലാ കളിയും ഇവിടെ പകല്‍‌സമയത്താണ്‍ എന്നത് ഒരു വലിയ പാരയായി. ശനി, ഞായര്‍ ദിവസങ്ങളിലേതൊഴിച്ച് മറ്റൊന്നും live ആയിക്കാണാന്‍ ഒരു വഴിയും കാണുന്നില്ല. കണ്ടാരത്തപ്പന്‍ കനിയട്ടെ.

Thulasi said...

അരവിന്ദ, ഇനി ഇതു തന്നെ പാട്ട്‌ :))
മറഡോണയ്ക്കു മാത്രമാറ്റി ഞങ്ങളൊരു കൂറ്റന്‍ ഫ്ലെക്സ്‌ ഒരുക്കുന്നുണ്ട്‌.അതില്‍ ഇങ്ങനെ എഴുതി ബ്രസീലുകാരെ വെല്ലുവിളിക്കാനാണ്‌ പ്ലാന്‍.

"പെലെ ഒരു രാജാവായിരിക്കാം, എന്നാല്‍ മറഡോണ ദൈവമാകുന്നു"

അഡിഡാസിന്റെ ഈ ആഡ്‌ കണ്ടിട്ടുണ്ടാവും,ല്ലേ?

അരവിന�ദ� :: aravind said...

അടിപൊളി തുളസി :-))
എത്ര കണ്ടാലും മടുക്കില്ലല്ലോ ഈ ടൈപ്പ് പരസ്യങ്ങള്‍ :-)

പിന്നെ നമ്മടെ ചങ്ങായിമാര്‍ക്ക് എല്ലാ പിന്തുണയും...ജേഴ്സി ഒക്കെ സ്റ്റോക്ക് കാണും അല്ലേ? ഞാന്‍ ഇംഗ്ലണ്ടിന്റേ കൂടി വാങ്ങി. സെക്കന്റ് പ്രിഫറന്‍സ്. :-)

ലോകകപ്പ് പ്രമാണിച്ച് ടിവിയില്‍
ഫിഫ ഒഫീഷ്യല്‍ ഫിലിംസ് കാണിക്കുന്നുണ്ടായിരുന്നു.
ഒരു ലോകകപ്പ് ഒന്നേമുക്കാല്‍ മണിക്കൂര്‍ വച്ച്, 1930 റ്റു 2002.
ഉഗ്രന്‍ ഫുട്ടേജുകള്‍, നല്ല കമന്ററി, കളക്റ്റേര്‍സ് ഐറ്റം.
അതെല്ലാം റെക്കോഡ് ചെയ്ത് സി‌ഡിയിലാക്കി താത്പര്യമുള്ള എല്ലാവര്‍ക്കും കൊടുക്കണം എന്നുണ്ടായിരുന്നു.
പക്ഷേ റെകോര്‍ഡ് ചെയ്യാന്‍ വീട്ടില്‍ സെറ്റപ്പില്ല. പണ്ടാരം.

തന്നെക്കടന്ന് വലയിലേക്കുരുളുന്ന ബോള്‍ നോക്കി നിലത്തു കിടക്കുന്ന കീപ്പറെ പോലെ, നിസ്സഹായനായി, ടി വിയില്‍ വന്നു പോകുന്ന എപ്പിസോഡുകള്‍ നോക്കിയിരുന്നു.

മന��ജിത�‌ | Manjith said...

അരവിന്ദേ നിരീക്ഷണങ്ങള്‍ക്കു നന്ദി. ശരിയാണ്, ഏതു കാലത്താണ് അര്‍ജന്റൈന്‍ ടീമില്‍ കേമന്മാര്‍ക്കു പഞ്ഞമുണ്ടായിരുന്നത്? ഇത്തവണയും ഇടിവെട്ടു താരങ്ങള്‍ത്തന്നെ. പക്ഷേ പ്രശ്നം ഒന്നു സെറ്റായി വരാന്‍ താമസിക്കുന്നു എന്നതാണ്. ആദ്യകളിമുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എല്ലാം പോക്കാ. അതും മരണക്കിണറിലാ ഇത്തവണ കളി. ഇംഗ്ലണ്ടിന്റെ ടീം ഇത്തവണയും മികച്ചതുതന്നെ. പക്ഷേ 98ല്‍ ഓവന്‍ നടത്തിയ ചില കുതിപ്പുകളൊഴിച്ചാല്‍ അവരുടെ ശൈലി അത്ര ആക്രമണാത്മകമാണോ? ഒത്തൊരുമയില്ലാത്ത അവരുടെ കേളീശൈലിയോട് എനിക്കു വലിയ താല്പര്യമില്ല.

കാര്യമെന്തൊക്കെ പറഞ്ഞാ‍ലും പ്രതിരോധം മറന്ന് ആക്രമിച്ചു കളിക്കുന്ന ടീമുകള്‍ ഇക്കാലത്ത് സൂക്ഷിക്കേണ്ടിയിരിക്കുന്നു. അത് അര്‍ജന്റീനയായാലും ഇംഗ്ലണ്ടായാലും ബ്രസീലായാലും ചില കാര്യങ്ങള്‍ അവഗണിച്ചുകൂടാ. കഴിഞ്ഞ യൂറോകപ്പിലെ ഗ്രീസിന്റെ പ്രകടനം തന്നെ ഉദാഹരണം. ഏറ്റവും വൃത്തികെട്ട ഫുട്ബോള്‍ കളിച്ച അവര്‍ അവിടെ ചാമ്പ്യന്മാരായി. കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണ കൊറിയയും ഏതാണ്ടീ ശൈലിയാണു സ്വീകരിച്ചത്. ഫുട്ബോള്‍ സൌന്ദര്യത്തിന്റെ കടക്കല്‍ കത്തി വയ്ക്കുന്ന ഈ ടീമുകള്‍ നന്നായി കളിച്ച എത്ര ടീമുകളെയാണു പുറന്തള്ളിയത്. അങ്ങനെയുള്ളവന്മാര്‍ ഇത്തവണ ജര്‍മ്മനിയില്‍ ഉണ്ടാവരുതേ എന്നാണെന്റെ പ്രാര്‍ത്ഥന. ഏതായാനും യവനന്മാര്‍ ഇല്ല, അത്രയും നന്ന്.

വക്കാരിയേ, നിങ്ങടെ നിപ്പോണന്മാര്‍ ആകെ പ്രശ്നത്തിലാണെന്നാണല്ലോ അറിയുന്നത്. സൂപ്പര്‍താരം നകാത തന്നെ സീക്കോയ്ക്കും കൂട്ടര്‍ക്കുമെതിരെ അടുത്തിടെ വെടിപൊട്ടിച്ചിരുന്നു. കംഗാരുവണ്ണന്മാര്‍ കുറഞ്ഞ പുള്ളികളൊന്നുമല്ലെന്നു വിളിച്ചു പറഞ്ഞേക്ക്. ഗൂസ് ഹിഡിങ്കാണു പരിശീലകന്‍. ഒരട്ടിമറിക്കുള്ള മരുന്നവരുടെ പക്കലുണ്ട്.

വെങ്കിടേശ്വരാ ഇവിടെ എത്തിയതിനു നന്ദി. ഒരു മാ‍സത്തേക്ക് അല്പംകൂടി സജീവമാകാന്‍ ശ്രമിക്കാം.

തുളസീ, ഷബാസിന്റെ പാട്ടും എഴുത്തും എനിക്കിഷ്ടമാണ്. ഫുട്ബോളെഴുത്തു വിശേഷിച്ചും. ഫുട്ബോള്‍ കവറേജില്‍ മാതൃഭൂമി വിശേഷിച്ച് അവരുടെ സ്പോര്‍ട്സ് മാസിക ഒരു പിടി മുന്നിലാണ്. പക്ഷേ ലാറ്റിനമേരിക്കന്‍ പ്രേമം ലേശം കൂടുതലാണോ എന്നൊരു സംശയമെനിക്കുണ്ട്.

കലേഷേ ശരിയാണ്, മലബാറിന്റെ ഫുട്ബോള്‍ ഹൃദയം ഒന്നു കാണേണ്ടതാണ്. അതു തൊട്ടറിയാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മനോരമയില്‍ ഞങ്ങള്‍ മലപ്പുറം എഡിഷനില്‍ മാത്രമായി ഒരു ഫുട്ബോള്‍ സ്പെഷ്യല്‍ പേജ് പുറത്തിറക്കിയിരുന്നു. ഇപ്പോഴത് ഉണ്ടോ ആവോ? കേരളത്തിലെ മികച്ച കളിയെഴുത്തുകാര്‍ പോലും ലോകകപ്പും ചാമ്പ്യന്‍സ് ലീഗുമൊക്കെയായി തട്ടിമുട്ടി നീങ്ങുമ്പോള്‍ മലപ്പുറത്തെ സാധാരണ ഫുട്ബോള്‍ പ്രേമി ഭൂഗോളത്തിലെ സര്‍വ്വ മത്സരങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നുണ്ട്. നമ്മുടെ പത്രങ്ങള്‍ കവര്‍ ചെയ്യാത്ത ലിബര്‍ട്ടദോസ് കപ്പ് പോലുള്ള ലാറ്റിനമേരിക്കന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പുപോലും അവര്‍ ഫോളോ ചെയ്യുന്നുണ്ട്. റയല്‍ മാഡ്രിഡ് പോലെ അവര്‍ക്കു ബൊക്കാ ജൂനിയേഴ്സും റൊസാരിയോ സെന്‍‌ട്രലും ഒക്കെ പരിചിതമാണ്. മലപ്പുറത്തിന്റെ ഫുട്ബോള്‍ മനസിനെപ്പറ്റി എന്റെ സുഹൃത്ത് ശരത്കൃഷ്ണ മാതൃഭൂമി ഗള്‍ഫ് ഫീച്ചറില്‍ ഒരുഗ്രന്‍ ലേഖനമെഴുതിയിട്ടുണ്ട്. ഇവിടെ വായിക്കാം.

പാപ്പേനേ, നന്ദി. ഞാനേതായാലും ഒരു മാസത്തേക്ക് വീട്ടിലിരുന്നു ജോലി ഏര്‍പ്പാടാക്കിയിട്ടുണ്ട്. വേള്‍ഡ് കപ്പ് പോയിട്ട് ചായക്കപ്പിനെപ്പറ്റിപ്പോലും ബോസിനു വിവരമില്ലാത്തതു ഭാഗ്യം. മാനി തന്നാല്‍ കിടിലന്‍ മത്സരങ്ങള്‍ പിടിച്ചെടുത്തയച്ചു തരാം. ;)

എല്ലാവര്‍ക്കും നന്ദി. അപ്പോള്‍ ഇനി ഒരു മാസം ഫുട്ബോള്‍ പോസ്റ്റുകള്‍ ബ്ലോഗു നിറയ്ക്കട്ടെ.

saptavarnangal said...

ലക്ഷ്യം വിജയം മാത്രമാകുമ്പോള്‍ കളിയുടെ ശൈലിക്കു എന്തു പ്രാധാന്യം?
സാംബ താളവും ലാറ്റിന്‍ അമേരിക്കന്‍ ആക്രമണ ശൈലിയും കോച്ചുകള്‍ വീട്ടില്‍ വെച്ചിട്ട്‌ പോരും.. ഡിഫെന്‍സ്‌ ശക്തമാക്കുമ്പൊള്‍ കളിയുടെ ഭങ്ങിയണ്‌ പോകുന്നതു.. ബോറന്‍ ഗോള്‍ ലെസ്സ്‌ സമനിലകള്‍ ഉണ്ടാകുന്നു.. അല്ലെങ്കില്‍ ഒരു 1-0 വിജയം..എന്തൊക്കെ ആയാലും റ്റീം ജയിച്ചാല്‍ മതി. ഇതായിരിക്കും കോച്ചുകളുടെ ചിന്ത.

കുറച്ചു ഇംഗ്ലീഷ്‌ പ്രെമിയര്‍ ലീഗൂം പിന്നെ അതിലും കുറച്ചു ചാമ്പ്യന്‍സ്‌ ലീഗും മാത്രമെ കാണാറുണ്ടയിരുന്നൊള്ളു.. മറ്റു റ്റീമുകളെ കുറിച്ചുള്ള വിവരങ്ങല്‍ കുറവ്‌.. പ്രത്യേകിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍!

എന്റെ ഇഷട റ്റീം ബ്രസില്‍ തന്നെയാണു്‌.. അവരുടെ നീക്കങ്ങളുടെ ചടുലതയും മനോഹാരിതയും വെറെ ഏതു റ്റീമിനുണ്ട്‌.. രൊഹ്നല്‍ദിനൊ - (rohnaldino) എന്ന playmaker വെല്ലാന്‍ വെറെയാര്‌ ? തന്ത്ര പൂര്‍വം ചില പാസ്സുകള്‍.. kakka yum ronalodo yum നോക്കി നില്‍ക്കുന്നു.. പിന്നെ പിന്‍ നിരയില്‍ കാര്‍ലൊസും കഫും ..

ബ്രസില്‍ കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ചാന്‍സ്‌ കാണുന്ന റ്റീം england അന്നു..പക്ഷെ റ്റീം എങ്ങനെ എപ്പോള്‍ സെറ്റാകും എന്നതായിരിക്കും erricsion -ന്റെ പ്രശ്നം..പേപ്പറില്‍ നല്ല റ്റീം, ഇന്ത്യന്‍ ക്രിക്കറ്റ്‌ റ്റീമിനെപ്പൊലെ .. ഒരോ കളി കഴിയുമ്പൊളെ അറിയാന്‍ പറ്റു..

ഞാന്‍ പ്രതീക്ഷയോടെ നോക്കുന്ന മറ്റൊരു റ്റീം - ഓറഞ്ച്‌ റ്റീം - നെതെര്‍ലാന്ദ്സ്‌ (netherlands- Holland)..
അവര്‍ ഒരു സെമി വരെയെങ്കില്ലും എത്തും എന്നു മനസ്സു പറയുന്നു...

Adithyan said...

ക്ലബുകള്‍ ജയിക്കുമ്പോള്‍ തോല്‍ക്കുന്നത്‌ ഫുട്ബോള്‍ ആണ്... ഡൊളറും പൌണ്ടും ഒക്കെ കളി നിയന്ത്രിയ്ക്കുന്ന ഈ ക്ലബ് ഫുട്ബോള്‍ കാരണം ഇപ്പോള്‍ ദേശീയ ശൈലികള്‍ ഇല്ലെന്നായിരിയ്ക്കുന്നു.
ഉള്ളത്‌ ക്ലബ്‌ ചാമ്പ്യന്‍ഷിപ്പുകളിലെ ചില തട്ടുപൊളിപ്പന്‍ ഒറ്റയാന്‍ പ്രകടങ്ങളും പിന്നെ ചില മഴവില്ല്‌ ഫ്രീകിക്കുകളും. ആര്‍ക്കോ വേണ്ടിയെന്ന പോലത്തെ ഡിഫന്‍സും...

എന്തേ കഴിഞ്ഞ ലോകകപ്പില്‍ റോണാള്‍ഡോ തിളങ്ങാത്തത്‌? ശരിയ്കും രണ്ടു ഫുള്‍ടൈം ഡിഫന്‍ഡേഴ്സ്‌ മാര്‍ക്ക്‌ ചെയ്യാന്‍ എത്തിയപ്പോ‍ള്‍ രാജകുമാരന്‍ കളി മറന്നോ?

എന്തേ കാര്‍ലോസിന്റെയും ബെക്കാമിന്റെയുമൊന്നും ആ മാരക മാന്ത്രിക ഫ്രീകിക്ക്‌ ഗോളുകള്‍ ലോകകപ്പില്‍ പിറന്നില്ല? ഒരു നല്ല ‘വോള്‍’ ഇട്ടാല്‍ പിന്നെ ഇവരുടെ ഒന്നും കിക്കുകള്‍ വളയില്ലെ?

അധികമൊന്നും പ്രതീക്ഷിയ്ക്കാതെ കളി കാണാനിരിയ്ക്കുകയാണു നല്ലതെന്നു തോന്നുന്നു.

സുനില്‍ said...

മന്‍‌ജിത്ത്‌ ഞാന്‍ ഈ ലേഖനം “അക്ഷരം”എന്ന ലോക്കല്‍ മാഗസിനില്‍ പ്രസിധ്ധീകരിക്കാനെടുക്കട്ടേ?(ഇന്‍ഫാക്റ്റ് എടുത്തു എന്നുപറയുന്നതാവും ശരി.. എല്ലാ‍ാത്തരം ക്ര്എഡിറ്റുകളോടെ തന്നെ.)-സു-

മന��ജിത�‌ | Manjith said...

സുനില്‍,

നന്ദി. എന്റെ രചനകളെല്ലാം ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിന്‍ കീഴിലാണ്. ഏടുത്തിടാന്‍ അനുവാദം ചോദിച്ചു സമയം കളയേണ്ടതില്ല.

ബൈ ദ് ബൈ, പന്തുരുണ്ടു കഴിഞ്ഞല്ലോ...തുടക്കം ഒന്നു മാറ്റിക്കോ, ഒടുക്കവും.

No comments: