Sunday, January 15, 2006

കാണുക, കറുപ്പ്‌

വളരെ നാളുകള്‍ക്കു ശേഷം ഇന്നലെ ഒരു ഹിന്ദി സിനിമ കണ്ടു. ഇവിടെ മലയാളം പുതിയതൊന്നും കിട്ടാത്തതിനാല്‍ ഹിന്ദി ഒന്നു പരീക്ഷിക്കാമെന്നു കരുതി. സഞ്ജയ്‌ ലീലാ ബന്‍സാലി എന്ന പേരു കവറിനു പുറത്തു കണ്ടാണ്‌ ഡിവിഡി എടുത്തത്‌. പ്രതീക്ഷ തെറ്റിയില്ല. കണ്ടിരിക്കേണ്ട ചിത്രം. പല തരത്തിലും പെര്‍ഫെക്റ്റ്‌.

താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം വായിച്ചു കഴിഞ്ഞപ്പോള്‍ മരണം എന്ന മനുഷ്യാവസ്ഥയോട്‌ എനിക്ക്‌ വളരെ ആരാധന തോന്നി. ജീവന്‍ മശായി എന്ന കഥാപാത്രത്തെ വായിച്ചാല്‍ ആരാണ്‌ മരണത്തെ സ്നേഹിച്ചു പോകാത്തത്‌. ഇതുപോലെ ബ്ലാക്ക്‌ കണ്ട ശേഷം അന്ധത, മൂകത എന്നിങ്ങനെ മനുഷ്യന്‍ ഇഷ്ടപ്പെടാത്ത ദുരിതങ്ങളോടും ഒരാരാധന മനസില്‍. പിന്നെ കറുപ്പ്‌ എന്ന നിറത്തോടും.

ഹിന്ദി സിനിമ എന്നപൊതുവായ വിലയിരുത്തലിന്റെ പേരില്‍ ബ്ലാക്കിനെ ആരെങ്കിലും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ പറയട്ടെ അതൊരു വലിയ നഷ്ടമാകും. തീര്‍ച്ചയായും കാണുക .

ഞാനെന്തൊരു മണ്ടനാ. നിങ്ങളെല്ലാം എപ്പൊഴേ കണ്ടുകാണും ഈ പടം. എന്നാലും കാണാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടിയുള്ളതാണ്‌ ഈ കുറിപ്പ്‌. നല്ലൊരു സിനിമ കണ്ടിട്ടും പറയാത്തവരോടുള്ള പ്രതിഷേധവും.

9 comments:

സു | Su said...

ഈ ലോകത്ത് ദുരിതങ്ങള്‍ പലതും ഉണ്ട്. ചിലര്‍ക്ക് അതിനോടൊക്കെ ആരാധനയും ഉണ്ട്. പക്ഷെ ചിലര്‍ക്ക് അതിനോടൊക്കെ പുച്ഛമാണ്. സ്വന്തം വീട്ടില്‍ ഇല്ലല്ലോ പിന്നെന്തിന് അതിനെപ്പറ്റി ചിന്തിക്കണം എന്നുള്ള അഹന്ത. വീട്ടുകാര്‍, കുടുംബക്കാര്‍, സുഹൃത്തുക്കള്‍, അവരുടെ കുടുംബക്കാര്‍, പരിചയക്കാര്‍ അവരുടെ കുടുംബക്കാര്‍ എന്നൊരു വല്യ കുടുംബം ചുറ്റും ഉള്ളതുകൊണ്ടും എല്ലാരേം സ്വന്തം പോലെ കാണുന്നതുകൊണ്ടും വേദനകളും ദുരിതങ്ങളും അടുത്തറിയാന്‍ എനിക്ക് കഴിയുന്നു. ദുരിതങ്ങളേക്കാളും അതിനെ എതിര്‍ത്ത് നിന്ന് ജീവിക്കുന്നവരോട് ആരാധന തോന്നുന്നു. ആ ഒരു ആരാധനയുടെ പേരില്‍ ആണ് ഈ പടം ഇറങ്ങുന്നതിനുമുന്‍പു തന്നെ കാണാന്‍ പോകുന്ന പടങ്ങളുടെ ലിസ്റ്റില്‍ ഇട്ടത്. ഇറങ്ങിയപ്പോള്‍ത്തന്നെ കാണുകയും ചെയ്തു. ഇപ്പോ കുറേ മാസങ്ങള്‍ തന്നെ ആയി. ഒരു വര്‍ഷം ആയോ എന്നു തന്നെ സംശയം ഉണ്ട്. കാരണം ചാനലുകളില്‍ വന്നു കഴിഞ്ഞു.

ഫിലാഡല്‍ഫിയാന്നു പറഞ്ഞാല്‍ കുറേ ദൂരെയാണെന്ന് അറിയാം. അതിന്റെ ഒരു ധൈര്യത്തില്‍ സു അലറുന്നു “ ഇപ്പോഴാണോ മഞ്ചിത്തേ ഈ പടം കാണുന്നത്”?

ഇനി ഒരു പടം ഉണ്ട്”മേ നെ ഗാന്ധി കൊ നഹി മാരാ”. അതും നല്ലതാണ്. പിന്നേം കുറേ ഉണ്ട്. ഇവിടെ ലിസ്റ്റ് ഇട്ടാല്‍ എന്നെ എല്ലാരും കൂടെ ഓടിക്കും.

Anonymous said...

The Miracle Worker എന്ന ഇംഗ്ലീഷ്‌ സിനിമയുടെ കോപ്പിയാണ്‌ Sanjay Leela Bansali's "BLACK" . രവി കെ ചന്ദ്രന്‍ എന്ന മലയാളി ക്യാമറാമന്റെ ഗംഭീര പ്രകടനമൊഴിച്ചാല്‍ അധികമൊന്നും അവകാശപെടാനില്ലാത്ത സിനിമ.

സൂ ചേച്ചി, കഴിഞ്ഞ International Filim fest ഉണ്ടായിരുന്നോ? മേനേ ഗാന്ധി കൊ നഹി മാര എന്ന ഫിലിം ജാനു ബറുവ എന്ന ആസാമീസ്‌ സംവിധായകന്റെ ആദ്യ ഹിന്ദി ചിത്രമാണ്‌ .അദ്ദേഹത്തിന്റെ ആസാമീസ്‌ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്‌.

1) Paheli
2)'Hazaron khwahishein aisi'

Kalesh Kumar said...

പ്രിയ തുളസീ, മിറക്കിൾ വർക്കർ എന്ന ചിത്രം ഞാൻ കണ്ടിട്ടില്ല. എന്നാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് ബ്ലാക്ക്. സമാനതകളില്ലാത്ത ഒരു മുഖ്യധാരാ ഹിന്ദി ചിത്രമായിട്ട് എനിക്ക് തോന്നുന്നു. അമിതാബച്ചൻ ഇങ്ങനത്തെ ഒരു ക്യാരക്റ്റർ ചെയ്തിട്ടുണ്ടോ? രവി കെ ചന്ദ്രന്റെ ക്യാമറ വർക്ക് ഉഗ്രൻ തന്നെ. അതിന്റെ ബാക്ക്ഗ്രൌണ്ട് സ്കോർ മോ‍ശമണോ? ലോകോത്തരം എന്ന് ഞാൻ പറയും.

മസാല പടങ്ങളിൽ അഭിനയിച്ച് മലയാളത്തിലെ നടന്മാരെ പോലെ അത്ര വല്യ റെയിഞ്ചൊന്നും അവകാശപ്പെടാനില്ലാത്ത അമിതാബച്ചനെ കൊണ്ടും ആ നായിക പെണ്ണിനെ (എന്താ‍ അവളുടെ പേര്?) കൊണ്ടും ഒക്കെ അങ്ങനെയൊക്കെ അഭിനയിപ്പിക്കണമെങ്കിൽ, ഇങ്ങനത്തെ ഒരു ഓഫ് ബീറ്റ് തീം വച്ച് - അത് മോഷണമായിക്കോട്ടെ - ചങ്കൂറ്റത്തോടെ ഒരു ഹിന്ദി സിനിമ പിടിക്കാനിറങ്ങിയ സഞ്ജയ് ലീലാ ബൻസാലി മോശക്കാരനാണോ?

Anonymous said...

കലേഷ്‌ ലീലാ ബന്‍സാലി മോശക്കാരനാണ്‌ എന്ന അഭിപ്രായമൊന്നും എനിക്കില്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രം "ഖാമോഷി" നല്ലോരു ചിത്രമായിരുന്നു.

കണ്ണൂസ്‌ said...

Miracle Worker-ഇനെ പറ്റി ഞാനും കേട്ടിട്ടില്ല. അതു കൊണ്ടാവും, black എനിക്കും ഇഷ്ടപ്പെട്ടിരുന്നു, കണ്ടപ്പോള്‍. Camera work എന്ന ഒരു സാങ്കേതിക വിദ്യയില്‍ തളച്ചിടാന്‍ മാത്രമേ ഉള്ളു ഈ പടം എന്നു ഇപ്പോഴും തോന്നുന്നില്ല.

ഈ വര്‍ഷം ഹിന്ദിയില്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്‌. അതിലുപരി, അവയൊക്കെ ഒരു വിധം ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. മലയാള സിനിമയുടെ സുവര്‍ണ വര്‍ഷം എന്നു കൊട്ടി ഘോഷിക്കപ്പെടുന്ന 2005-ഇല്‍ ഇറങ്ങിയ എത്ര നല്ല മലയാള പടങ്ങള്‍ സാമ്പത്തിക വിജയം നേടി എന്നു ചിന്തിക്കുമ്പോഴാണ്‌ ഈ വ്യത്യാസം കൂടുതല്‍ അനുഭവപ്പെടുന്നത്‌. രാജമാണിക്കവും നരനും പോലെ ഒരു ഡസന്‍ ചിത്രങ്ങളെങ്കിലും വന്‍ വിജയം നേടിയ ഒരു വര്‍ഷത്തില്‍ കണ്ണേ മടങ്ങുക, ഉള്ളം, മയൂഖം, ശീലാബതി തുടങ്ങി കുറച്ച്‌ നല്ല പടങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി.

കലേഷേ, മലയാള നടന്‍മാരേക്കാള്‍ range കുറവാണ്‌ അമിതാഭിന്‌ എന്ന നിരീക്ഷണത്തോട്‌ യോജിക്കാന്‍ വയ്യ. പഴയ ഋഷികേശ്‌ മുഖര്‍ജി പടങ്ങള്‍ ഉള്‍പ്പടെ ഇദ്ദേഹം ചെയ്ത variations അധികം മലയാള നടന്‍മാര്‍ക്ക്‌ അവകാശപ്പെടാന്‍ പറ്റില്ല. നൈസര്‍ഗികമായ അഭിനയ സിദ്ധിയില്‍ അമിതാഭിനു മുകളില്‍ നില്‍ക്കുന്നവര്‍ ആയിരിക്കും മോഹന്‍ലാലും, തിലകനും നെടുമുടിയും മറ്റും. പക്ഷെ range അമിതാഭിന്റെയും അത്ര മോശം ഒന്നുമല്ല.

ചില നേരത്ത്.. said...

ബ്ലാക്ക് എന്ന സിനിമയുടെ മൂലസിനിമ(എന്ന് വിളിക്കാമോ?) ഞാനും കണ്ടിട്ടില്ല. പക്ഷെ അമിതാഭിന്റെയും റാണി മുഖറ്ജി(നായിക)യുടേയും അഭിനയം തികച്ചും വ്യത്യസ്തമാവുകയും അദ്ധ്യാപക വിദ്ധ്യാറ്ത്ഥീ ബന്ധത്തിന്റെ തീക്ഷ്ണത ഉള്‍കൊള്ളുവാനും കഴിഞ്ഞിട്ടുണ്ടെന്നാണ്‍ തോന്നിയത്. കറുപ്പിനെ(അന്ധത) കറുപ്പിന്റെയും വെളുപ്പിന്റെയും മിശ്രണത്തിലൂടെ(സിനിമയില്‍ കൂടുതലും ബ്ലാക്ക് & വൈറ്റ് പശ്ചാത്തലമാണ്‍) ഭംഗിയായി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിക്കുകയും അത് തീരെ അല്ലെങ്കില്‍ വളരെ കുറച്ച് (അമിതാബിന്റെയും റാണി മുഖറ്ജിയുടെയും ചുംബനരംഗം)ചറ്ച്ച ചെയ്യപ്പെടുക വഴി സിനിമാനിരൂപകരും കാഴ്ച്ചക്കാരും പരാജയപ്പെടുകയും ചെയ്തു.

Anonymous said...

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകത്തിലെ മികച്ച പത്തു ചിത്രങ്ങളില്‍ BLACK അഞ്ചാമത്‌ (Time magazine)
http://www.time.com/time/europe/arts/article/0,13716,1143731,00.html

Manjithkaini said...

ഞാനും ഗാന്ധിയെ കൊന്നിട്ടില്ല. പക്ഷേ പലപ്പോഴും വെടിവച്ചിട്ടുണ്ട്. ഈശ്വരാ എന്നാണോ ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങുക !!
സു,
റെക്കമെന്‍‌ഡേഷന്‍ മാനിച്ച് എടുത്തു കണ്ടു. ഒരു ഡോളര്‍ പാഴായില്ല. കാണേണ്ട പടം തന്നെ. നന്ദി.

തുളസി,
ഫിലിം ഫെസ്റ്റിവലുകളില്‍ പോകാത്തതുകൊണ്ട് മൂലചിത്രം കണ്ടിട്ടില്ല, ഇനി കാണാനും വഴിയില്ല. ഏതായാലും ബന്‍സാലിയുടെ ബ്ലാക്ക് എനിക്കിഷ്ടപ്പെട്ടു. കോപ്പിയടിക്കാനും ഒരു കഴിവൊക്കെ വേണ്ടേ.
കലേഷ്, കണ്ണൂസ്, ചിലനേരത്ത്
ആശയങ്ങള്‍ പങ്കുവച്ചതിന് നന്ദി.

Manjithkaini said...

ഞാനും ഗാന്ധിയെ കൊന്നിട്ടില്ല. പക്ഷേ പലപ്പോഴും വെടിവച്ചിട്ടുണ്ട്. ഈശ്വരാ എന്നാണോ ഇങ്ങനെയൊക്കെ പറഞ്ഞു തുടങ്ങുക !!
സു,
റെക്കമെന്‍‌ഡേഷന്‍ മാനിച്ച് എടുത്തു കണ്ടു. ഒരു ഡോളര്‍ പാഴായില്ല. കാണേണ്ട പടം തന്നെ. നന്ദി.

തുളസി,
ഫിലിം ഫെസ്റ്റിവലുകളില്‍ പോകാത്തതുകൊണ്ട് മൂലചിത്രം കണ്ടിട്ടില്ല, ഇനി കാണാനും വഴിയില്ല. ഏതായാലും ബന്‍സാലിയുടെ ബ്ലാക്ക് എനിക്കിഷ്ടപ്പെട്ടു. കോപ്പിയടിക്കാനും ഒരു കഴിവൊക്കെ വേണ്ടേ.
കലേഷ്, കണ്ണൂസ്, ചിലനേരത്ത്
ആശയങ്ങള്‍ പങ്കുവച്ചതിന് നന്ദി.