Wednesday, April 05, 2006

കഥാപാത്രങ്ങള്‍ - ചില ഓര്‍മ്മകള്‍

വളരെ വൈകി വായനയുടെ ലോകത്തെത്താനായിരുന്നു എന്റെ വിധി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളാണ് ഈ വിധിയുടെ സ്രഷ്ടാക്കാളെന്നു മനസിലാകുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് പണ്ട് ഒരു പുസ്തകമേ ഉണ്ടായിരുന്നുള്ളു. ദ് ബുക്ക് ബൈബിള്‍. സാമാന്യജനം വിവരമുള്ളവരായിപ്പോകുമോ എന്ന ഭയത്താല്‍ അതിന്റെ വായാനവകാശം പുരോഹിത വര്‍ഗ്ഗം ഏറെ നാള്‍ കയ്യടക്കിവച്ചിരുന്നു. കൊതിച്ചതു കയ്യിലെത്തിയപ്പോള്‍ പിന്നെ ബൈബിള്‍ മാത്രം പാവനം എന്ന ചിന്തയായിലാണ് ലേമെന്‍ നയിക്കപ്പെട്ടത്.

ബൈബിളൊഴികെ അച്ചടിച്ചതെല്ലാം നികൃഷ്ടമെന്നു ചിന്തിച്ചിരുന്ന ഒരു തലമുറയുടെ പിന്‍‌തുടര്‍ച്ചയാണ് എന്റെ നാട്ടിലധികവും. അവിടെ ചെറുപ്പകാലത്തു തന്നെ പത്രം വരുത്തു വായിക്കാന്‍ ധൈര്യം കാണിച്ച എന്റെ അപ്പനു നന്ദി പറയട്ടെ. പത്രം ദീപികയായിരുന്നെങ്കിലും അതെന്റെ ഉപബോധ മനസില്‍ പുസ്തകങ്ങളോടുള്ള പ്രണയം വളര്‍ത്തിയിരിക്കണം. ബൈബിളും ദീപികയും പൂമ്പാറ്റയും ബാലരമയും വല്ലപ്പോഴും ബാലമംഗളവും. പത്താം ക്ലാസിനു മുന്‍‌പുള്ള വായനാലോകം ഇവിടെ ഒതുങ്ങി നിന്നു. സ്ക്കൂളില്‍ വിശാലമായൊരു വായനശാലയുണ്ടായിരുന്നു. പക്ഷേ അവിടെ പ്രവേശനം ലൈബ്രേറിയന്‍ മാഷ്ക്കും പുസ്തകം തിരിഞ്ഞു നോക്കാത്ത അദ്ദേഹത്തിന്റെ മകനും മാത്രം.

ബൈബിളില്‍ എന്നെ അലട്ടിയിരുന്ന ചില കഥാ പാത്രങ്ങളുണ്ട്. അവരിലൊന്നാമനാണു ബറാബസ്. യേശുവിനെയും ബറാബാസിനെയും മുന്നില്‍ നിര്‍ത്തി ആരെ വിട്ടയക്കണം എന്നു പീലാത്തോസ് ജനക്കൂട്ടത്തോടു ചോദിക്കുന്നതും അവര്‍ ഉറക്കെ ബറാബാസ് എന്നു വിളിച്ചു പറയുന്നതും ഒരു സജീവ ചിത്രമായി എന്റെ മനസിലുണ്ട്. ബറാബാസ് ക്രൈസ്തവ കാഴ്ചപ്പാടില്‍ കള്ളനാണ്. എന്നാല്‍ അതിനു പുറത്ത് വിപ്ലവകാരിയും. വിപ്ലവം പാപമല്ലാത്തതിനാല്‍ ബറാബസിനോട് എനിക്കല്‍‌പം ആരാധനയുണ്ടായിരുന്നു. വളര്‍ന്നു വലുതായപ്പോള്‍ എന്റെ ഈ ആരാധനയ്ക്ക് പാര്‍ ലാഗക്വിസ്റ്റിന്റെ ബറാബസ് എന്ന നോവലില്‍ ഞാന്‍ ന്യായീകരണം കണ്ടെത്തി. ഫ്രാങ്കോ സഫറെല്ലിയുടെ ജീസസ് ഓഫ് നസ്രത്ത് എന്ന സിനിമയിലാണ് ഞാന്‍ വീണ്ടും ബറാബസിനെ കണ്ടത്. ഒരൊറ്റ രംഗം കൊണ്ട് ബറാബസ് ഈ സിനിമയില്‍ ശ്രദ്ധേയനാകുന്നുണ്ട്. തന്റെ കൂടെ നടന്ന ശിഷ്യന്മാരെല്ലാവരെയും യേശു ഒരു തവണയേ വിളിക്കുന്നുള്ളൂ. എന്നെ അനുഗമിക്കുക എന്ന വിളിയില്‍ അവര്‍ അവന്റെ പുറകേ പോയി. എന്നാല്‍ കൂടെ വരാതിരുന്ന ബറാബസിനെ യേശു മൂന്നു പ്രാവശ്യം വിളിക്കുന്നുണ്ട് ഈ സിനിമയില്‍. കുടെപ്പോയവരേക്കാള്‍ യേശുവിന്റെ ആത്മീയ പ്രതാപം ബറാബസ് മനസിലാക്കിയിരുന്നു എന്നാണു ഞാന്‍ കരുതുന്നത്. ആത്മീയ വിമോചനത്തേക്കാള്‍ യഹൂദരുടെ രാഷ്ട്രീയ വിമോചനമായിരുന്നു ബറാബസിനു മുഖ്യം. അതു കൊണ്ട് അവന്‍ യേശുവിന്റെ പുറകേ പോയില്ല. ഇങ്ങനെയുള്ള ബറാബസിനെ വെറുമൊരു കള്ളനായി ചിത്രീകരിക്കുന്നത് അന്യായമെന്നല്ലാതെ എന്തു പറയാന്‍.

ബൈബിളിലെ കഥാപാത്രങ്ങളുടെ മറ്റൊരു വശം മലയാളി എഴുത്തുകാര്‍ അധികം ചിന്തിച്ചിട്ടില്ല. ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലം എന്ന കഥാകാരന്റെ ഇത്തരം ചില മൂന്നാം വായനകളാല്‍ സമ്പന്നമായിരുന്നു. ഹൃദ്യവുമായിരുന്നു ആ കഥകള്‍ . പിന്നെ ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലത്തിന്റെ കഥകളില്ലാതായി. (കാലംകുറെക്കഴിഞ്ഞ് ഈ വട്ടപ്പലത്തെ ദീപികയുടെ ഓഫിസില്‍ നേരിട്ടു കാണുമ്പോള്‍ അദ്ദേഹം പ്രാദേശിക വാര്‍ത്തകളെഴുതി നിര്‍വൃതിയടയുന്ന ഒരു സാധാരണ പത്രക്കാരനായി ചുരുക്കപ്പെട്ടിരിക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി. പാറമേല്‍ വീണ വിത്ത്!). ആനന്ദിന്റെ നാലാമത്തെ ആണി എന്ന ചെറുകഥ ഇത്തരമൊരു മൂന്നാം വായനയാല്‍ സമ്പുഷ്ടമാണ്. പുസ്തകം തൊട്ടുനോക്കാത്ത ചില പുരോഹിത പ്രമാണിമാര്‍ അതിനെ എതിര്‍ത്തുവെങ്കിലും.

സുവിശേഷങ്ങളിലെ യേശുവിനേക്കാള്‍ എനിക്കിഷ്ടം നിക്കോസ് കസാന്‍‌ദ്സാക്കിസിന്റെ യേശുവിനെയാണ്. ചെറുപ്പത്തില്‍ ബൈബിള്‍ വായിക്കുമ്പോള്‍ മനസിലുയര്‍ന്ന അനേകായിരം ചോദ്യങ്ങള്‍ക്കുത്തരം അദ്ദേഹത്തിന്റെ ദ് ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് നല്‍കുന്നുണ്ട്. ദൈവമാവുക എളുപ്പമാണ്. നമ്മുടെ നാട്ടില്‍ കൂണുപോലെ വരുന്ന മനുഷ്യ ദൈവങ്ങള്‍ ഉദാഹരണം. മറിച്ച് നല്ലൊരു മനുഷ്യനാവുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഒരു സമ്പൂര്‍ണ്ണ മനുഷ്യനാണ് കസാന്‍‌ദ്സാക്കിസിന്റെ യേശു. ഭയം, സംശയം, നിരാശ, കാമം എന്നിങ്ങനെയുള്ള സ്വാഭാവിക മാനുഷിക അവസ്ഥകളോട് ക്രിസ്തു നടത്തുന്ന പ്രതികരണമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. നോവല്‍ പ്രകാരം ക്രിസ്തുവിന്റെ ത്യാഗമോ സഹനമോ കേവലം ക്രൂശിക്കപ്പെടലില്‍ ഒതുങ്ങുന്നതല്ല. മനസിലുയരുന്ന മാനിഷികവികാരങ്ങളോട് അദ്ദേഹം നടത്തിയ ചെറുത്തു നില്‍‌പ്പാണ് അല്‍‌ഭുതവര്‍ണ്ണനകളില്ലാത്ത കുരിശൂമരണം. സമ്പൂര്‍ണ്ണനായ മനുഷ്യനാണ് യഥാര്‍ഥ ദൈവം എന്ന ചിന്തയെ വളര്‍ത്താന്‍ കസാന്‍‌ദ്സാക്കിസ് തെല്ലൊന്നുമല്ല സഹായിച്ചത്.

ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിനെ സഭ എതിര്‍ത്തതിന്റെ ലോജിക്ക് എനിക്കു പലപ്പോഴും പിടികിട്ടിയില്ല. വിവരമുള്ള വൈദികര്‍ പലരും അതിനെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം. ഉദാഹരണത്തിന് എറണാകുളത്തെ ഫാ. പോള്‍ തേലക്കാട്ട്. സഭാസ്നേഹികളുടെ എതിര്‍പ്പ് ഭയന്നാകാം ഈ നോവലിന്റെ ഒരു നല്ല മലയാള പരിഭാഷയ്ക്ക് പ്രസാധകര്‍ ശ്രമിക്കുന്നില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

സ്വപ്നാടന സാഹിത്യം എന്നു വിളിക്കാമെങ്കിലും മരിയ വാള്‍തോര്‍ത്തയുടെ ദ് പോം ഓഫ് മാന്‍‌ഗോഡ് ബൈബിളിന്റെ മൂന്നാം വായനകള്‍ ഇഷ്ടപ്പെടുന്നവര്‍ വായിച്ചിരിക്കേണ്ട കൃതിയാണ്. രചനയ്ക്കു പിന്നിലുള്ള അല്‍‌ഭുത കഥകളാണെന്നു തോന്നുന്നു ഈ കൃതിയെ സീരിയസ് വായനക്കാര്‍ ശ്രദ്ധിക്കാത്തതിനു കാരണം. വിശാലാ‍മായ ഈ പുസ്തകത്തില്‍ ഒറ്റിക്കൊടുത്ത യൂദാസിനെ വര്‍ണ്ണിക്കുന്ന ഭാഗവും അതുപോലെ മറ്റനേകം വിവരണങ്ങളും മനസില്‍നിന്നു മായില്ല. ദൈവമനുഷ്യ സ്നേഹ ഗീത എന്ന പേരില്‍ ഈ പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പത്തിരുപതു വാല്യങ്ങളായി ഇറങ്ങിയിട്ടുണ്ട്.

ബാല്യകാല വായനയിലേക്കു തിരിച്ചു പോകുമ്പോള്‍ എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥാപാത്രമാണു ഫാന്റം. ഫാന്റം കഥകള്‍ മലയാളികള്‍ക്കു മുന്നിലവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ പത്രാധിപന്മാര്‍ക്കു നന്ദി. ആരെയും കൊല്ലാതെ തിന്മകളെ ജയിക്കുക എന്നതാണു ഫാന്റത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. കൊടിയ കൊള്ളക്കാരെ നേരിടുമ്പോഴും ഫാന്റത്തിന്റെ തിരിച്ചടി അവരുടെ താടിയില്‍ പതിക്കുന്ന മരണമുദ്ര(തലയോട്ടി)യില്‍ ഒതുങ്ങി എന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആരെയും കൊല്ലാത്തതിനാലാവാം ഫാന്റത്തിന് ഇക്കാലത്ത് ആരാധകര്‍ അധികമില്ലാത്തത്. മലയാളം പത്രങ്ങളൊന്നുമിപ്പോള്‍ ഫാന്റത്തെയോ അതുപോലുള്ള കഥകളെയോ സീരിയലൈസ് ചെയ്യുന്നുമില്ല.

(ഈ കാടുകയറല്‍ തുടരും...)

9 comments:

ഉമേഷ്::Umesh said...

ലാസ്റ്റ് റ്റെമ്‌പ്റ്റേഷനും നാലാമത്തെ ആണിയും ഇഷ്ടപ്പെടുന്ന ക്രിസ്ത്യന്‍ വിശ്വാസികളുണ്ടെന്നറിയുന്നതു് ആഹ്ലാദകരമാണു്. രണ്ടും എനിക്കു വളരെ പ്രിയങ്കരങ്ങളാണു്. ഒരു വിശ്വാസിയുടെ വികാരങ്ങളെ അവ മുറിപ്പെടുത്തുമോ ഇല്ലയോ എന്നു് എനിക്കു തീര്‍ച്ചയില്ലായിരുന്നു.

യേശുവിനെപ്പറ്റിയല്ല പറയുന്നതെങ്കിലും മിശിഹായുടെ ദൌത്യത്തെപ്പറ്റി പറയുന്ന Richard Bach-ന്റെ Illusions എന്ന പുസ്തകവും ഇവിടെ പരാമര്‍ശത്തിനു് അര്‍ഹമാണെന്നു തോന്നുന്നു.

ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. വിശ്വാസിയായാലും അല്ലെങ്കിലും പുരാണങ്ങളും മിത്തുകളും എന്നും ആഹ്ലാദദായകങ്ങളാണു്. പെരിങ്ങോടര്‍/നവനീത് തുടങ്ങിവച്ച അര്‍ജ്ജുന-കര്‍ണ്ണസംവാദം മറ്റൊരുദാഹരണം.

പെരിങ്ങോടന്‍ said...

മന്‍‌ജിത്തേ ഇതുവായിച്ചിട്ടു വല്ലാത്ത നഷ്ടബോധം തോന്നുന്നു. പഴയനിയമം തന്നെ ഒരാവര്‍ത്തി വായിച്ചു തീര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. കസാന്‍‌ദ്സാക്കിന്റെ യേശുവിനെ വായിക്കണം എന്നുണ്ടു്, ഇ-ബുക്ക് എങ്കിലും കിട്ടുമോ എന്നു ശ്രമിക്കണം.

ഉമേഷ്::Umesh said...

കസാന്ദ് സാക്കിസിനെ അവലംബിച്ചു് എന്നു പറഞ്ഞു പണ്ടിറങ്ങിയ “ക്രിസ്തുവിന്റെ തിരുമുറിവു്” എന്നോ മറ്റോ പേരുള്ള ഒരു തറ നാടകമാണു് അച്ചന്മാരെ പ്രകോപിപ്പിച്ചതെന്നു തോന്നുന്നു.

കസാന്ദ് സാക്കിസിനെ വായിച്ചവര്‍ മലയാളത്തില്‍ കുറവാണു്. ഞാന്‍ വായിച്ചതും ഇംഗ്ലീഷിലാണു്. വായിച്ചപ്പോള്‍ ഒറിജിനല്‍ വായിക്കാന്‍ ഗ്രീക്കു പഠിച്ചാലോ എന്നു തോന്നിപ്പോയി :-)

മഹാഭാരതത്തില്‍ നിന്നു “യയാതി”യും “രണ്ടാമൂഴ”വും ഉണ്ടായതുപോലെയാണു് ഈ കൃതി.

യാത്രാമൊഴി said...

ഞാനും ഓര്‍മ്മകളുടെ കാട്ടിലേക്ക് കയറട്ടെ...
പ്രൊഫ.എം.കൃഷ്ണന്‍‌നായരുടെ സാഹിത്യവാരഫലത്തിലൂടെയാണു ഞാന്‍ നിക്കോസ് കസാന്ദ് സാക്കിസ് എന്ന മഹാനായ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ “കൃസ്തുവിന്റെ അന്ത്യപ്രലോഭനം” എന്ന പുസ്തകത്തെക്കുറിച്ചും അറിയുന്നത്. അന്നു യൂണിവേഴ്സിറ്റി കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. വാരഫലം വായിച്ചതിനു ശേഷം യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ചെന്ന് കാറ്റലോഗുകള്‍ പരതുമ്പോള്‍ മനസ്സില്‍ വല്ലാത്ത ആശങ്കയുണ്ടായിരുന്നു വിവാദം സൃഷ്ടിച്ച ഈ പുസ്തകം അവിടെ കാണുമോ എന്ന്. തിരച്ചിലിന്നൊടുവില്‍ നേര്‍ത്ത നീലവരകളുള്ള മുഷിഞ്ഞ കാറ്റലോഗ് കാര്‍ഡില്‍ കണ്ണ് പതിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി. നമ്പര്‍ കുറിച്ചെടുത്ത് രണ്ടാമത്തെ നിലയിലെ ഷെല്ഫുകളിലൂടെ കൃത്യമായി ചെന്നെത്തിയത് കട്ടിയുള്ള പുറം ചട്ടയില്‍ പഴക്കം തോന്നിക്കുന്ന പുസ്തകത്തിലേക്കായിരുന്നു. അത് കയ്യിലെടുത്ത് കൌണ്ടറിലേക്ക് ഞാന്‍ നടക്കുകയായിരുന്നില്ല.

ഹോസ്റ്റല്‍ മുറിയിലെത്തി വായന തുടങ്ങിയതു മുതല്‍ വായിച്ചു തീരും വരെ ഞാനനുഭവിച്ച ആഹ്ലാദാതിരേകവും അതിനൊപ്പം മാനസിക സംഘര്‍ഷങ്ങളും ഇന്നുവരെ മറ്റൊരു വായനയും എനിക്ക് നല്‍കിയിട്ടില്ല. അതു കൊണ്ട് തന്നെ ഇന്നുവരെ വായിച്ചതില്‍ വെച്ചേറ്റവും പ്രിയമുള്ളതായി ഈ പുസ്തകം. ജീസസ് എന്ന മനുഷ്യന്‍ ഒരുണങ്ങാത്ത മുറിവായി മനസ്സിലും.

പുസ്തകത്തിന്റെ മലയാളപരിഭാഷകന്‍ ആരെന്ന് കൃത്യമായി ഓര്‍മ്മയില്ല. അവതാരിക എഴുതിയത് ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു എന്നത് മാത്രം ഓര്‍മ്മിക്കുന്നു. ആരാണു ഈ പുസ്തകം മലയാളത്തില്‍ പുറത്തിറക്കിയത് എന്നും ഓര്‍മ്മയില്ല (രൂപ, മള്‍ബറി, എന്നിങ്ങനെയാണു ഓര്‍മ്മയില്‍ വരുന്ന പേരുകള്‍, പക്ഷെ തീര്‍ച്ചയില്ല).

പിന്നീട് ഒരു പുസ്തകം സ്വന്തമായി വാങ്ങിക്കാന്‍ വരുമാനമുണ്ടായ സമയത്ത് ഞാന്‍ ആദ്യം അന്വേഷിച്ചതും ഈ പുസ്തകമായിരുന്നു. പക്ഷെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍ കിട്ടാനുണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ ബാംഗ്ലൂരില്‍ വെച്ച് സോഫ്റ്റ് വെയര്‍ ഫീല്‍ഡിലുള്ള എന്റെ പ്രിയപ്പെട്ട സ്നേഹിതന് കാലിഫോര്‍ണിയയില്‍ പോകാന്‍ അവസരമുണ്ടായി. അവന്‍ എന്നോട് ചോദിച്ചു അവിടെ നിന്ന് എന്താണു നിനക്കായി കൊണ്ടുവരേണ്ടത്? ഒട്ടും ആലോചിക്കാതെ ഞാന്‍ ഈ പുസ്തകത്തിന്റെ പേരെഴുതിക്കൊടുത്തു. തിരക്കുകള്‍ക്കിടയിലും അവനത് മറക്കാതെ വാങ്ങിച്ചു കൊണ്ടു വന്ന് എന്റെ കയ്യില്‍ തന്നപ്പോള്‍ ‍ എനിക്കു തോന്നിയത് വെറും സന്തോഷം മാത്രമല്ലായിരുന്നു. വീണ്ടും ഒരു ഹോസ്റ്റല്‍ മുറിയില്‍ ഞാന്‍ ജീസസെന്ന മനുഷ്യനുമൊത്ത് മണലാരണ്യത്തിലൂടെ സഞ്ചരിച്ചു, ബറബാസ്, യൂദാസ് എന്നീ വിപ്ലവകാരികളെ കണ്ടുമുട്ടി, കല്ലറ വിട്ടുയിര്‍ത്തെണീറ്റ് ചീഞ്ഞിളകി വീഴുന്ന മാംസഭാഗങ്ങളുമായി നടന്നകലുന്ന ലാസറിനെ കണ്ടു. അങ്ങനെ പല പല കാഴ്ചകള്‍. ഇപ്പൊഴും കൈവശം ഒരു നിധിപോലെ സൂക്ഷിക്കുന്ന ഈ പുസ്തകം ഇതിനോടകം പലയാവര്‍ത്തി വായിച്ചു കഴിഞ്ഞു.

“ഹൃദയം ആഹ്ലാദത്തിന്റെ നീര്‍ക്കയത്തില്‍ ചെന്നു വീഴണമെങ്കില്‍ നിക്കോസ് കസാന്‍‌ദ്സാക്കീസിന്റെ ഉജ്ജ്വലങ്ങളായ ആഖ്യായികകള്‍ വായിക്കണം”
എന്ന് പ്രൊഫ. എം. കൃഷ്ണന്‍ നായര്‍ പറഞ്ഞത് എത്രയോ ശരി എന്ന് ഞാനനുഭവിച്ചറിഞ്ഞു.

പുസ്തകത്തെക്കുറിച്ചെഴുതിയ മന്‍‌ജിതിനു നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ കാടിറങ്ങട്ടെ..

ഗന്ധര്‍വ്വന്‍ said...

ഓരോ കഥപാത്റങ്ങളേയും മനുഷ്യനേയും വിശകലനം ചെയ്യുമ്പോള്‍ കുറേ നന്‍മകളും കുറേ തിന്‍മകളും കാണും. (തിന്‍മകളും നന്‍മകളും എന്നു വിവക്ഷിച്ചതു ഇപ്പോള്‍ നിലവിലിരിക്കുന്ന സാമൂഹിക നീതി അനുസരിച്ചു). ഇതു പ്റപഞ്ച നിയമമാണെന്നു എനിക്കു തോന്നുന്നു. പ്റപൊഞ്ചോല്‍പ്പത്തി തന്നെ അങ്ങിനെ ആണെന്നു പറയുന്നു.

ബിഗ്‌ ബാങ്ങ്‌ തിയറി പറയുന്നു എല്ലാ വസ്തുക്കളും പ്റപഞ്ച കേന്ദ്രത്തിലേക്കു ഗ്രുത്താകര്‍ഷണത്താല്‍ കേന്ധ്രീകരിക്കപെടുന്നു. പ്റകാശ രശ്മികള്‍ക്കു പോലും അഭഭ്രംശം സംഭവിക്കുന്നു. മാസ്‌ ചുരുങ്ങി ഇല്ലാതെ ആകുന്നു. പെട്ടന്നൊരു വിസ്ഫോടനത്തിലൂടെ എല്ലാം വീണ്ടും സ്റിഷ്ട്ടിക്കപെടുന്നു.

ബയിബിളില്‍ പറയുന്നു ആദിയിലെ വചനത്തെ കുറിച്ചു. വേദ ഗ്രന്ഥങ്ങളില്‍ ഓമിനെകുറിച്ചു.

സയന്‍സില്‍ ഇങ്ങിനെ ഒരു ഫോറ്‍മുല പറയാം
0 energy= X energy - X energy
X എത്ര വലിയ ഒരു സംഖ്യയും ആകാം.
X എനര്‍ജ്യ്‌ എത്ര വലിയൊരു പൊസിറ്റിവെ എനറ്‍ജിയുടേയും നെഗറ്റീവ്‌ എനറ്‍ജിയുടേയും സങ്കലനമാണു. നെഗറ്റീവ്‌ , പൊസിറ്റിവെ എനറ്‍ജികളുടെ സമ്മേളന വിസ്ഫോടനങ്ങള്‍ ബിഗ്‌ ബാങ്ങ്‌ തിയറിയെ ന്യായീകരിക്കുന്നു.

മനുഷ്യനും വിഭിന്നനല്ല. ധ്യാനം,മറ്റു സപര്യകള്‍ വഴി ആത്മാവിനെ ശുദ്ധീകരിക്കാന്‍ സ്റമിച്ചു നോക്കു. ആദ്യം നമുക്കു തോന്നും നാം പരിശുദ്ധിയിലേക്കു ഒരു പാടു അടുക്കുന്നതായി. കുറേ നാളേക്കു ഇതു തുടരും. ഒരു ദിവസം ചെറിയൊരു തീപ്പൊരിയില്‍ ഒരു വന്വിസ്ഫോടനമായി ആത്മികതയുടെ തിരസ്കരണിയിലേക്കു കരണം കുത്തുന്നു.

അതുകൊണ്ടു നന്‍മ തിന്‍മകളെ അധികം വിവേചിക്കാതെ ചേരും പടി ചേറ്‍ന്നു പോകലാണു ഭൌതിക ജീവിതത്തിനു അഭികാമ്യം എന്നു തോന്നുന്നു.

ബറാബസിനെ കുറിച്ചും, ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ കുറിച്ചും മഞ്ഞിത്‌ എഴുതിയതു കണ്ടപ്പോള്‍ തോന്നിയതാണിതൊക്കെ.

വൈകി തുടങ്ങിയാലും വായന മോശമായിരുന്നില്ല എന്നു വെളിവാക്കുന്നു വാക്കുകള്‍. തുടരും എന്നെഴുതിയതു പ്റലോഭനം മാത്രമായി അവശേഷിക്കാതിരിക്കട്ടെ.

മന്‍ജിത്‌ | Manjith said...

ഉമേഷേ,
ലാസ്റ്റ് റ്റെംറ്റേഷനും നാലാമത്തെ ആണിയും വായിച്ചിട്ടുള്ളവര്‍ എതിര്‍ക്കാനിടയില്ല. എതിര്‍പ്പത്രയും വായിക്കപ്പെടാതെയാണെന്നാണു മനസിലാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കുറേപ്പേര്‍ പൊക്കിനടന്നെങ്കിലും ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം ലാസ്റ്റ് റ്റെംടേഷനോട് ഒരു തരത്തിലും നീതിപുലര്‍ത്തുന്നില്ല. മാഷ് ഉപയോഗിച്ച വാക്കാണതിനു യോജിച്ചത് -തറ.

പെരിങ്ങ്‌സിനു നഷ്ടബോധം തോന്നാറായിട്ടില്ല. വര്‍ഷങ്ങള്‍ ഇനിയുമേറെ കിടക്കയല്ലയോ ഇതൊക്കെ വായിക്കാന്‍. മറിച്ച് താങ്കളുടെ എഴുത്തും വായനയും കാണുമ്പോള്‍ എനിക്ക് നഷ്ടബോധമുണ്ട്. വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടവയെപ്പറ്റി.

യാത്രാമൊഴീ ഹൃദ്യമായ വായനാനുഭവം പങ്കുവച്ചതിനു നന്ദി. ലാസ്റ്റ് റ്റെംറ്റേഷന്റെ മലയാള പരിഭാഷയുണ്ടെന്നത് പുതിയൊരറിവാണ്. ഒന്നു കണ്ടു പിടിക്കണമല്ലോ. കസാന്‍‌ദ് സാക്കിസിന്റെ സോര്‍ബ ദ് ഗ്രീക്കും ഫ്രാന്‍സിസ് അസീസിയും കൂടി വായിക്കാനൊത്തിട്ടുണ്ട്. ഇതില്‍, അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള സോര്‍ബ വായിച്ചിട്ടില്ലെങ്കില്‍(ഉണ്ടാവും) വായിക്കണം. വരേണ്യ വായനക്കാരില്‍ ഒതുക്കപ്പെട്ടിരുന്ന ഇത്തരം ചില പുസ്തകങ്ങളെയും എഴുത്തുകാരെയും സാധാരണക്കാരനു പരിചയപ്പെടുത്തി എന്നതാണു കൃഷ്ണന്‍ നായരുടെ മഹത്വം.

ഗന്ധര്‍‌വരേ ഈ ബിഗ് ബാങ്ങും നന്മതിന്മാപേക്ഷികതാ വാദങ്ങളും ഒരു കമന്റിലൊതുക്കേണ്ടതല്ല. ഒരു ബ്ലോഗ് തുടങ്ങിയിട്ടിട്ട് ജീവിതം കമന്റടിയിലൊതുക്കുകയാ. സമയം പോലെ എഴുതുക. ബോള്‍ഡായിട്ടെഴുതാതിരുന്നാല്‍ മതി :)

വായിച്ചവര്‍ക്കെല്ലാം നന്ദി

യാത്രാമൊഴി said...

മന്‍‌ജിത്,

“സോര്‍ബ ദ ഗ്രീക്ക്“ വായിച്ചിട്ടുണ്ട്. കസാന്‍‌ദ് സാക്കിസിന്റെ ശരിക്കുള്ള ആത്മകഥ “റിപ്പോര്‍ട്ട് റ്റു ഗ്രെക്കോ“ ആണു. ഈയിടെ വഴിയരികില്‍ ഒരു അമ്മച്ചി പഴയ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോള്‍ അവിടെയിരിക്കുന്നു ഈ പുസ്തകം. രണ്ട് ഡോളര്‍ കൊടുത്ത് കയ്യോടെ വാങ്ങിച്ചു. അതിഗംഭീരമെന്നു പറയപ്പെടുന്ന പുസ്തകമാണു. വായിച്ചു തുടങ്ങിയതേ ഉള്ളൂ. മുന്‍പ് ഒക്കെ ഒറ്റയിരിപ്പിനുള്ള വായനക്ക് സമയമുണ്ടായിരുന്നു. ഇപ്പോള്‍ വായന ഇന്‍സ്റ്റാള്‍മെന്റെ നടക്കുന്നുള്ളൂ.

മന്‍ജിത്‌ | Manjith said...

കസാന്‍സാക്കിസിന്റെ സോര്‍ബാ ദ് ഗ്രീക്കിന്റെ വിവര്‍ത്തനം മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്കു ലിങ്കിതാ..

പതാലി said...

കൊള്ളാം മഞ്ജിത്തേ... എല്ലാം അടിപൊളി