Tuesday, September 05, 2006

അഞ്ചാമന്‍

വാര്‍‍ത്തകള്‍ തേടിപ്പോകാതിരുന്ന ഒരു ഞായറാഴ്ചയാണു കറത്താട്ടു ബാലചന്ദ്രന്‍ ബ്യൂറോയിലേക്കു കടന്നു വന്നത്‌. പരിചയമില്ലാത്ത മുഖമായി ഞാന്‍ മാത്രം ഉള്ളതു കൊണ്ടാവാം നിറഞ്ഞചിരിയോടെ അരികില്‍ വന്നു. ഉടലോടു ചേര്‍ന്നുകിടക്കുന്ന തൂവെള്ള ഖദര്‍‍ കണ്ടപ്പോള്‍ സ്ഥിരം കുറ്റിയായ ഏതെങ്കിലും കോണ്‍‍ഗ്രസുകാരനാണെന്നു കരുതി. പരിചയപെടുത്തല്‍ കഴിഞ്ഞപ്പോള്‍ കോണ്‍‍ഗ്രസ്സ്‌ ആണെങ്കിലും കോണ്‍‍ഗ്രസുകാരനല്ലെന്നു മനസിലായി. സ്വാതന്ത്ര്യ സമര സേനാനി!

ഗാന്ധിയന്മാരുടെ പതിവു കഥകള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ബാലേട്ടന്‍ ഗന്ധിജിയുമായി പുലബന്ധമില്ലാത്ത സംഖ്യാശാസ്ത്രത്തിലെത്തി. പേരും ജന്മദിവസവും എഴുതി വാങ്ങി. എന്തൊക്കെയോ കൂട്ടിക്കിഴിച്ചു ജ്യോതിഷിയെപ്പോലെ പറഞ്ഞു തുടങ്ങി. "കല്യാണം കഴിഞ്ഞിട്ട്‌ അധികമായില്ല അല്ലേ?." ആദ്യത്തെ സംഖ്യാശാസ്ത്രം തന്നെ ഊഹക്കണക്കാണല്ലൊ എന്നു മനസില്‍ കരുതി ഞാന്‍‍. പക്ഷെ പറഞ്ഞില്ല. ആ വൃദ്ധനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ കിട്ടിയ കൌതുകവും രസവും നിലച്ചാലോ എന്ന ഭയത്താല്‍ യുക്തി ഉള്ളിലൊതുക്കി. മുഖത്തുള്ള പ്രസരിപ്പൊക്കെ കണ്ടാല്‍ ഞാനൊരു പുതിയാപ്ലയാണെന്നു ആര്‍‍ക്കാ പറഞ്ഞുകൂടാത്തത്‌.

നിമിഷാര്‍‍ദ്ധത്തില്‍ ചിന്തകള്‍ ഇങ്ങനെ പോകവെ അടുത്തതു വന്നു. " പെണ്‍കുട്ടിക്ക്‌ നല്ല പഠിത്തമുണ്ട്‌ അല്ലേ ?". ഗാന്ധിയന്‍‍ സംഖ്യാശാസ്ത്രം വീണ്ടും കറക്കിക്കുത്തിലേക്കു തന്നെ. പ്രചാരമുള്ള പത്രത്തിലെ റിപ്പോര്‍‍ട്ടര്‍‍മാര്‍‍ ആരെങ്കിലും പഠിപ്പില്ലാത്ത പെണ്ണിനെ കെട്ടുമോ. അങ്ങിങ്ങു ചില ആദര്‍‍ശ പ്രേമങ്ങളുണ്ടെന്നതൊഴിച്ചാല്‍ ആര്‍‍ക്കും ഊഹിക്കാവുന്ന കാര്യം. സംഖ്യാശാസ്ത്രം പൊള്ളയാണെന്നു വാദിക്കാന്‍‍ ഇതു പോരാ എന്നു തോന്നി. കാരണം ഇപ്പോള്‍ പറഞ്ഞതു രണ്ടും ശരിയായിരുന്നു. പക്ഷെ കാക്കാത്തികളെപ്പോലെ ആര്‍‍ക്കും ഊഹിച്ചു പറയാവുന്ന കാര്യങ്ങള്‍. പോട്ടെ, അടുത്ത ദര്‍ശനംവരെ കാക്കാം. "മക്കളില്‍ അഞ്ചാമനാണ്‌ അല്ലേ". യുക്തിയില്ലാത്ത ശാസ്ത്രം പൂര്‍‍ണ്ണമായും കീഴടങ്ങിയെന്ന സന്തോഷത്താല്‍ ഞാനുറക്കെ പറഞ്ഞു. "തെറ്റി ബാലേട്ടാ, തെറ്റി. ഞാന്‍ നാലാമനാണ്‌. എന്റെ അച്ഛനു കൈപ്പിഴപറ്റാന്‍‍ ഒരു സാധ്യതയുമില്ലതാനും".

ഇനി നിന്നിട്ടു കാര്യമില്ലെന്നു കരുതിയതോ എന്തോ ബാലേട്ടന്‍ മെല്ലെ എഴുന്നേറ്റു നടന്നിറങ്ങി. ഒരു വൃദ്ധജ്ഞാനിയുടെ പരാജയം കണ്ട ഗൂഢ സന്തോഷത്തില്‍ ഞാനിരിക്കുമ്പോള്‍ ഉള്‍ക്കിടിലം പോലെ മനസില്‍ ആ ചിന്ത വന്നു.

അല്ല്ല, ഞാന്‍‍ അഞ്ചാമനാണ്‌!!!! മുന്‍പിലിരുന്ന പത്രക്കെട്ടും വലിച്ചെറിഞ്ഞു ഇറങ്ങിയോടി. ബാലേട്ടന്‍‍ പോയോ?. താഴെയെത്തി റിസപ്ഷനില്‍ ചോദിച്ചു. പരാജയഭാരം താങ്ങനാവാതെയാവാം ബാലേട്ടന്‍‍ പതിവിലും വേഗത്തില്‍ നടന്നു മറഞ്ഞിരുന്നു.

തിരിച്ചെത്തി മേശപ്പുറത്തു മുഖമമര്‍‍ത്തി എന്നോടു തന്നെ ചോദിച്ചു. ആ സത്യം എങ്ങനെയാണു മറന്നത്‌?. അറിഞ്ഞതുമുതല്‍ ഒരു ചെറിയനൊമ്പരമായി കൂടെയുള്ള എന്റെ ചേച്ചിയെ എങ്ങനെയാണ്‌ ഒരുനിമിഷത്തേക്കെങ്കിലും ഞാന്‍‍ മറവിയിലേക്കു തള്ളിയത്‌. ചിന്തകള്‍ വീണ്ടും ജീവിതം ജീവിച്ചു തീര്‍‍ക്കാതെപോയ ആ നക്ഷത്രത്തിലേക്കു പറന്നു.

തിരിച്ചറിവായ ഒരു നാളിലാണു പഴയ കഥകളുടെ കൂട്ടത്തില്‍ ആ കടിഞ്ഞൂല്‍ പ്രസവത്തെപ്പറ്റി അമ്മ പറഞ്ഞത്‌. ജനിച്ചു രണ്ട്‌ നാള്‍ തികയും മുന്‍പെ അമ്മയുടെ നെഞ്ചിന്റെ ചൂടും അമ്മിഞ്ഞാപ്പാലിന്റെ മധുരവും മതിയാക്കി സ്വര്‍‍ഗത്തിലേക്കു പോയ എന്റെ ചേച്ചിയെപറ്റി അറിഞ്ഞപ്പോള്‍ മനസില്‍ ഒരായിരം ചോദ്യങ്ങള്‍ വന്നു. അതൊക്കെയും ഒറ്റ ഇരുപ്പില്‍ അമ്മയോടു ചോദിച്ചറിഞ്ഞു. എങ്ങനെയാണു മരിച്ചത്‌? . എവിടെയാണ് ആ കുഞ്ഞുശരീരം അടക്കിയത്‌?. ജീവിച്ചിരുന്നെങ്കില്‍ എന്തു പേരിടുമായിരുന്നു?. അങ്ങനെ അങ്ങനെ എന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഒരിക്കലും കാണാത്ത നിര്‍‍വികാരത മുഖത്തു സൂക്ഷിച്ച്‌ അമ്മ ഉത്തരം തന്നുകൊണ്ടിരുന്നു.

എന്തായിരുന്നു അസുഖമെന്നറിയില്ല, രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ ആ ജീവന്‍ നിലച്ചു. ആശുപത്രിയില്‍ തന്നെ അടക്കി. എന്തു പേരിടുമായിരുന്നു എന്ന ചോദ്യത്തിനു മാത്രം അമ്മ ഉത്തരം നല്‍കിയില്ല. ഉള്ളിന്റെ ഉള്ളില്‍ ആദ്യം വിരിഞ്ഞ ആ പൂവിനു നല്‍കാന്‍ കരുതി വച്ചിരുന്ന ആ പേരു, ആരും അറിയേണ്ട എന്ന ചിന്തയാണോ? ആര്‍‍ക്കറിയാം. ഏതായാലും പേരറിയാത്ത അനേകം നക്ഷത്രങ്ങള്‍ക്കൊപ്പമായിരുന്നു എന്റെ മനസില്‍ ചേച്ചിയുടെ സ്ഥാനം.

പിന്നീടു പലപ്പോഴും വിചാരങ്ങള്‍‍ ചേച്ചിയെ ചുറ്റിപ്പറ്റി പടര്‍‍ന്നു കയറുമായിരുന്നു. ചേച്ചികൂടി ഉണ്ടായിരുന്നെങ്കില്‍ പിന്നെയുള്ള ആറുപേരുടെ ജീവിതങ്ങള്‍ ഇന്നുള്ളതില്‍നിന്നും ഏതൊക്കെ വിധമായിരിക്കും വ്യത്യസ്തമാവുക?. ജീവിച്ചിരുന്നെങ്കില്‍ ചേച്ചി ആരായിത്തീര്‍‍ന്നേനെ?

ചേച്ചി ജനിച്ചു ജീവിക്കാത്തതില്‍ ഭൂമിയില്‍ ഞാന്‍‍ മാത്രമേ വേദനിക്കുന്നുള്ളു എന്നു തോന്നാറുണ്ട്‌. പറഞ്ഞു തരേണ്ടിയിരുന്ന കഥകളുടെയും ചൊല്ലിത്തരേണ്ടിയിരുന്ന പാട്ടുകളുടെയും കാതിലോതേണ്ടിയിരുന്ന നല്ലവഴികളുടെയും നഷ്ടക്കണക്കെടുക്കുമ്പോള്‍ എന്നും ഉള്ളം നീറും. ദൈവത്തിന്റെ ക്രൂരതയെ മനസില്‍ കുറ്റപ്പെടുത്തുമപ്പോള്‍.


ഫോണ്‍ ശബ്ദിക്കുന്നതു കേട്ടാണു ഞെട്ടി എഴുന്നേറ്റത്‌. ജില്ലാ ആശുപത്രിയിലെ സോഴ്സ്‌ സുരേഷാണു അങ്ങേത്തലക്കല്‍. ഡോക്ടര്‍‍മാരുടെ അശ്രദ്ധമൂലം രണ്ട്‌ ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചിരിക്കുന്നു. ബന്ധുക്കള്‍ സൂപ്രണ്ടിനെ തടഞ്ഞു വച്ചിരിക്കുകയാണ്‌.

കേട്ടയുടന്‍‍ അങ്ങോട്ടേക്കു കുതിച്ചു. തിരിച്ച്‌ ഓഫിസിലേക്കു വരുംവഴി കോട്ടമൈതാനിക്കു മുന്നിലെ ധര്‍‍ണ്ണ നോക്കാം എന്നു വിചാരിച്ചു. കോണ്‍ഗ്രസ്സ്‌ സര്‍‍ക്കാരിനെതിരെയുള്ള സമരമാണ്‌. ചെന്നപ്പോള്‍ പ്രസംഗിക്കുന്നത്‌ ഗാന്ധിയനായ കറത്താട്ടു ബാലചന്ദ്ന്‍‍. കാണികളുടെ കൂട്ടത്തില്‍ എന്നെ കണ്ടിട്ടാവാം, ധര്‍‍ണ്ണ കഴിഞ്ഞയുടന്‍‍ ആ വൃദ്ധന്‍‍ പെട്ടെന്നു പിന്നിലൂടെ നടന്നു നീങ്ങി.

ഓടിയെത്തി ആ കയ്യില്‍പ്പിടിച്ചു പറഞ്ഞു. "ബാലേട്ടന്‍‍ പറഞ്ഞതു ശരിയാണ്‌. ഞാന്‍‍ അഞ്ചാമനാണ്‌. എന്റെ അമ്മ പ്രസവിച്ച ആദ്യത്തെ കുഞ്ഞു രണ്ട്‌ദിനം പ്രായമുള്ളപ്പോള്‍ മരിച്ചു പോയിരുന്നു" . ബാലേട്ടന്‍‍ ഒന്നും പറഞ്ഞില്ല. മെല്ലെയൊന്നു ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഗാന്ധിയെപ്പൊലെ മെല്ലെ നടന്നു മറഞ്ഞു.

ബാലേട്ടനോടു ചോദിക്കാന്‍‍ ഒരു ചോദ്യം ബാക്കിവച്ച കാര്യം മറന്നുപോയി. എന്റെ പേരിലുള്ള അക്ഷരങ്ങള്‍ കൂട്ടിക്കിഴിക്കുമ്പോള്‍, എവിടെയാണ്‌ എന്നെ ലാളിക്കാതെ ആകാശത്തേക്കു പോയ എന്റെ ചേച്ചിനക്ഷത്രം മറഞ്ഞിരിക്കുന്നതു കാണുന്നത്?.

--കറത്താട്ട്‌ ബാലചന്ദ്രന്‍‍ പാലക്കാട്ടെ പ്രമുഖ ഗാന്ധിയനാണ്‌.

8 comments:

SunilKumar Elamkulam Muthukurussi said...

hmmm. Good

സു | Su said...

മഞ്ചിതിനു മലയാളം ബൂലോകത്തിലേക്ക് സ്വാഗതം :)

aneel kumar said...

അഞ്ചാമൻ മഞ്ജിതിനു ബൂലോഗത്തിലേയ്ക്കു സ്വാഗതം.
പോസ്റ്റ് നന്നായിരിക്കുന്നു .

രാജ് said...

Dear blogger,

You are using WRONG character codes for malayalam chillaksharam ർ and ൻ; instead of these characters you have entered malayalam numeral 4 (൪) and malayalam numeral 9 (൯)

Please revise your current IME or adapt a new IME which can encode malayalam chillaksharams properly.

Kalesh Kumar said...

മൻ‌ജിത്തിന് ബൂലോഗത്തിലേക്ക് സ്വാഗതം!
കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു...

വള്ളുവനാടന്‍ said...

മന്‍ജിത്തേ..
തന്റെ ഈ ലേഖനം വല്ലാതെ സ്പര്‍ശിച്ചു...
ശൂപോ...
മൂഡുപോയി...
പിന്നെ കാണാം.

ദിവാസ്വപ്നം said...

ഇത് ഇപ്പോഴാണ് ഞാന്‍ കാണുന്നത്.

വലരെ നന്നായിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ എന്റെ വീട്ടുകാരെപ്പോലെ തന്നെ എന്നെ നോക്കിവളര്‍ത്തിയിരുന്ന, ഡാഡിയുടെ മൂത്ത ചേച്ചി ഉണ്ടായിരുന്നു. ആന്റിയുടെ മൂത്ത മകള്‍ ജനിച്ച് അധികം കഴിയാതെ മരിച്ച് പോയിരുന്നു.

ഇത് ആന്റി തന്നെ ഒരിക്കല്‍ നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് ഞാന്‍ ആന്റിയോട് ചോദിച്ചു. എന്തായിരുന്നു ആ ചേച്ചിക്ക് ഇട്ട പേര്‍. ഒന്നോ രണ്ടോ നിമിഷത്തെ മൌനത്തിന് ശേഷം ആന്റി പറഞ്ഞു : ‘സ്വപ്ന’. സ്വപ്നം കണ്ട് ഉണ്ടായ മോള്‍. ആന്റി കരയുകയൊന്നുമായിരുന്നില്ല. ചിരിച്ചുകൊണ്ട് തന്നെ ആയിരുന്നു അത് പറഞ്ഞത്. സത്യത്തില്‍ സങ്കടം വന്നതെനിക്കാണ്.

എന്റെ ബാല്യത്തിലെ ഒട്ടനവധി വീക്കെന്ഡുകള്‍ ഞാന്‍ ആന്റിയുടെ വീട്ടില്‍ ആയിരുന്നു ചിലവഴിച്ചിരുന്നത്. ചില വെള്ളിയാഴ്ചകളില്‍ വണ്ടി കയറി ആന്റിയുടെ വീട്ടില്‍ പോയാല്‍ തിങ്കളാഴ്ച രാവിലത്തെ വണ്ടിക്ക് തിരിച്ച് നേരെ സ്കൂളില്‍ പോയി വൈകുന്നേരം വീട്ടിലെത്തിയുട്ടു പോലുമുണ്ട്.

സ്വന്തം വീട്ടിന് നൂറ് മീറ്റര്‍ അടുത്ത് സ്കൂള്‍ ആയിരുന്നതിനാല്‍, പൊതികെട്ടി ചോറ് കൊണ്ട് പോകാന്‍ ഉള്ള എന്റെ കൊതി മാറ്റിത്തന്നിരുന്നത് ഈ തിങ്കളാഴ്ചകള്‍ ആയിരുന്നു.

ആ ആന്റി ഇന്നില്ല. മരിച്ചപ്പോള്‍ അടുത്തുണ്ടാകാനോ സംസ്കാരത്തില്‍ പങ്കെടുക്കാനോ പോലും എനിക്ക് സാധിച്ചില്ല. ഞാന്‍ വാര്‍ത്ത അറിഞ്ഞതും താമസിച്ചായിരുന്നു.

ഇളയ ആന്റി (ഈ ആന്റിയുടെ അനിയത്തി) ആണ് എന്നെ നവജാതം തൊട്ട് നേഴ്സറി വരെ നോക്കിവളര്‍ത്തി വലുതാക്കിയത്. ആ ആന്റി വളരെ മുന്‍പേ തന്നെ ഓര്‍മ്മയായി. അത് പിന്നീട് ഒരു പോസ്റ്റാക്കി പറയാം.

word verifi : forev !

സൂര്യോദയം said...

താങ്കളുടെ എഴുത്ത്‌ ഇഷ്ടപ്പെട്ടു.