Thursday, March 16, 2006

ലാല്‍ സലാം വി.എസ്.

സഖാവ് വി. എസിനോട് എനിക്കെന്നും ആരാധനയാണ്. അതിനല്‍‌പം പോലും കുറവുവന്നിട്ടില്ല. എവിടെയോ ഒരു കസേരകണ്ടു പനിക്കാതെ ജനസേവനത്തിനിറങ്ങി നടന്ന് ഒന്നുമില്ലാതെ കടന്നുപോയ ഒരു വല്യപ്പന്റെ കൊച്ചുമകന്‍ വി എസിനോടെങ്കിലും ചേര്‍ന്നു നില്‍ക്കണം; അതാണല്ലോ കാവ്യനീതി.


പക്ഷേ ഞാനീ ചേര്‍ന്നു നില്‍ക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിപട്ടികയില്‍ സഖാവ് അച്യുതാനന്ദനു സ്ഥാനമില്ല എന്ന വാര്‍ത്ത കേട്ടിട്ടുമല്ല. ഉള്ളിന്റെയുള്ളില്‍ എന്തായിരുന്നാലും മറ്റുള്ളവരുടെ യാതൊരു പ്രേരണയുമില്ലാതെ അദ്ദേഹം നടത്തിയ ജനകീയ ഇടപെടലുകളെയോര്‍ത്താണ് ഞാനദ്ദേഹത്തെ നമിക്കുന്നത്.

സാധാരണക്കാരന്റെ കണ്ണാടിയിലൂടെ നോക്കുമ്പോള്‍ കേരളത്തില്‍ ചിലപ്പോഴെങ്കിലും ജനപക്ഷത്തു നിന്നു സംസാരിച്ച ഒരേയൊരു രാഷ്ട്രീ‍യ നേതാവേയുള്ളു. അതു വി.എസ്.അച്യുതാനന്ദനാണ്.

മലമ്പുഴ ഡാമില്‍ അടിഞ്ഞുകൂടുന്ന ചെളിമണല്‍ വാരാനെന്ന പേരില്‍ ഡാമിലേക്കുവരുന്ന പുഴകളിലെ മണല്‍‌വരെ കടത്തുന്ന പകല്‍‌ക്കൊള്ള കണ്ടപ്പോള്‍, അദ്ദേഹത്തിന്റെ ആശയങ്ങളോടു പലപ്പോഴും സമരംചെയ്യുന്ന ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴും, ഞാന്‍ വിളിച്ചത് വി. എസിനെയാണ്. ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരന്‍ കലക്ടര്‍ പോലും മൂക്കിനുതാഴെ കവ-കൂട്ടുകല്‍ പ്രദേശത്തു നടന്ന ആ മണല്‍ക്കൊള്ള കാണാനെത്തിയത് എണ്‍‌പതു കഴിഞ്ഞ വി.എസ്. മലകയറി വന്ന ശേഷമാണ്.

കേരളത്തിന്റെ മുക്കിലും മൂലയിലും ഇതുപോലെ ഒരുപാട് ജനകീയ പ്രശ്നങ്ങള്‍ വി.എസ്. മൂലം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങളും വെള്ളക്കോളര്‍ വര്‍ഗങ്ങളും പലപ്പോഴും അവയെ വികസനവിരുദ്ധ ഇടപെടലുകള്‍ എന്നു വിളിച്ച് പുച്ഛിച്ചിട്ടുമുണ്ട്.

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രിക്കസേരയെന്ന കനകസിംഹാസനം സ്വപ്നംകണ്ടാണ് സഖാവ് വി.എസ്. ഈ ജനകീയ ഇടപെടലുകള്‍ നടത്തിയതെന്നു കരുതാന്‍ എനിക്കാവുന്നില്ല. തീയില്‍ കരുത്ത ഒരു കമ്മ്യൂണിസ്റ്റിന്റെ സ്വാഭാവിക പ്രതികരണങ്ങളായേ എനിക്കതിനേ കാണാനൊത്തിട്ടുള്ളൂ.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട അച്യുതാനന്ദന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമൊഴുകുന്ന മുതലക്കണ്ണീരിന്റെ ഉപ്പുരസം എന്റെ മനമ്പിരട്ടുന്നുണ്ട്. വി.എസിന്റെ ഇടപെടലുകളെ വികസനവിരുദ്ധമെന്നു വിശേഷിപ്പിച്ച മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ പറയുന്നത് ഈ ഇടപെടലുകളൊക്കെ നടത്തിയ വി.എസ്സായിരുന്നു കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് എന്നാണ്.

കൊയ്യുന്ന വയലെല്ലാം തങ്ങളുടേതാക്കാമെന്ന സ്വപ്നത്തിനു ചുറ്റും പണിയെടുത്ത കര്‍ഷകത്തൊഴിലാളികളുടെ കൊയ്ത്തുപാട്ടിനൊപ്പം പ്രസംഗിച്ചു വളര്‍ന്നവനാണു അച്യുതാനന്ദന്‍. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ സംസാരശൈലിയില്‍ ഇത്രയും നീട്ടലും കുറുക്കലുമൊക്കെ. എന്നാല്‍ ആ ശൈലിയെ സിനിമാലയിലും കോമിക്കോളയിലും മിമിക്സ് തട്ടുകടകളിലും വിളമ്പി അങ്ങോരെ അച്ചുമാമന്‍ എന്ന ജനകീയ കോമഡിരൂപമാക്കി ഉയര്‍ത്തിയവര്‍പോലും ഈ കണ്ണീരൊഴുക്കില്‍ അവരുടേതായ ഒഴിക്കല്‍ നടത്തുന്നതു കാണുമ്പോള്‍ ചിരിക്കുകയല്ലാതെ എന്താ ചെയ്യുക.

മാധ്യമ വിശാരദന്മര്‍ നടത്തുന്ന ചില സ്വയമ്പന്‍ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാര്‍ക്സിറ്റു പാര്‍ട്ടിയിലെ പണാധിപത്യത്തിനെതിരേ വി.എസ്. പടനയിച്ചതുമൂലം അദ്ദേഹത്തിനു സീറ്റു നിഷേധിച്ചുപോലും.

ഇത്തരം നിരീക്ഷണത്തില്‍ നിന്നു മനസിലാകുന്നത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ പണാധിപന്മാര്‍ എന്നു പറയുന്നത് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക്, എം.എ.ബേബി, എന്നിവരെയൊക്കെയാണ്. ഏറെക്കുറെ, അല്ല പൂര്‍ണ്ണമായും ശരിയാണ്. പണാധിപത്യത്തിനെതിരെ പടനയിക്കുന്നത് വി.എസ് ആണ്. അതും പൂര്‍ണ്ണമായും ശരിതന്നെ.

പക്ഷേ ഇപ്പറഞ്ഞ രണ്ടാം ചേരിയുടെ ചില പടനായകന്മാരെ കാണുമ്പോള്‍ എന്റെ മനസില്‍ ചില സംശയങ്ങളുണ്ട്. അവരില്‍ ചില പേരുകളാണ് എന്റെ സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. പത്തിരുപതുകൊല്ലം തെരുവില്‍ സമരം ചെയ്തതിന്റെ കേടുകളും കടപ്പാടുകളും രണ്ടുമൂന്നര വര്‍ഷം മന്ത്രിക്കസേരയിലിരുന്ന് ചെയ്തനുഭവിച്ചാസ്വദിച്ചു തീര്‍ത്ത എസ് ശര്‍മ്മയെന്ന പഴയ ഡിഫി, നവമാര്‍ക്സിസമെന്നാല്‍ ഇക്കണോമിക്സ് ടൈംസ് കൈകള്‍ക്കിടയില്‍ തിരുകലാണെന്നു ധരിക്കുന്ന, ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പദ്ധതിക്കെതിരേ സമരം നയിച്ച്, അതേ കൈകൊണ്ട് വി.ആര്‍.എസ്. വകുപ്പില്‍ നാലഞ്ചുലക്ഷം എണ്ണിവാങ്ങി, എം.പിയാകാന്‍ പോയ കെ. ചന്ദ്രന്‍‌പിള്ള, എന്നിങ്ങനെയുള്ളവരാണ് ഇപ്പറഞ്ഞ വി.എസ്. ചേരിയെ നയിക്കുന്നതെങ്കില്‍ വി.എസ്മാനിയക്ക് എവിടെയോ പിഴയ്ക്കുന്നുണ്ടെന്നു നിശ്ചയം.

ഈ സഖാക്കളെവച്ചാണ് വി.എസ്. ആശയ സമരം നടത്തുന്നതെങ്കില്‍ അതിനെ കേവലം ആമാശയ സമരം എന്നു വിളിക്കുകയാവും നല്ലത്. അങ്ങനെ ചിന്തിക്കുമ്പോള്‍ പിണറായി പക്ഷത്തുള്ളവരും വി.എസ്. പക്ഷത്തുള്ളവരും തമ്മിലുള്ള ഏകവ്യത്യാസം വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതമാണ്. ആ ജീവിതത്തെ മുന്‍‌നിര്‍ത്തി പാര്‍ട്ടിയിലും ജീവിതത്തിലും എന്തെങ്കിലും ചിലതു നേടാനുള്ള ചിലരുടെ ഗൂഢോദ്ദേശം മാത്രമാണ് വി.എസ്. അനുകൂല ഹിസ്റ്റീരിയായുടെ ചാലകശക്തിയെന്നു പെട്ടെന്നു വായിച്ചെടുക്കാം.

അതീവ രഹസ്യമായ പാര്‍ട്ടി വിശേഷങ്ങള്‍ ക്രിക്കറ്റിലെ കമന്ററേറ്ററേപ്പോലെ മനോരമയിലെ സുജിത് നായരെയും മംഗളത്തിലെ രാമചന്ദ്രനെയും മറ്റും വിളിച്ചറിയിക്കുന്ന സഖാക്കന്മാരുടെ മനസിലിരുപ്പ് മറ്റെന്താണ്.

കേരളത്തിലിപ്പോള്‍ പത്രത്തില്‍ പേരു വരണമെങ്കില്‍ വി.എസിനുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചാല്‍ മതിയെന്നായിട്ടുണ്ട്.

സഖാവ് വി.എസ്. ഞാന്‍ താങ്കള്‍ക്കുവേണ്ടി ചിരിക്കുകയാണ്. താങ്കള്‍ മത്സരിക്കരുതെന്നും ഒരിക്കലും മുഖ്യമന്ത്രിയാകരുതെന്നും ആഗ്രഹിക്കുന്ന ഒരു പാവം മലയാളിയാണു ഞാന്‍. എന്റെ നാട്ടിലെ പുഴകളും, മരങ്ങളും, കായലുകളും, നെല്‍‌വയലുകളും കുറച്ചു നാള്‍ക്കൂടിയെങ്കിലും നിലനില്‍ക്കണമെങ്കില്‍ താങ്കള്‍ മുഖ്യമന്ത്രിയാകാതിരുന്നേപറ്റൂ.

രായിരനെല്ലൂര്‍ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റി അതേപോലെ തിരിച്ചറിക്കിയ ആ വിശുദ്ധ ഭ്രാന്തനെ ഓര്‍ക്കുക. എന്നിട്ട് മുഖ്യമന്ത്രിക്കസേര അധികാര പര്‍വ്വതങ്ങളിലേക്ക് വലിച്ചുകയറ്റി താങ്കള്‍ത്തന്നെ പുച്ഛത്തോടെ താഴേക്കിടുക. എന്നിട്ടു ചിരിക്കുക. മെല്ലെ നീട്ടിക്കുറുക്കി സഖാവിന്റെ അതേ താളലയത്തിലൊരു ചിരി. താങ്കളുടെ ആ ചിരിക്ക് എന്റെ വോട്ട്. ലാല്‍ സലാം.

11 comments:

kumar © said...

ഈ ആഴ്ചയില്‍ പത്രങ്ങളില്‍ നിറഞ്ഞുനിന്നത് ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ല.
ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മാഫിയമണക്കുന്നു.
കച്ചവടതന്ത്രങ്ങളുടെ ചൂരുപരക്കുന്നു.
“മാച്ച് ഫിക്സിങ്ങിന്റെ“ അറപ്പുളവാക്കുന്ന ആര്‍പ്പുവിളികള്‍ ഉയരുന്നു.

കാട്ടിലും മേട്ടിലും നാട്ടിലും അനീതിക്കെതിരെ കഴുത്തുയര്‍ത്തി കൈകളെറിഞ്ഞു വാക്കുകള്‍ നീളത്തില്‍ വിളിച്ച് പറയുന്ന വി. എസ്. പടിയിറക്കത്തിലാണ്. ഒപ്പം ഇറങ്ങുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബാക്കിയുണ്ടായിരുന്ന ഒരു തരി നന്മയാണ്.
ലാല്‍‌സലാം സഖാവേ. മിമിക്രിക്കാരുടെ പുളിക്കുന്ന ചേരുവകള്‍ ഇല്ലാത്ത ഒരു കൊച്ചു ലാല്‍‌സലാം. ഉഅയരത്തില്‍ ഉയരത്തിലൊരു ലാല്‍‌സലാം.

Thulasi said...

വികസന ന്യൂനപക്ഷ വിരുദ്ധന്‍ എന്ന പേരു പറഞ്ഞാണ്‌ സഖാവിനെ ഒതുക്കാന്‍ ശ്രമിക്കുന്നത്‌.വി.എസ്സ്‌ ഇടപെട്ട പ്രശ്നങ്ങളില്‍ ഒന്നും പാര്‍ട്ടിക്ക്‌ താത്‌പര്യമില്ല എന്നുകൂടിയല്ലെ ഇതു കാണിക്കുന്നത്‌? ഇന്ന്‌ വി.എസ്സിന്റെ കൂടെ നില്‍ക്കുന്നവരുടെ തനിനിറം കൂടി വെളിപ്പെടുത്തിയതിന്‌ മാന്‍ജിത്തിനു നന്ദി.

അരവിന�ദ� :: aravind said...

വി എസ്സിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നൊഴിവാക്കിയത് തികച്ചും ഉചിതമെന്നെനിക്കു തോന്നുന്നു.
അന്ധമായ സാമ്രാജിത്വവിദ്വേഷം മുതലാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വികസനങ്ങള്‍ക്കു തടയിടുന്ന സഖാക്കളേ, നിങ്ങള്‍ക്ക് വോട്ടില്ല.
പിണറായിക്കും, പാലൊളിക്കും അഭിവാദ്യങ്ങള്‍! പക്ഷേ ഇനിയും നന്നാവാനുണ്ട്-ഏറെ.

എന്റെ വോട്ട് മിടുമിടുക്കന്‍ കുഞ്ഞൂഞ്ഞിന്. ;-)

മന��ജിത�‌ | Manjith said...

നോട്ടങ്ങളിലെ നോട്ടപ്പിശകുമൂലം എന്റെ പോസ്റ്റ് വി.എസ്. അനുകൂല പോസ്റ്ററുകള്‍ പോലെ പിന്മൊഴി ബ്ലോഗില്‍ നിറഞ്ഞൊഴുകിയതിന് ക്ഷമചോദിക്കുന്നു. ഇത്രയും പ്രതീക്ഷിച്ചില്ല.

മന��ജിത�‌ | Manjith said...

കുമാറേട്ടാ,

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലാതായതോടെ വി.എസിനെ പടിയിറക്കുക എന്ന 'മനോര‌മ്യ' ചിന്തയില്‍ നമ്മളും വീഴേണ്ടതുണ്ടോ. അങ്ങനെയായാല്‍ ഈ ജീവിതകാലം മുഴുവന്‍ അങ്ങോര്‍ ചെയ്തതൊക്കെയും ഈയൊരു കസേരകണ്ടിട്ടാണെന്ന ചിന്ത വരില്ല്ലേ?. അപ്പോള്‍ പിന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ല്ല എന്നറിഞ്ഞപ്പോള്‍ ആദര്‍ശം കുട്ടയിലെറിഞ്ഞ് കളം‌മാറി ചവിട്ടിയ ചെറിയാന്‍ ഫിലിപ്പും വി.എസുമായി വ്യത്യാസമൊന്നുമില്ലാതാ‍കും.

kumar © said...

എന്റെ ഉള്ളിലുള്ളത് പുറത്തുപറഞ്ഞാല്‍, സംഭവിച്ചത് ഒരു അനീതിയാണെങ്കിലും വി എസിനു സീറ്റ് കിട്ടരുത് നിയമസഭയിലെന്നല്ല ഒരിടത്തും. ഒരു മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ വായ അടയ്ക്കും അനീതിക്കും അഴിമതിക്കും എതിരേയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടും. ആ വ്യക്തി ഒരു രാഷ്ട്രീയക്കാരന്‍/ഭരണാധികാരി എന്ന നിലയില്‍ ഒതുങ്ങിപ്പോകും. ഇതു അധികാരത്തിന്റെ ഏറ്റവും മോശമായവശമാണ്.

ഇനി പടിയിറക്കത്തെക്കുറിച്ച്. ഈ ഒഴിവാക്കല്‍ ഉറപ്പായാല്‍ അത് അധികാരത്തിന്റെ ഇടനാഴിയില്‍ നിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുമുള്ള വി. എസിന്റെ പടിയിറക്കമായിരിക്കും ഇത്. അതിനു മനോരമയുടെ വരികള്‍ കടം കൊള്ളേണ്ട ആവശ്യം നമുക്കു വരുന്നില്ല.

ഇനി മനോരമയിലേക്ക്. ഒരു ഹിഡന്‍ അജണ്ടപോലെ മനോരമ വച്ചു നടത്തിയ പ്രചരണം ആണിത്. എന്നും മനോരമ അതുമാത്രമേ നടത്തിയിട്ടുള്ളു. പിണറായി വിജയനെപ്പോലുള്ളവര്‍ അതിനുള്ള വഴിയൊരുക്കിക്കൊടുക്കുന്നു. ജോലിയുടെ ഭാഗമായി മനോരമയുമായി അടുത്തിട പഴകുന്നു. അത് തീര്‍ത്തും ഒരു പ്രൊഫഷണല്‍ ബന്ധം മാത്രം. അതു ഇതുമായി ചേര്‍ത്തുവായിക്കാതിരിക്കാന്‍ അപേക്ഷ.

വക�കാരിമഷ�ടാ said...

ഞാനാലോചിക്കുകയായിരുന്നു (സംഗതി നാടോടിക്കാറ്റാകുമെന്നറിയാം... എങ്കിലും)

വീയെസ്സ് പാർട്ടി വിട്ട് വരുന്നു...
കേരളത്തിലെ ജനലക്ഷങ്ങൽ ആത്‌മാർത്ഥമായി വീയെസ്സിന് വേണ്ടി വാദിക്കുന്നു...
വീയെസ്സ് മത്സരിക്കുന്നു... (ഒരു മൂന്നാം മുന്നണിയായി)
സീപ്പീയൈയ്യും ആറെസ്പി‌യും, ജേയെസ്സെസ്സും, സീയെമ്പീയും ഒരു കഷ്ണം കേകോണുമെല്ലാം ആവേശപൂർവ്വം വീയെസ്സിനു പിന്നിൽ...
വൃത്തികേട് കാണിക്കാത്ത അഴിമതിക്കാരല്ലാത്ത മനുഷ്യസ്നേഹമുള്ള കുറെ സ്ഥാനാർത്ഥികൽ വീയെസ്സിന്റെ കൂടെ...
ഒരെഴുപത്തിനാല് സീറ്റ് വീയെസ്സിന്റെ പാർട്ടിക്ക്.. ബാക്കി കോണിനും സീപ്പീയെമ്മിനും. വോട്ടൊന്നും വിറ്റില്ലേൽ ഒന്നുരണ്ട് ബീജേപ്പീക്കും

വീയെസ്സ് മുഖ്യൻ..

ആഭ്യന്തരം നമ്മുടെ മുന്നൈജീ (ആന്റണിസാറിന്റെ സമയത്തുണ്ടായിരുന്ന....)

വിദ്യാഭ്യാസം ഒരു നല്ല ദൂരക്കാഴ്ചയുള്ള ഒരു വിദ്യാഭ്യാസ വിദഗ്ദന് (വിചഷണൻ എന്നോ മറ്റോ ഉള്ള വാക്ക് മറന്നുപോയി)

കിളിരൂരിൽ ഒരു വിദഗ്ദ നിഷ്‌പക്ഷാന്വേഷണം, യാതൊരു ഇടപെടലുമില്ലാതെ...

ഐസ്‌ക്രീമും സൂര്യനെല്ലിയും അതുപോലെ..

മതികെട്ടാ‍നിലും അതുപോലെ..

ബേപ്പൂരിലും മാറാട്ടിലും മറഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചവരാരായിരുന്നാലും അവരെല്ലാം അകത്ത്..

യാതൊരു ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനവുമില്ല, ന്യായം മാത്രം.

കാശും പിടിയും കൂടുതലുള്ളവന് പ്രത്യേകിച്ച് വലിയ പ്രയോജനമൊന്നുമില്ലാത്ത ഭരണം...

കുറ്റം ചെയ്യ്‌തവനൊക്കെ അകത്ത്, ഏതു വലിയ കൊമ്പനായാലും, മുതലാളിയായാലും.

ഇപ്പോളുള്ള രണ്ടു മുന്നണിവന്നാലും ഇതൊന്നും നടക്കാൻ പോകുന്നില്ല.

വീയെസ്സൊട്ടു വരാനും പോകുന്നില്ല... ഇനി വന്നാലും നടക്കുമോ, യാതൊരു ഉറപ്പുമില്ല.. വീയെസ്സ് മാവേലിയൊന്നുമല്ലല്ലോ.

അതുകൊണ്ട്..... മൂവീ പ്ലസ്സിലെന്താ പടമെന്നു നോക്കട്ടെ

വക�കാരിമഷ�ടാ said...

കുമാറും മൻ‌ജിത്തും പറഞ്ഞത് ശരി.

വീയെസ്സ് നിക്കട്ടെ ഇങ്ങിനെ തന്നെ.. ഇതുപോലെ തന്നെ..

അഴിമതികൾക്കെതിരെയും കൊള്ളരുതായ്മകൾ‌ക്കെതിരേയും വേണ്ടപ്പോഴൊക്കെ ശബ്ദമുയർത്തട്ടെ (വീയെസ്സിനു വേണ്ടപ്പോളല്ല)
അങ്ങിനെയെങ്കിലും നാലുപേരറിയട്ടെ..

കോണും സീപ്പീയെമ്മും കുറെ പത്രങ്ങളും തമ്മിലുള്ള അഡ്‌ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നടക്കുന്ന ഈ കാലഘട്ടത്തിൽ വീയെസ്സിനേപ്പോലുള്ള ചുരുക്കം ചിലരെങ്കിലും വേണം.

ശരിയാ.. വീയെസ്സ് അധികാരത്തിൽ വന്നാൽ അദ്ദേഹത്തിനും കൂച്ചുവിലങ്ങിടപ്പെടും. മാഫിയ അത്രയ്ക്ക് ശക്തം..

വീയെസ്സ് പാർട്ടിക്ക് പുറത്തും പോകേണ്ട.....

Anonymous said...

വീയെസ്സിന്റെ ഒപ്പം ഇത്രയും കാലം നിന്ന്‌ വലുതായി, എം.പിയായി, പിണറായി കണ്ണുരുട്ടിയപ്പോള്‍(?)വീയെസ്സിനെ ചീത്തവിളിച്ച്‌ ഇവിടെനിന്നും പോയ ഒരാളുണ്ടേ, ഭാര്യ സാംസ്കാരിക തലസ്ഥാനത്തെ ചെയര്‍ പേഴ്സണ്‍!അങനെ എത്രപേര്‍! ജനങളിതെല്ലാം അറിയുന്നുണ്ട്‌, മനോരമയോ മറ്റുള്ളവരോ എന്തുപറഞാലും. വോട്ടുകിട്ടീന്നുവരില്ല, ജയിച്ചു എന്നുവരില്ല പക്ഷെ “ആളുവില, കല്ലുവില”.
നമ്മുടെ ജനാധിപത്യവും സ്വാതന്ത്രവുമൊക്കെ മൂലധനാടിസ്ഥാനത്തിലല്ലേ? അതുള്ളവര്‍ ജയിക്കുമായിരിക്കും, ജയിച്ചോട്ടെ. മഞ്ചിത്ത്` പറഞപോലെ വീയെസ്സിന് എന്തിനു ജയിക്കണം? (വ്വാളെടുത്തവന്‍ വാളാല്‍ എന്നുതന്നെയാണേ വീയെസ്സിന്റേയും അവസ്ഥ. പണ്ട്‌ വെട്ടിനിരത്തലിന്റെ ആളായിരുന്നില്ലെ?)-സു-

കണ�ണൂസ�‌ said...

കാലത്തിനൊത്ത്‌ കോലം മാറണം എന്നു പറഞ്ഞ മാര്‍ക്‍സിന്റെ അനുയായികളാണെങ്കിലും, അത്‌ ചെയ്യാന്‍ തയ്യാറല്ല എന്നുള്ളതാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ കുഴപ്പം.

ലോകത്തിന്റെ വേഗത്തിനൊപ്പം നീങ്ങുവാന്‍ സാധിക്കില്ല എന്ന് തോന്നിയപ്പോള്‍ സ്ഥാനം വിട്ടൊഴിഞ്ഞ ഒരു മഹാരഥനും, അതിനു ശേഷം അധികാരമേറ്റെടുത്ത്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്ക്‌ റോക്കറ്റ്‌ വേഗം നല്‍കിയ ഒരു മുഖ്യമന്ത്രിയും സ്വന്തം പാര്‍ട്ടിയില്‍ തന്നെ വഴികാട്ടികളായി ഉണ്ടായിട്ടു പോലും.

അച്ചുതാനന്ദന്‍ എന്ന വ്യക്തി നടത്തുന്ന ഒറ്റയാന്‍ പോരാട്ടങ്ങളോട്‌ ആദരവുണ്ടെങ്കിലും, അദ്ദേഹം മുഖ്യമന്ത്രി ആവരുതേ എന്നാണ്‌ എന്റെ പ്രാര്‍ത്ഥന. ഇന്നത്തെ അവസ്ഥയില്‍, അത്‌ അധികാരം പിണറായി വിജയന്‍ എന്ന കോണ്‍ഗ്രസ്സ്‌ സംസ്കാരമുള്ള ഒരു പക്കാ രാഷ്ട്രീയക്കാരന്റെ കയ്യില്‍ പോയി ചേരുന്നതിന്‌ തുല്യമാവുമെങ്കില്‍ പോലും. അല്‍പമെങ്കിലും vision ഉള്ള ഒരു രാഷ്ട്രീയ നേതാവു പോലും മൂന്ന് മുന്നണികളിലെ ഒന്നാം തലമുറയിലോ രണ്ടാം തലമുറയില്‍ പോലുമോ ഇല്ല എന്നുള്ള ഭീതിദമായ അവസ്ഥയാണ്‌ കേരളത്തിന്‌ അഭിമുഖീകരിക്കാന്‍ ഉള്ളത്‌ എന്നിരിക്കേ, നമുക്ക്‌ അടുത്ത കുറേകാലത്തേക്ക്‌ കൂടി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ല.

Anonymous said...

വി.എസ് വളരെയേറെ ജനകീയ സമരങ്ങള്‍ നയിച്ചു എന്നതു ശരിയാണ്. പക്ഷെ അവയെല്ലാം ജനങ്ങള്‍ക്ക് ഉപകാരപ്രമായിരുന്നോ എന്നു സംശയമുണ്ട്. തന്റെ ആവേശത്തിലും അല്പജ്ഞാനത്തിലും കുടുങ്ങി പല വികസനങ്ങള്‍ക്കും അദ്ദേഹം തുരങ്കം വച്ചിട്ടുണ്ടാകാം. വെട്ടൊന്നു മുറി രണ്ട് എന്ന ലൈന്‍ കേരളത്തിന്നു ഗുണമാണൊ ദോഷമാണോ ചെയ്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏന്നാല്‍ ഇന്നു, കേവലം ഒരു മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയെപ്പോലും തള്ളിപ്പറയുന്ന വി.എസും അനുയായികളും അത്ര നിഷ്കളങ്കരാണോ???‍

Monday, March 13, 2006

പേരുകളെക്കുറിച്ചല്പം

ഇതു ചേര്‍ത്തുവായിക്കുക

പേരില്‍‌നിന്നും നാടൂഹിച്ചെടുക്കുക ഇടയ്ക്കെന്റെ കൌതുകമായിരുന്നു.

പേരിനൊപ്പം ഒരു ഡേവിസോ ലോനപ്പനോ ഫ്രാന്‍‌സിയോ ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ ഓന്‍ തൃശൂര്‍ ചുറ്റുവട്ടത്തുള്ളവനാ. കുഞ്ഞിക്കണ്ണനാണെങ്കില്‍(ആരും ചൊറിച്ചുമല്ലേണ്ട) ഒന്നു ചോദിച്ചുറപ്പിച്ചോളൂ, അവന്‍ മിക്കവാറും കണ്ണൂര്‍‌കാരന്‍.

മുന്നിലോ പിന്നിലോ ലൂക്കോസ് ഉണ്ടെങ്കില്‍ ഓന്‍ മിക്കവാറും കോട്ടയം ജില്ലയിലെ അതിരമ്പുഴക്കാരനാകും. ലൂക്കാ സുവിശേഷകന്‍ ക്രിസ്ത്യാനികള്‍ക്കെല്ലാം വേണ്ടപ്പെട്ടവനാ. എന്നാലും ഈ അതിരമ്പുഴക്കാര്‍ക്ക് മൂപ്പരോടിത്ര മമതയെന്താണാവോ അറിയില്ല.

പേരിനൊപ്പം ഒരു കുട്ടികൂടിയുണ്ടെങ്കില്‍ ഏറെക്കുറെ അവനൊരു പാലക്കാട്ടുകാരനാണ്. നമ്മുടെ രാജ് രാജന്‍‌കുട്ടിയാകാതെ എങ്ങനെയോ രക്ഷപ്പെട്ടതാ.

കോളജില്‍ എന്റെയൊരു സഹപാഠിയുടെ പേര്‍ ബ്രഷ്‌നേവ്. കൈനകരിയിലെ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട അവനു ലെനിന്‍, സ്റ്റലിന്‍, ക്രൂഷ്ചേവ് എന്നിങ്ങനെ മൂന്നു സഹോദരന്മാരുമുണ്ട്. പിന്നീടറിഞ്ഞു അവന്റെ ഗ്രാമത്തില്‍ ഇതുപോലെ റഷ്യക്കാര്‍ ഏറെയുണ്ടത്രേ.

ഗള്‍‌ഫ് യുദ്ധകാലത്ത് മക്കള്‍ക്ക് സദ്ദാം എന്നു പേരിട്ട എത്രയോ മലപ്പുറംകാരുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സ്വാതന്ത്ര്യത്തെയും അദ്ദേഹത്തിന്റെ സഹോദരന്മാര്‍ സമത്വത്തെയും സാഹോദര്യത്തെയും മിക്കവര്‍ക്കും അറിയാമായിരിക്കുമല്ലേ?

പേരുപോലെ വീട്ടുപേരിലുമുണ്ട് ചില തമാശകള്‍. ഞങ്ങളുടെ സഭയില്‍ അച്ചന്മാരെ വീട്ടുപേര്‍ ചേര്‍ത്താണു വിളി. അതായത് ഞാനെങ്ങാനും അച്ചനായിരുന്നെങ്കില്‍ കൈനിക്കരയച്ചോ എന്നു നാട്ടുകാര്‍ വിളിക്കുമായിരുന്നു.

ഈ വീട്ടുപേരു വിളി തൃശൂരിലെത്തുമ്പോ ചിലപ്പോ കനക്കും. ഫാ.വില്‍‌സണ്‍ ഊക്കന്‍ എന്നു വീട്ടുപേരുള്ള അച്ചനെ ഊക്കനച്ചന്‍ എന്നല്ലാതെ നാട്ടുകാര്‍ എന്തു വിളിക്കണം? അമ്പൂക്കനച്ചന്‍, കാഞ്ഞൂക്കനച്ചന്‍, ചീരനച്ചന്‍, കൊണത്തപ്പള്ളിയച്ചന്‍, വെടികാരനച്ചന്‍... അങ്ങനെ കുറേയുണ്ട് കിടിലന്‍ അച്ചന്മാര്‍.
വിശാലനു ചിലപ്പോ ഇതിലും നീണ്ട ലിസ്റ്റ് തരാനായേക്കും.

Thursday, March 02, 2006

സാമുവല്‍ എറ്റോ

കളിക്കളത്തിന്റെ ചുറ്റുമുയരുന്ന പരിഹാസ ശരങ്ങളേറ്റ് തലതാഴ്ത്തിക്കരഞ്ഞു പോകുന്ന സാമുവല്‍ എറ്റോയുടെ ചിത്രം നിങ്ങള്‍ കണ്ടുവോ?. ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച. പോയവാരം സ്പാനിഷ് ഫുട്ബോള്‍ ലീഗിലെ റയല്‍ സരഗോസ - ബാഴ്സലോണ മത്സരത്തിനിടയിലായിരുന്നു വര്‍ണ്ണ വെറിയുടെ വൃത്തികെട്ട മുഖം വ്യക്തമാക്കിയ ആ സംഭവം.


റോണാള്‍ഡിഞ്ഞൊ എന്ന പ്രതിഭാധനനായ കൂട്ടുകാരനൊപ്പം എറ്റോ സരഗോസയുടെ ഗോള്‍മുഖത്തേക്കു മുന്നേറുമ്പോള്‍ അവരുടെ കാവല്‍ഭടന്മാര്‍ക്ക് പലപ്പോഴും പിഴച്ചു. കളിക്കാര്‍ക്കു കഴിയാത്തത് കാണികള്‍ നിസാരമായി സാധിച്ചെടുത്തു. എറ്റോ കാലില്‍ പന്തു കുരുക്കുമ്പോഴെല്ലാം അവര്‍ ആര്‍ത്തട്ടഹസിച്ചു. 'കറുത്ത കുരങ്ങന്‍'.

തന്റെ തൊലിനിറത്തിനുമേല്‍ കാണികള്‍ കുരങ്ങുകളിച്ചപ്പോള്‍ ജാലവിദ്യക്കാരനായ ആ കളിക്കാരന്റെ കാലുകള്‍ മരവിച്ചു പോയിട്ടുണ്ടാവണം. സഹികെട്ട് അയാല്‍ മെല്ലെ കളിമതിയാക്കി കളിക്കളത്തിനു പുറത്തേക്കു പോകാനൊരുങ്ങുന്ന കാഴ്ച,... ഹോ എറ്റോ നീ എത്രത്തോളം സഹിച്ചു.

എറ്റോ ഒട്ടപ്പെട്ട കഥാപാത്രമല്ല. ലോകമെങ്ങും കറുത്തവര്‍ക്കു നേരേ തൊലിവെളുത്തവര്‍ കാ‍ട്ടുന്ന അവഗണനകളുടെ പ്രത്യക്ഷ രൂപം മാത്രം. കാലില്‍ പന്തു കിട്ടിയാല്‍ കുതിക്കുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ യൂറോപ്പിലെ കളിക്കളങ്ങള്‍ നിറയെയുണ്ട്. പക്ഷേ അവര്‍ക്കു നേരിടേണ്ടത് വര്‍ണ്ണ വെറി മനസില്‍ കുത്തി നിറച്ച കാണികളെയാണെന്നു മാത്രം.

98ലെ ഫ്രാന്‍സ് ലോകകപ്പിലെ ആ രംഗം ഓര്‍മ്മയില്ലേ?. ബല്‍ജിയം-ഹോളണ്ട് മത്സരത്തിനിടെ ഹോളണ്ടിന്റെ ഗോളടിയന്ത്രം പാട്രിക് ക്ലൈവര്‍ട്ട് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോകുന്ന കാഴ്ച. ബല്‍ജിയം കളിക്കാരനു നേരേ കയ്യേറ്റം നടത്തിയതിനായിരുന്നു ആ പുറത്താക്കല്‍. കാലില്‍ കുരുക്കിയ പന്ത് പാതിവഴി ഉപേക്ഷിച്ചു വന്ന് ബല്‍ജിയം താരത്തെ ക്ലൈവര്‍ട്ട് കയ്യേറ്റം ചെയ്യുന്ന കാഴ്ച ടി വി ക്യാമറകള്‍ മിക്കവയും ഒപ്പിയെടുത്തു. പക്ഷേ ക്യാമറകളും റഫറിയും കാണാത്ത മറ്റൊന്നുണ്ടായിരുന്നു. കളിമികവില്‍ തന്നെ കീഴടക്കിയ ആ സിംഹത്തെ തളര്‍ത്താന്‍ ബല്‍ജിയന്‍ സായ്‌വ് പ്രയോഗിച്ച ആയുധം. അയാള്‍ ക്ലൈവര്‍ട്ടിന്റെ ചെവിയില്‍ മന്ത്രിച്ചു "കറുത്ത മൃഗമേ".

ഫുട്ബോള്‍ ഗ്രൌണ്ടിലെ ചടുല ദൃശ്യങ്ങളില്‍ മുഴുകി മതിമറന്നിരിക്കുമ്പോഴും വര്‍ണ്ണവെറിയുടെ വിഷം ചീറ്റുന്ന ഇത്തരം കാഴ്ചകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഈ ജാലകത്തിലൂടെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നു, ഈ വിഷം കളിക്കളങ്ങളില്‍ മാത്രമല്ല, എനിക്കു ചുറ്റിലെല്ലായിടത്തുമുണ്ട്.

അമേരിക്കക്കാര്‍ പലവക സാധനങ്ങള്‍ വാങ്ങാനേറെയുമെത്തുന്നത് വാള്‍മാര്‍ട്ടിലാണ്. വാങ്ങിയ സാധനങ്ങള്‍ കാര്‍ട്ടിലാക്കി പുറത്തു കടക്കുന്നേരം അവിടെ ഒരു ഇന്‍സ്പെക്ട്ടര്‍ കാണും മിക്കവാറും. ബില്ലിലുള്ള സാധനങ്ങളല്ലാതെ വല്ല ഒതുക്കത്സും കാര്‍ട്ടിലുണ്ടോ എന്നാണവരുടെ നോട്ടം. എന്നെ അത്ഭുതപ്പെടുത്തിയത് കുറേ പ്രാവശ്യം ഷോപ്പിങ്ങിനു പോയിട്ടും ഒരു തവണ പോലും എനിക്കീ പരിശോധന നേരിടേണ്ടി വന്നില്ല എന്നതാണ്. കട്ടെടുക്കില്ല എന്ന ലേബല്‍ എന്റെ നെറ്റിയിലെങ്ങാനുമുണ്ടോ. ഇല്ല, ഞാനുറപ്പുവരുത്തി. പിന്നീട് പലപ്രാവശ്യം നടത്തിയ നിരീക്ഷണങ്ങളിലൂടെ എനിക്കു പിടികിട്ടി. ഈ പരിശോധന മിക്കവാറും തൊലി കറുത്തവരോടു മാത്രം.

ഇവിടെ മിക്ക കടകളിലും സെല്‍‌ഫ് ചെക്കൌട്ട് എന്നൊരു പരിപാടിയുണ്ട്. അതായത് നമ്മള്‍ വാങ്ങുന്ന സാധനങ്ങള്‍ നമ്മള്‍ തന്നെ സ്കാന്‍ ചെയ്ത് നമ്മള്‍ തന്നെ പണവും കൊടുത്ത് പുറത്തിറങ്ങാനുള്ള ഏര്‍പ്പാട്. എന്നാല്‍ മില്‍‌വോക്കിയില്‍ മാത്രം മിക്ക കടകളിലും ഈ യന്ത്രത്തെ കണ്ടില്ല. ഞാനെന്റെ സംശയം ഒരു വാള്‍മാര്‍ട്ട് മാനേജരോടു ചോദിച്ചു. ഒരുളുപ്പുമില്ലാതെ സായ്‌വ് മറുപടി തന്നു. "ഇവിടെ ബ്ലാക്ക് പോപ്പുലേഷന്‍ അല്പം കൂടുതലാ".

ജീവിതം അഭിനയമാക്കിയ സായ്പന്മാര്‍ പുറമേ കാട്ടുന്നതൊക്കെ വേറെ ചിലതാണ്. മാര്‍ട്ടിന്‍ ലൂതര്‍ കിംങ് ജൂനിയര്‍ ദിനം അവര്‍ ഭംഗിയായി ആഘോഷിക്കും. കറുത്തവരെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച ലിങ്കണെപ്പറ്റി ഘോരഘോരം പ്രസംഗിക്കും. എന്നാല്‍ മനസിലിപ്പോഴും കറുത്തവര്‍ അവര്‍ക്കു മൃഗങ്ങള്‍ തന്നെ. ഞാന്‍ മുമ്പൊരിടത്തു പറഞ്ഞതുപോലെ കത്രീനക്കാറ്റിന്റെ നേരത്ത് ഇത് ഏറെ വ്യക്തമായിരുന്നു. കത്രീന ദുരിതങ്ങളുടെ ദൃശ്യങ്ങളില്‍ കറുത്തവരെ മാത്രമേ കാണാനുള്ളായിരുന്നു. എന്നാല്‍ പുനരധിവാസവും നഷ്ടപരിഹാരവുമൊക്കെയായപ്പോള്‍ അവിടെ കാണാം സായ്പ്ന്മാരുടെ നീണ്ട നിര.

ഈ വര്‍ണ്ണവെറിക്കു കാരണം കറുത്തവരുടെ തന്നെ പ്രവര്‍ത്തികളാണെന്നാണ് എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വാദിക്കുന്നത്. കുറ്റകൃത്യങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ കറുത്തവരുടെ മുഖങ്ങളേ കാണാനുള്ളു പോലും. പക്ഷേ എന്റെ നോട്ടത്തില്‍ കറുത്ത മക്കളുടെ ഈ അലസ ജീവിതം അവരുടെ പ്രതിഷേധമാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, നിന്ദനമേറ്റ, ബഹിഷ്കൃതരായ ജനതയുടെ പ്രതിഷേധം. എന്നാണവര്‍ ഇനിയൊന്നു നേരെയാവുക. തൊലിനിറം നോക്കിയുള്ള വേര്‍തിരിവ് മനുഷ്യകുലത്തില്‍ എന്നവസാനിക്കുന്നുവോ അന്ന്.

*** *** ***

എറ്റോ, കറുത്ത മുത്തേ. നിന്നെ അല്പ നേരത്തേക്കു ഞാന്‍ എന്റെ ചിന്തകളുടെ ‘ദന്തഗോപുര’ത്തിലേക്കു വിളിക്കട്ടെ. ഇവിടെ എന്നോടൊപ്പമിരുന്നു നിനക്ക് അത്താഴം കഴിക്കാം. എന്റെ മകള്‍ക്കു വിളമ്പുന്ന അതേ സ്നേഹത്തോടെ നിനക്കു ഞാന്‍ വിളമ്പിത്തരാം. എന്നിട്ട് ഞാനല്‍പ്പം വെള്ളമെടുത്ത് നിന്റെ കറുത്ത പാദങ്ങള്‍ കഴുകട്ടെ. എനിക്കുറപ്പുണ്ട്, തൊലിയല്പം വെളുത്തതാണെങ്കിലും എന്റെ കാലുകള്‍ക്കൊണ്ട് കളിക്കളത്തില്‍ കവിത കുറിക്കാനാവില്ല. നിനക്കതിനാവും. ഈ കാലുകള്‍ക്കൊണ്ട് നീ കളിക്കളത്തില്‍ ചടുല നൃത്തം ചവിട്ടുക. എന്നിട്ട് ഊക്കോടെ ആ പന്തു തട്ടുക. നിന്റെ ഊക്കനടികളെല്ലാം ഗോള്‍മഴ പെയ്യിക്കട്ടെ. നിന്റെ ഗോളുകള്‍ തൊലിനിറത്തിന്റെ പേരില്‍ നിന്നെ പരിഹസിച്ചവരുടെ നെഞ്ചു തകര്‍ക്കട്ടെ.

14 comments:

ശനിയന�� \o^o/ Shaniyan said...

മന്‍-ജിത്‌, നല്ല ഒരു വിഷയം.. ഇവിടെ ബാള്‍ട്ടിമോറിലും കറുത്തവര്‍ കൂടുതലാണ്‌.. പക്ഷെ, ഇവിടെ വര്‍ണ്ണ വിവേചനം ഇത്ര പ്രകടമായി കാണുന്നില്ല. കറുത്തവരും വെളുത്തവരും ഏകദേശം സമഭാവനയോടെ (ലൈനടിച്ച്‌, കല്യാണം കഴിച്ച്‌, വിവാഹമോചനം നേടി) കുഞ്ഞുകുട്ടിപരാധീനങ്ങളോടെ ജീവിക്കുന്നതാണു കൂടുതല്‍ ഞാന്‍ കാണുന്നത്‌.. ഇതു ചിലപ്പോള്‍ വെളുത്തവര്‍ എണ്ണത്തില്‍ കുറവായതു കൊണ്ടാകാം. കണ്ടാല്‍ ആന പോലിരിക്കുമെങ്കിലും, ശബ്ദം കേട്ടാല്‍ പാറപ്പുറത്തു ചിരട്ട ഉരക്കുന്ന പോലെ ഇരിക്കുമെങ്കിലും, നോട്ടം കണ്ടാല്‍ ചിലപ്പോള്‍ തിന്നുമെന്നു തോന്നുമെങ്കിലും, ഇവര്‍ ഉള്ളില്‍ വളരെ നല്ല മനുഷ്യരാണ്‌..

ഇങ്ങനെയൊക്കെയാണെങ്കിലും, കറുത്തവരുടെ സംഖ്യ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നു കണക്കുകള്‍. ഡൌണ്‍ ടൌണില്‍ ചില സ്ഥലങ്ങള്‍ രാത്രികാലങ്ങളില്‍ അത്ര സുരക്ഷിതമല്ല (പ്രത്യെകിച്ച്‌ എന്റെ ഓഫീസ്‌ ഉള്ള സ്റ്റ്രീറ്റും, പിന്നെ ലെക്സിങ്ങ്റ്റന്‍ മാര്‍ക്കെറ്റും). പിച്ച തെണ്ടുന്നവരിലും ഇവര്‍ തന്നെ മുന്നില്‍..

ഒരു മുന്നറിയിപ്പുമില്ലാതെ റോഡില്‍ ഡാന്‍സ്‌ കളിക്കുക, ഉറക്കെ പാട്ടുപാടുക, 150 ഡെസിബെല്ലില്‍ കാറില്‍ പാട്ടുവെക്കുക, "കാന്‍ ഈ ഹാവ്‌ സം ചേയ്ഞ്ച്‌, പ്ലീസ്‌" എന്നു ചോദിച്ച്‌ പിന്നാലെ കൂടുക എന്നതൊക്കെ ഇവരുടെ സ്ഥിരം ഏര്‍പ്പടാണ്‌.

അവര്‍ അങ്ങിനെയാണ്‌ എന്നതിനേക്കാളും, അവരെ അങ്ങിനെ ആക്കിയതാണ്‌ എന്നതിനോട്‌ ഞാന്‍ യോജിക്കുന്നു. ഇവരുടെ പാരമ്പര്യം (അതിനേക്കുറിച്ച്‌ അവരോടു പറയരുതേ! അബധം പറ്റിപ്പോലും 'ഐ നോ യുവര്‍ ഹിസ്റ്ററി എന്നൊന്നു ഒപറഞ്ഞാല്‍, ഈ പാവം പവര്‍ ഹൌസുകള്‍ മേല്‍പ്പറഞ്ഞതൊക്കെ - മൃഗം - ആവും') തന്നെയാണു പ്രധാന കാരണം എന്നു തോന്നുന്നു.

സിബ�::cibu said...

നമ്മുടെ നാട്ടിലെ തമിഴന്മാരെ പോലെ അല്ലേ ;)

ശനിയന�� \o^o/ Shaniyan said...

അവരിതിലും ഭേദമല്ലെ എന്നാണ്‌ എന്റെ സംശയം. അവര്‍ക്ക്‌ അടിയെങ്കിലും പേടിയുണ്ട്‌. ഇവിടെ അതുമില്ല..

നളന�� said...

കറുത്ത വര്‍ഗ്ഗക്കാരെയും കുറ്റകൃത്യങ്ങളെയും ബന്ധപ്പെടുത്തുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമുള്ള രാജ്യങ്ങളിലാവണം കുറ്റകൃത്യങ്ങള്‍ കൊടികുത്തിവാഴേണ്ടത്. അങ്ങനെയാണെന്നു വിശ്വസിക്കാന്‍ പോരുന്ന കണക്കുകളൊന്നുമില്ല. കുറ്റകൃത്യങ്ങളും തൊലിയുടെ നിറവുമായിട്ടുള്ള ബന്ധം തട്ടിപ്പാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സന�തോഷ� said...

മന്‍ ജിത്,

ലേഖനത്തിനു നന്ദി!

കറുത്തവരെ കുറ്റക്കാരാക്കുന്നത് സാഹചര്യം മാത്രമല്ല, മുന്‍‍വിധിയുമാണെന്ന് തോന്നുന്നു. മൈക്കിള്‍ മൂറിന്‍റെ ഏതോ ഒരു സിനിമയിലോ, അല്ലെങ്കില്‍ സ്റ്റുപിഡ് വൈറ്റ് മെന്‍ എന്ന പുസ്തകത്തിലോ ഇത് കാര്യമായി പ്രദിപാദിച്ചിട്ടുണ്ട്. (ഏതിലെന്നു മറന്നു, ക്ഷമിക്കുക.)

ഇന�ദ� | Indu said...

വര്‍ണ്ണവെറിയുടെ പ്രശ്നം ഇല്ലാതില്ല. പക്ഷേ 'ഇല്ലായ്മ'യല്ലേ ഇവിടത്തെ പ്രധാന ഇഷ്യൂ? ഇല്ലായ്മയിലും ദു:ഖത്തിലുമല്ലേ മനസ്സിലെ തിന്മ ഉണരുന്നത്‌? കൈക്കരുത്തും കൂടെയുള്ളതു കൊണ്ട്‌ കറുത്തവരെ എല്ലാവരും ഒന്നു സംശയിക്കുന്നു. 'ഇല്ലായ്മ' എന്നത്‌ ആപേക്ഷികവുമാണ്‌. അമേരിക്കയിലെ സമ്പന്നവര്‍ഗ്ഗവുമായി തട്ടിച്ചു നോക്കുമ്പോള്‍ അനുഭവപ്പെടുന്ന 'ഇല്ലായ്മ' കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമുള്ള രാജ്യങ്ങളില്‍ അവര്‍ക്ക്‌ തോന്നുന്നുണ്ടാവില്ല. കറുത്തവര്‍ പൊതുവേ തുറന്ന പ്രകൃതമുള്ള നിഷ്കളങ്കരാണെന്നതില്‍ സംശയമില്ല.

Reshma said...

"That Justice is a bling goddess/
Is a thing to which we black are wise./
Her bandage hides two festering sores/That once perhaps were eyes."
Langston Hughes.

nammude manassukaLilulla vaRnnaveRiyum karuthavare kurichuLLa mundhaaraNakaLum kazhuki kaLanjaal thanne ...

സൂഫി said...

എനിക്കു ലഭിച്ച ഒരു ഫോറ്‌വേഡ് ഞാനീ ചിന്തകളോടൊപ്പം പങ്കു വെക്കുന്നു.

വറ്ണത്തിന്റെ പേരില് മനുഷ്യരെ മൃഗങ്ങളായിക്കാണുന്ന യഥാറ്‌ത്ഥ മനുഷ്യമൃഗങ്ങളോടെനിക്കു പറയാനുള്ളതും ഇതാണ്

When I born, I Black,
When I grow up, I Black,
When I go in Sun, I Black,
When I scared, I Black,
When I sick, I Black,
And when I die, I still black..

And you White fella,
When you born, you Pink,
When you grow up, you White,
When you go in Sun, you Red,
When you cold, you Blue,
When you scared, you Yellow,
When you sick, you Green,
And when you die, you Gray..

And you calling me Colored ??

Anonymous said...

I just read in the newspaper today about a video that shows Bush being briefed before the katina about the possibility of the levee failure in New Orleans contradicting his earlier statement about not knowing beforehand. There is also a attached file photo showing lot of black people waiting for relief at the stadium.

അരവിന�ദ� :: aravind said...

"കറുത്ത വര്‍ഗ്ഗക്കാരെയും കുറ്റകൃത്യങ്ങളെയും ബന്ധപ്പെടുത്തുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമുള്ള രാജ്യങ്ങളിലാവണം കുറ്റകൃത്യങ്ങള്‍ കൊടികുത്തിവാഴേണ്ടത്. അങ്ങനെയാണെന്നു വിശ്വസിക്കാന്‍ പോരുന്ന കണക്കുകളൊന്നുമില്ല. കുറ്റകൃത്യങ്ങളും തൊലിയുടെ നിറവുമായിട്ടുള്ള ബന്ധം തട്ടിപ്പാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്."
നളന്‍, സമയം കിട്ടുമ്പോള്‍ സൌത്ത് ആഫ്രിക്ക വരെയൊന്നു വരിക. ലോകത്തിലേറ്റവും കൂടുതല്‍ ക്രൈം റേറ്റുള്ള സ്ഥലമാണ്.
വിവേചനത്തിന്റെ കറുത്തനാളുകള്‍ കഴിഞ്ഞു അടിച്ചമര്‍ത്തപ്പെട്ടിരുന്നവനു അധികാരം കിട്ടിയിരിയ്ക്കുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ തലസ്ഥാന നഗരികളിലൊന്നായ പ്രിട്ടോറിയ ഇന്നു ലളിതമായിപ്പറഞ്ഞാല്‍, വെറും അഴുക്കു നിറഞ്ഞ മൂന്നാം കിട സിറ്റിയാണ്. ജോബര്‍ഗ്ഗില്‍ക്കൂടെ സന്ധ്യമയങ്ങിയാല്‍ പോകുവാന്‍ ആള്‍ക്കാര്‍ ഭയപ്പെടുന്നു.
സാമ്പത്തികപ്രശ്നങ്ങളാണ് കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെന്നു വാദിച്ചാല്‍, ഇവിടെ സംഭവിയ്ക്കുന്ന റേപ്പുകള്‍ക്കും അതു കഴിഞ്ഞുള്ള മൃഗീയമായ കൊലപാതകങ്ങള്‍ക്കും എന്താണ് കാരണം?
ഒരു നിമിഷം, വിവേചനമില്ലാത്ത ഒരു പാസ്റ്റിലേയ്ക്ക് തിരിച്ചു പോകാന്‍ ഞാന്‍ കൊതിക്കുന്നു. ഭരിയ്ക്കാനറിയുന്നവര്‍ ഭരിക്കട്ടെ. കളിയ്ക്കാ‍നറിയുന്നവര്‍ കളിയ്ക്കട്ടെ. വിവേചനം പോയി തുലയട്ടെ.
എറ്റോ കളിയ്ക്കട്ടെ. അവന്റെ ഓരോ ഗോളുകളും കറുത്തവര്‍ക്കും മാര്‍ഗ്ഗദര്‍ശ്ശികളാകട്ടെ.

സാക�ഷി said...

അതെ.
വിവേചനം പോയി തുലയട്ടെ.
എറ്റോ കളിയ്ക്കട്ടെ.

കണ�ണൂസ�‌ said...

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‌ കുമ്പിളില്‍ തന്നെ...

സിബു തമിഴന്‍മാരെ എവിടെയാണ്‌ equate ചെയ്തതെന്ന് മനസ്സിലായില്ല.

Thulasi said...

ലോക കപ്പിന്റെ നഷ്ടം :(

riyaz ahamed said...

There was a buffalo soldier in the heart of america,
Stolen from africa, brought to america,
Fighting on arrival, fighting for survival.

I mean it, when I analyze the stench -
To me it makes a lot of sense:
How the dreadlock rasta was the buffalo soldier,
And he was taken from africa, brought to america,
Fighting on arrival, fighting for survival.

Said he was a buffalo soldier, dreadlock rasta -
Buffalo soldier in the heart of america.

"If you know your history,
Then you would know where you coming from,
Then you wouldnt have to ask me,
Who the eck do I think I am..."

Im just a buffalo soldier in the heart of america,
Stolen from africa, brought to america,
Said he was fighting on arrival, fighting for survival;
Said he was a buffalo soldier win the war for america.

Buffalo soldier troddin through the land, wo-ho-ooh!
Said he wanna ran, then you wanna hand,
Troddin through the land, yea-hea, yea-ea.

Said he was a buffalo soldier win the war for america;
Buffalo soldier, dreadlock rasta,
Fighting on arrival, fighting for survival;
Driven from the mainland to the heart of the caribbean.

Troddin through san juan in the arms of america;
Troddin through jamaica, a buffalo soldier# -
Fighting on arrival, fighting for survival:
Buffalo soldier, dreadlock rasta.

- Bob Marley