Monday, March 13, 2006

പേരുകളെക്കുറിച്ചല്പം

ഇതു ചേര്‍ത്തുവായിക്കുക

പേരില്‍‌നിന്നും നാടൂഹിച്ചെടുക്കുക ഇടയ്ക്കെന്റെ കൌതുകമായിരുന്നു.

പേരിനൊപ്പം ഒരു ഡേവിസോ ലോനപ്പനോ ഫ്രാന്‍‌സിയോ ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ ഓന്‍ തൃശൂര്‍ ചുറ്റുവട്ടത്തുള്ളവനാ. കുഞ്ഞിക്കണ്ണനാണെങ്കില്‍(ആരും ചൊറിച്ചുമല്ലേണ്ട) ഒന്നു ചോദിച്ചുറപ്പിച്ചോളൂ, അവന്‍ മിക്കവാറും കണ്ണൂര്‍‌കാരന്‍.

മുന്നിലോ പിന്നിലോ ലൂക്കോസ് ഉണ്ടെങ്കില്‍ ഓന്‍ മിക്കവാറും കോട്ടയം ജില്ലയിലെ അതിരമ്പുഴക്കാരനാകും. ലൂക്കാ സുവിശേഷകന്‍ ക്രിസ്ത്യാനികള്‍ക്കെല്ലാം വേണ്ടപ്പെട്ടവനാ. എന്നാലും ഈ അതിരമ്പുഴക്കാര്‍ക്ക് മൂപ്പരോടിത്ര മമതയെന്താണാവോ അറിയില്ല.

പേരിനൊപ്പം ഒരു കുട്ടികൂടിയുണ്ടെങ്കില്‍ ഏറെക്കുറെ അവനൊരു പാലക്കാട്ടുകാരനാണ്. നമ്മുടെ രാജ് രാജന്‍‌കുട്ടിയാകാതെ എങ്ങനെയോ രക്ഷപ്പെട്ടതാ.

കോളജില്‍ എന്റെയൊരു സഹപാഠിയുടെ പേര്‍ ബ്രഷ്‌നേവ്. കൈനകരിയിലെ ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ട അവനു ലെനിന്‍, സ്റ്റലിന്‍, ക്രൂഷ്ചേവ് എന്നിങ്ങനെ മൂന്നു സഹോദരന്മാരുമുണ്ട്. പിന്നീടറിഞ്ഞു അവന്റെ ഗ്രാമത്തില്‍ ഇതുപോലെ റഷ്യക്കാര്‍ ഏറെയുണ്ടത്രേ.

ഗള്‍‌ഫ് യുദ്ധകാലത്ത് മക്കള്‍ക്ക് സദ്ദാം എന്നു പേരിട്ട എത്രയോ മലപ്പുറംകാരുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സ്വാതന്ത്ര്യത്തെയും അദ്ദേഹത്തിന്റെ സഹോദരന്മാര്‍ സമത്വത്തെയും സാഹോദര്യത്തെയും മിക്കവര്‍ക്കും അറിയാമായിരിക്കുമല്ലേ?

പേരുപോലെ വീട്ടുപേരിലുമുണ്ട് ചില തമാശകള്‍. ഞങ്ങളുടെ സഭയില്‍ അച്ചന്മാരെ വീട്ടുപേര്‍ ചേര്‍ത്താണു വിളി. അതായത് ഞാനെങ്ങാനും അച്ചനായിരുന്നെങ്കില്‍ കൈനിക്കരയച്ചോ എന്നു നാട്ടുകാര്‍ വിളിക്കുമായിരുന്നു.

ഈ വീട്ടുപേരു വിളി തൃശൂരിലെത്തുമ്പോ ചിലപ്പോ കനക്കും. ഫാ.വില്‍‌സണ്‍ ഊക്കന്‍ എന്നു വീട്ടുപേരുള്ള അച്ചനെ ഊക്കനച്ചന്‍ എന്നല്ലാതെ നാട്ടുകാര്‍ എന്തു വിളിക്കണം? അമ്പൂക്കനച്ചന്‍, കാഞ്ഞൂക്കനച്ചന്‍, ചീരനച്ചന്‍, കൊണത്തപ്പള്ളിയച്ചന്‍, വെടികാരനച്ചന്‍... അങ്ങനെ കുറേയുണ്ട് കിടിലന്‍ അച്ചന്മാര്‍.
വിശാലനു ചിലപ്പോ ഇതിലും നീണ്ട ലിസ്റ്റ് തരാനായേക്കും.

18 comments:

ദേവന്‍ said...

പോപ്പുലര്‍ തിരുവല്ലാ സ്റ്റൈല്‍ കൃസ്ത്യാനിപ്പേരുകളു മിക്കതും വിരോധാഭാസങ്ങളാണെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് - അച്ചന്‍ കുഞ്ഞ് (അച്ചനെങ്ങനെ കുഞ്ഞായി?) കുഞ്ഞച്ചന്‍ (തിരിച്ചുമായി) അനിയങ്കുഞ്ഞ്, കുഞ്ഞനിയന്‍, മോനച്ചന്‍, മോളമ്മ, പെണ്ണമ്മ... കൊച്ചിഞ്ഞ്, കുഞ്ഞൂഞ്ഞ് എന്നൊക്കെ കുഞ്ഞു സ്ക്വയര്‍ കോട്ടയത്തോട്ടാണ് കൂടുതല്‍

കുണ്ടറ സ്റ്റൈല്‍ കൃസ്ത്യാനി സര്‍നെയിംസ് (തണ്ടപ്പേരുകള്)‍ - കുരുവിള, പണിക്കര്‍, വൈദ്യന്‍...

എറ്റവും സ്റ്റൈലന്‍ പേരുകള്‍ കൊല്ലത്തു കേട്ടാല്‍‍ അതു കടപ്പുറത്തുകാരന്‍ ആകാനാണു വഴി - ക്ലെമെന്‍റ്, കോളിന്‍, ഫിയോണ, മ്യൂറിയല്‍, ഹാരിയറ്റ്, മാഅര്‍ഗരിറ്റ, അലെക്, ഹാര്‍ലിങ്റ്റന്‍ എന്നൊക്കെ.

തനതു കൊല്ലം ഹിന്ദുപ്പേരുകള്‍ : നാണു, പാക്കരന്‍, വെളുത്തകുഞ്ഞ്, കറുത്തകുഞ്ഞ്, രായന്‍, ചെല്ലമ്മ, ചെല്ലപ്പന്‍, പുല്ലന്‍, പുല്ലി.

തണ്ടപ്പേരില്‍ പിള്ള, ഉണ്ണിത്താന്‍, വല്യത്താന്‍, പണ്ടാല, തമ്പി എന്നൊക്കെ വന്നാല്‍ അയാളു തിരുവിതാംകൂരുകാരനാ.

കൊല്ലം മുസ്ലീങ്ങള്‍ പൊതുവേ സ്റ്റൈലന്‍ പേരിന്‍റെ ഉടമസ്ഥരാണ്. വടക്കത്തെപ്പോലെ മാപ്ല, കണ്ണ്, റാവ്തര്‍, സൂപ്പി,മമ്മു, മാമു എന്നൊന്നും ഇടാറില്ല.

അതുല്യ said...

കുഞ്ഞുമോന്‍ കുളിച്ചോണ്ടിരിക്കുവാ... എന്നു പറഞ്ഞിട്ട്‌, കുളികഴിഞ്ഞ്‌, 90 വയസ്സായ ഒരു കക്ഷി കുളിമുറീന്ന് ഇറങ്ങി വന്നു. കുഞ്ഞുമോന്‍, ബിജുക്കുട്ടന്‍, ഷെനിനോന്‍ -- സ്പെഷലിസൈട്‌ എറണാകുളത്തുകാര്‍.

myexperimentsandme said...

ഞങ്ങടെ നാട്ടിൽ പ്രായമായ അപ്പൂപ്പന്മാർ വണ്ടിക്ക് കുറുകെ ചാടിയാൽ ഡ്രൈവർമാർ സ്നേഹത്തോടെ വിളിക്കും

“........ബൈജുവേ”

അമ്മൂമ്മമാരാണേൽ വിളി....

“..........ഷേർളിയേ”

evuraan said...

നമ്മുടെ നാട്ടില്‍, ഷിബു & ഷൈനി എന്നതാകുന്നു വയോധികര്‍ക്കുള്ള ചെല്ലപ്പേര്‍.

നല്ലൊരു വിഷയമാണിത് - കുറെ നാളുകളായി, ഇതിനെപ്പറ്റി എഴുതണമെന്ന് കരുതിയതാണ്.

എനിക്കുള്ള വിരോധം, സന്തതികള്‍ക്കെല്ലാം പ്രാസഭംഗിമാത്രം നോക്കി പേരിടുന്നതിനോടാണ് -- ഇട്ടോ പൊട്ടോ തട്ടോ എന്ന രീതിയിലാണ് മിക്കതും.

ജോജി, ജോബി, ജെസ്സു, ജിജി, ജിജു
റിമി, ബിമി, സിമി
സുബി, ബിബി, എബി..!!
ബിജു, ബാബു, ഷിബു

എന്തോരു വിവരക്കേടാണെന്ന്‍ നോക്കണേ?

വെറുതെ വായില്‍ വരുന്ന പേരൊക്കെ ഇടാമോ? അര്‍ത്ഥം സ്ഫുരിക്കുന്ന പേരുകളില്ലെങ്കില്‍ പിന്നെ, അക്കങ്ങളായാലും പോരേ?

പണ്ട് പ്രിന്‍സെന്നൊരു പാട്ടുകാരന്‍, തന്റെ പേരായിട്ട് കുറെ നാള്‍ ഒരു ചിഹ്നമാണ്‍ ഉപയോഗിച്ചത് എന്ന കാര്യം ഓര്‍മ്മ വരുന്നു.

പിന്നെ, കല്പിച്ചു കിട്ടിയതായാലും, കാക്കയ്ക്ക് തന്‍ പേര്‍‌ പൊന്‍‌പേരല്ലേ?

ഏറ്റവും അരോചകമാ‍യിട്ട് എനിക്ക് തോന്നുന്നത്, ബേബി എന്ന പേരാണ്. പത്തറുപതു കൊല്ലം കഴിഞ്ഞാല്‍ തൈക്കിളവന്‍ അന്നും “ബ്യേബി” തന്നെ. (നെടുമങ്ങാട്/തിരുവനന്തപുരം ശൈലിയിലൊന്നു പറഞ്ഞു നോക്കിക്കേ, എന്താ ഒരു രസം...!! ചിരിയൊതുങ്ങുന്നില്ല..!! )

മാതാപിതാക്കളുടെയും നാമകരന്മാരുടെയും വിവരക്കേടുകളെ..!!

നിഷാദിന്റെ ഒരു പേരിലെന്തിരിക്കുന്നു..? എന്ന ലേഖനവും ഏതാണ്ടിതെ പോലെ തന്നെ.

Kuttyedathi said...

പേരിന്റെയവസാനം ഒരു 'മോന്‍' അല്ലെങ്കില്‍ 'മോള്‍' ചേര്‍ക്കുന്ന വിഡ്ഡിത്തരത്തെ ( ശരിയായ വിഡ്ഡി കിട്ടുന്നില്ല. മലയാളം മാഷന്മാര്‍ സദയം ക്ഷമിക്കുക) എന്തു പേരിട്ടു വിളിക്കണം ?

തൊടുപുഴ ഭാഗത്തു മാത്രമുള്ളതാണോയെന്നു സംശയമുണ്ടീ രീതി. അനുമോള്‍, സുജമോള്‍, സിജുമോന്‍ എന്നൊക്കെ പേരിട്ടു കളയും. എന്നിട്ട്‌ പല്ലുകൊഴിയണ പ്രായമായിക്കഴിയുമ്പോളും ഈ മോളും ചുമന്നു നടക്കണം കുട്ടികള്‍. സുജമോളമ്മാമ്മ എന്നു വിളിക്കപ്പെടണതിന്റെ രസമോര്‍ത്തെനിക്കിപ്പോളേ കരച്ചിലു വരാറുണ്ട്‌.

കാര്‍ന്നോന്മാര്‌ മക്കള്‍ക്കു ചെയ്യുന്ന ഓരോരോ ദ്രോഹങ്ങളേ...

ആശ, പ്രത്യാശ, നിരാശ മാരെയെനിക്കറിയാം. മൂന്നും പെണ്ണായി പോയതിന്റെ സങ്കടം കുഞ്ഞുങ്ങള്‍ക്ക്‌ പേരിട്ടു തീര്‍ത്തുകളഞ്ഞു.

പ്രാസം നോക്കി പേരിടുന്നതില്‍ ത്രിശൂര്‍ക്കാര്‍ മുന്നിലാണെന്ന് തോന്നുന്നു. ആറ്റ്‌ലി, ബീറ്റ്‌ലി, സീറ്റ്‌ലി, ടെസ്‌ലി മാരെ ഞാന്‍ ത്രിശൂരില്‍ കണ്ടിട്ടുണ്ട്‌.

ആശ, പൂര്‍ത്തി, ആയി മാരെ പരിചയപ്പെട്ടപ്പോള്‍ കരയണോ ചിരിക്കണോ ന്നറിയാതെ പോയി.

ലില്ലിയുടെയും ജോര്‍ജിന്റെയും മകള്‍ ലിജോ ആകുന്നതും ഞങ്ങളുടെ നാട്ടില്‍ സാധാരണം. പരശുരാമനും ശുഭക്കും കുഞ്ഞുണ്ടായാല്‍ പശു എന്നു പേരിടാനും മടിക്കില്ല. വേലായുധനും ശ്യാമള ക്കും ഒരിക്കലും പെണ്‍കുഞ്ഞുണ്ടാവരുതേ എന്നാണെന്റെ പ്രാര്‍ഥന.

Anonymous said...

ശരിയാ, വയസ്സായവരെ ജോമോന്‍ & ജോമോള്‍ എന്നു പറയുന്നതു കേട്ടിട്ടുണ്ട്‌.

ബിന്ദു

Cibu C J (സിബു) said...

അതുപോലെ, ‘കുഞ്ഞൂഞ്ഞ്‌‘ ‘കുഞ്ഞുണ്ണി’ എന്നും കേട്ടിട്ടുണ്ട്‌ ബിന്ദ്വോ.. ;)

Cibu C J (സിബു) said...

കുട്ടിയേട്ടത്തീ, ‘ആറ്റ്‌ലി, ബീറ്റ്‌ലി, സീറ്റ്‌ലി, ടെസ്‌ലി‘ എന്നിവരെന്റെ സെക്കന്റ് കസിന്‍സാണല്ലോ.. അല്ലെങ്കില്‍ ഒന്നിലധികമുണ്ടോ തൃശൂരീ ക്വാഡ്രിപ്പിള്‍സ്‌!

Cibu C J (സിബു) said...

മോളൊരു ജെറ്റില്‍ കയറി വിദേശത്തെത്തണമെന്ന ആഗ്രഹത്തോടെ, ‘Jetty‘ എന്നു പേരിട്ട അപ്പനമ്മമാരെ എന്തുപറയും?

ചിലരുടെ പേര് പാരന്‍സ് മക്കള്‍ക്കിട്ട്‌ താങ്ങിയതാണെങ്കില്‍, അവനവന്‍ വരുത്തിവയ്ക്കുന്നവയുമുണ്ട്‌. ജോസ് തട്ടില്‍ എന്ന വളരെ പാരമ്പര്യപ്പെരുള്ള തലോര്‍ യു.പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ വീടുപണിതപ്പോള്‍ വീടിന്റെ മേലും ഗേറ്റിലും മതിലിലും എല്ലാം വീടിന്റെ ഷേപ്പില്‍ ഇനീഷ്യലുകൊണ്ടഭിഷേകം. മാഷുടെ പേര് ‘ജെട്ടിമാഷെ‘ന്നാവാന്‍ താമസമൊട്ടുമുണ്ടായില്ല ;)

Kuttyedathi said...

അതുപോലൊന്ന് ഒന്നില്‍ക്കൂടുതല്‍ കാണാനൊരു സാധ്യതയുമില്ലല്ലോ, സിബ്വേ.

അസാരം ജീസസ്‌യൂത്തും അനുബന്ധ ചടങ്ങുകളായ പാട്ടും ക്ലാസ്സെടുക്കലുമൊക്കെയുണ്ടോ കസിന്‍സിലാര്‍ക്കെങ്കിലും ? (ഉണ്ടായിരുന്നോ എന്ന ചോദ്യമാവും ശരി. ഇതൊക്കെ പടിക്കുന്ന കാലത്തൊരു പൂതിക്ക്‌ ചെയ്യുമെന്നല്ലാതെ ആരുംതന്നെ പിനീടങ്ങോട്ട്‌ ..)

എങ്കിലവര്‍ തന്നെ ഞാന്‍ പറഞ്ഞ കക്ഷികള്‍. സെന്റ്‌മേരീസിലായിരുന്ന കാലത്തു ജീസസ്‌യൂത്തിന്റെ പ്രചാരണത്തിനു വേണ്ടി ഞങ്ങളുടെ ക്യാമ്പസ്സില്‍ വന്നതാണ്‌.

nalan::നളന്‍ said...

സിബുവേ,
അപ്പൊ ഈ “longfellow' എന്നിട്ടത് എന്തിനാണെന്നു പിടികിട്ടി. ലോംഗൊവാളും ഈ വകപ്പില്‍ വരുമായിരിക്കും.

അരവിന്ദ് :: aravind said...

ശരിക്കും നടന്നതാണ്.
കുന്ദന്‍ ഷാ എന്നൊരു വടക്കന്‍, കോഴിക്കോട്ട് ഒരു ബാങ്കില്‍ മനേജറായി ട്രാന്‍സ്ഫറായെത്തി.
ചില്ലുകൂട്ടില്‍ മുകളില്‍ കറുത്ത ബോര്‍ഡില്‍ വെളുത്ത വലിയ അക്ഷരത്തില്‍ എഴുതി വച്ചിരിക്കുന്നു.
മനേജര്‍ : കെ. യു. എന്‍. ഡി. എ. എന്‍. ഷാ.

ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റ് ഷാര്‍പ്പായി കുറഞ്ഞെന്നും, അതല്ല, മാനേജറുടെ ക്യാബിനകത്ത് എപ്പോളും തിരക്കായിരുന്നെന്നും രണ്ടു കഥകള്‍ കേള്‍ക്കുന്നു.

Anonymous said...

പൊറോത്തപ്പന്‍ (ബ്രഹ്മദത്തന്‍),നങേമ (ഉമ),ട്ടിതാത്രി (സാവിത്രി),കുഞ്ചുണ്ണി, പാച്ചു (പരമേശ്വരന്‍),തേതി (ദേവകി),കാവ്‌, എന്നിങനെ പഴയചില പേരുകള്‍ കൂടി ഓര്‍ക്കണം. ഇതില്‍ അനവധി പേരുകള്‍ ഇപ്പോ ഉപയോഗിക്കാറേ ഇല്ല. മിക്കവാറും വിളിപ്പേരുകള്‍ ആണ് എഴുതിയിരിക്കുന്നത്‌, ബ്രാക്കറ്റില്‍ ശരിയായ പേരും. -സു-

ദേവന്‍ said...

ഈ ലിസ്റ്റില്‍ പാച്ചുവൊഴിച്ചാരും എന്‍റ്യെ “യേരിയാകളില്‍“ നിലവിലില്ല.

കൊല്ലത്തെ പേരുവിളി കണ്വെന്‍ഷന്‍:
1. പേരുകളിലെ ഗാ വിളിയില്‍ കാ ആകും കോവി, കോവാലന്‍, കോവന്‍, കോമതി.

2. അവസാനത്തെ ന്‍ എന്ന ചില്ല് ങ് ആകും
കോവാലങ്, കോവങ്, നാരേണങ്.

3. ഭാ പാ ആകും. പായിയച്ചി (ഭാഗീരഥി) പാക്കരങ്‍ (ഭാസ്..)പാര്‍ക്കവങ് (ഭാര്‍ഗ്ഗവന്‍)

4. പാണന്‍, പറയന്‍, പുലയന്‍ എന്നൊന്നും ആരെയും ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിക്കാന് പാടില്ല. ഇവരെയെല്ലാം പൊതുവായി “പണിക്കന്‍“ എന്നു വിളിക്കും (പണിക്കര്‍ അല്ല). ആശാരീ, കൊല്ലാ എന്നും പാടില്ല, മേശിരി (മേസ്തിരി). തണ്ടാനേ, വേടാ എന്നുമാക്ഷേപിക്കരുത് ഇവരെല്ലം മൂപ്പര്‍ ആണ്.

സായിപ്പന്മാരുടെ പേരു പാവപ്പെട്ടവന്‍റെ മാമ്മോദീസക്കു വിളിക്കുന്ന ഒരു ക്രൂരമായ തമാശ കൊല്ലത്തെ അച്ചന്മാര്‍ക്കുണ്ട്. ആ സാധുക്കൊച്ചനും അവന്‍റെ വീട്ടുകാരും ഈ പേരുകള്‍ വഴങ്ങാതെ ചെത്തി ചെറുതാക്കും - എനിക്കറിയാവുന്ന ആളുകള്‍:
ക്ലീറ്റങ്‍ (ക്ലീറ്റസ്)
മക്കി (മാര്‍ഗരിറ്റ- മാഗിയാക്കിയതാവും)
കാരി (ഗാരിസണ്‍)
മാരന്‍ (മൌറല്യയോസ്)
ചെല്ല (സ്റ്റെല്ല)

സിദ്ധാര്‍ത്ഥന്‍ said...

-സു- വിന്റെ പട്ടികയിലേക്കൊന്നു കൂടെ.
ശ്രീദേവി- ചിരുതേയി- ചിരുത

ചില മുസ്ലിം നാമങ്ങള്‍ക്കും ഇപ്രകാരം ക്ഷയമോ വൃദ്ധിയോ സംഭവിച്ചിട്ടുണ്ടു്‌.
ചില ഉദാ:
അബൂബക്കര്‍: പോക്കര്‍
അബ്ദുള്‍ റഹ്മാന്‍: അദ്രാമാന്‍
ഞാനൊരാളെ ചെറുപ്പത്തില്‍ വിളിച്ചിരുന്നതു്‌ മോമ്രായിക്ക എന്നായിരുന്നു. പരക്കെ വിളിക്കപ്പെട്ടിരുന്നതു്‌ മോമ്രായ്‌ എന്നും. മുഹമ്മദ്‌ ഇബ്രാഹിം എന്നതാണതെന്നു്‌ അദ്ദേഹത്തിനു പോലും അറിയുമായിരുന്നോ ആവോ!

ഇ-സദസ്സില്‍ ചൊല്ലിക്കേട്ട ഒരു ശ്ലോകം കൂടെയിവിടിടാം.

ആലപ്പീ പോയ്‌, പഴയപുഴയായിന്നു ശാന്തം ഗമിപ്പൂ,
പാവം ക്വയ്‌ലോണ്‍! വികടനിലപോയ്‌ കൊല്ലമായുല്ലസിപ്പൂ!
സായിപ്പന്മ്മാര്‍ തനതുമുറയായ്‌ തീര്‍ത്തതാം ഗോഷ്ടി പോയി-
ക്കാലം പോലേ പഴയനിലയായ്‌ വന്നു, കണ്ണൂരടക്കം.

--ഏവൂര്‍ പരമേശ്വരന്‍, കുട്ടിശ്ലോകങ്ങള്‍


ഇതൊക്കെ എങ്ങനെ സംഭവിച്ചാവോ! കോഴിക്കോടിനേ എങ്ങനെ പറഞ്ഞു നോക്കിയാലും കാലിക്കറ്റാവുന്നില്ല:(

Manjithkaini said...

ഇംഗ്ലീ‍ഷ്, സുറിയാനി പേരുകള്‍ പണ്ടത്തെ സുറിയാനി ക്രിസ്ത്യാനികള്‍ മലയാളീകരിച്ചത് രസകരമാണ്

ജേക്കബ് - ചാക്കോ, ചാക്കോച്ചന്‍
ഫിലിപ്പ് -പോത്തന്‍, പോത്തച്ചന്‍
ജോസഫ് - ഔസേപ്പ്, ഔസേപ്പച്ചന്‍, ഔത
മാത്യു-മത്തായി, മത്തായിച്ചന്‍, മാത്തന്‍
ജോണ്‍- ഉലഹന്നാന്‍, യോഹന്നാന്‍
തോമസ്-തോമാച്ചന്‍, തോമാ, തൊമ്മന്‍
അലക്സാണ്ടര്‍- ചാണ്ടി, ചാണ്ടിച്ചന്‍
ജോര്‍ജ്- ശൌരി, ശൌരിയാര്‍, വര്‍ക്കി, വറീത്,
സെബാസ്റ്റ്യന്‍- ദേവസ്യ, ദേവസ്യാച്ചന്‍
തെരേസ- ത്രേസ്യാ, ത്രേസ്യാമ്മ

ലിസ്റ്റ് ഇനിയും നീളും.

പേരിനൊപ്പം അച്ചന്‍ ചേര്‍ക്കുന്നത് ഫാദര്‍ എന്ന അര്‍ഥത്തിലല്ല സച്ചരിതന്‍ എന്ന അര്‍ഥത്തിലാണെന്നാണ് എന്റെ ധാരണ. ശരിയാണോ ആവോ. പ്രീസ്റ്റിനെയും അച്ചന്‍ എന്നുവിളിക്കാന്‍ തുടങ്ങിയത് ഇങ്ങനെയാവാം. എല്ലാ അച്ചന്മാരും സച്ചരിതരല്ലെങ്കിലും

Anonymous said...

ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു എര്‍ണാകുളത്തു ഒരു വീടിനു “മാ നിഷാദാ” എന്നായിരുന്നു പേരു.
:-)

പാപ്പാന്‍‌/mahout said...

ഈപ്പന്‍, കുരുവിള എന്നിവ തനി മലയാളം പേരുകളല്ലേ?

മൂവാറ്റുപുഴ, കോതമംഗലം ഭാഗങ്ങളില്‍ എല്ലാ യാക്കോബായ കുടുംബങ്ങളിലും എന്റെ തലമുറക്കാരില്‍ ഒരു എല്‍‌ദോയോ എല്‍‌ദോസോ കാണും. (ഒരു പാത്രിയര്‍‌ക്കീസ് ബാവയുടെ പേരാണെന്നു തോന്നുന്നു അത്.) തെലുങ്കകുടുംബങ്ങളിലെല്ലാം ഒരു ശ്രീനിവാസുള്ളതുപോലെ.

കുടുംബത്തിലെ പത്താമത്തെ സന്തതിയായി ജനിച്ചതിനാല്‍ “ടെന്‍‌സണ്‍” എന്നു വീട്ടുകാര്‍ പേരിട്ട ഒരു സഹപാഠിയുണ്ടായിരുന്നു എനിക്ക്.

എന്റെ കൂടെ ദില്ലിയിലുണ്ടായിരുന്ന ഒരാള്‍ “അനല്‍ ശ്രീവാസ്തവ”. ആ കമ്പനിയില്‍ username ആളുകളുടെ ഫസ്റ്റ് നെയിം തന്നെയായിരുന്നു. എല്ലാവര്‍ക്കും ആരൊക്കെ logged in ആണെന്ന് show user വഴി അറിയനൊക്കും. കുറെ നാള്‍ കഴിഞാണു അവനു തന്നെ ഒരു ബോധം വന്നതും, യൂസര്‍ നെയിം മാറ്റിയതും.