Friday, April 28, 2006

അപ്രസക്തന്‍

ഷോപ്‌വൈസ് കാര്‍ഡും പിടിച്ചാണിന്നലെ അത്താഴത്തിനിരുന്നത്. ഒരു പ്രതലത്തില്‍ ദ് ലോസ്റ്റ് എന്ന നരച്ച ഓര്‍മ്മപ്പെടുത്തല്‍.

"സ്റ്റീവ് ലൂയിസ്. ഇപ്പോള്‍ പ്രായം 45. 1980 മേയ് 25നു കൊളറാഡോയിലെ ലേക്ക് വുഡ് സിറ്റിയില്‍നിന്നും കാണാതായി. കാണാതായപ്പോഴുള്ള ചിത്രം ഇടതു വശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയറാക്കിയ ഇപ്പോഴത്തെ ഏകദേശ രൂപം വലതുവശത്ത്. കണ്ടുമുട്ടുന്നവര്‍ ഞങ്ങളെ വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ ഇരുപത്തയ്യായരത്തി മുന്നൂറ്റി എഴുപത്തെട്ടുപേരെ ഉറ്റവര്‍ക്കു തിരിച്ചു കിട്ടിയിരിക്കുന്നു."

രണ്ടു ചെറു ചതുരങ്ങള്‍ക്കുള്ളില്‍ ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്‍‌പും, ശേഷവും!

"ഈ നോട്ടീസുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?"

"25 വര്‍ഷങ്ങള്‍ അയാളുടെ രൂപത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കില്ല?. അതു കമ്പ്യൂട്ടര്‍ വരയ്ക്കുന്നതു പോലെയാകണമെന്നുണ്ടോ?"

"അല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

അത്താഴച്ചൂടിനൊപ്പം ഭാര്യ പിന്നെയും പ്രസക്തമാണെന്ന് അവള്‍ക്കു തോന്നുന്നു ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം പറഞ്ഞവയൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ സംശയം എന്റെ മനസിന്റെ കാലചക്രങ്ങളെ മുന്നോട്ടു കറക്കി.

"25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

കാര്‍‌ഡില്‍ നിന്നും സ്റ്റീവ് ലൂയിസിനെ ഇളക്കിമാറ്റി വെളുത്ത ചതുരങ്ങള്‍ക്കുള്ളില്‍ ഞാനൊരു നാല്പതു വയസുകാരന്റെ ചിത്രം വരച്ചു. ശൂന്യമാക്കപ്പെട്ട വലത്തേ ചതുരത്തിലൂടെ ഞാന്‍ കാലത്തെ മുന്നോട്ടു നോക്കി.

കാലമിപ്പോള്‍ 2041 ഏപ്രില്‍ 25. ഏതോ മലയാളി കുടുംബം അത്താഴത്തിനിരിക്കുന്നു. അല്പം മുതിര്‍ന്നതെന്നു തോന്നിക്കുന്ന പുരുഷന്റെ കയ്യില്‍ ഷോ‌പ്‌വൈസ് കാര്‍ഡുണ്ട്. അതല്‍പ്പം ഉച്ചത്തില്‍ വായിക്കയാണയാള്‍.

"മന്‍‌ജിത് ജോസഫ്. ഇപ്പോള്‍ പ്രായം 65. 2016 മേയ് 25നു ന്യൂയോര്‍ക്കിലെ ക്യാറ്റ്സ്കില്‍ സ്റ്റിറ്റിയിലുള്ള വീടിന്റെ മുറ്റത്ത് , മരച്ചുവട്ടില്‍ ബ്ലോഗ് എഴുതിയിരിക്കെ അപ്രത്യക്ഷനായി. കാണാതാകുമ്പോഴുള്ള രൂപം ഇടതുവശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയാറാക്കിയ ഇപ്പോഴത്തെ രൂപം വലതു വശത്ത്. തിരിച്ചറിയുന്നവര്‍ ദയവായി വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ 30, 45, 134 പേരേ കണ്ടെത്തിയിട്ടുണ്ട്!".

"ബ്ലോഗെഴുതുന്നതിനിടയില്‍ കാണാതാകയോ? ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാം".

"ആരു തട്ടിക്കൊണ്ടുപോകാന്‍?"

"നാല്പതാം വയസില്‍ വീട്ടുമുറ്റത്തിരുന്നു ബ്ലോഗെഴുതുന്നവനെ ഇവിടെ അമേരിക്കയില്‍ ആര്‍ക്കു വേണം?"

"തനിയെ എവിടെയെങ്കിലും പോയതാവാം. ഈ ഉന്മാദം എന്നൊക്കെ കേട്ടിട്ടില്ലേ. വല്ലതും എഴുതുന്നവന്മാര്‍ക്കൊക്കെ അതിത്തിരി കൂടുതലാ."- തീന്‍‌മേശയുടെ വലതു വശത്തിരുന്ന ചെറുപ്പക്കാരനാണതു പറഞ്ഞത്.

"ശരിയാ, അയാള്‍ടെ ബ്ലോഗ് ആരും വായിക്കാതെയായിട്ടുണ്ടാവണം"

"അല്ലെങ്കില്‍ എഴുത്തിന്റെ ഉറവ വറ്റിയിരുന്നിരിക്കാം"

"ഇയാള്‍ടെ ഭാര്യക്കും മക്കള്‍ക്കും പോലും ഇപ്പോള്‍ തിരിച്ചറിയാനൊത്തേക്കില്ല. 25 വര്‍ഷം ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാളെ ആരോര്‍ത്തിരിക്കാന്‍"- അതു പറഞ്ഞത് മുതിര്‍ന്നയാളുടെ എതിര്‍വശത്തിരുന്ന സ്ത്രീയാണ്. അതയാളുടെ ഭാര്യയായിരിക്കണം.

"അല്ലെങ്കില്‍ത്തന്നെ ഈ അറുപത്തഞ്ചാം വയസില്‍ ഇയാളെ കണ്ടെത്തിയിട്ട് ആര്‍ക്കെന്തു പ്രയോജനം?. ഈ പരസ്യം തികച്ചും അപ്രസക്തം തന്നെ"

ഇങ്ങനെ പറഞ്ഞുകൊണ്ട് മുതിര്‍ന്നയാള്‍ ഷോപ്‌വൈസ് കാര്‍ഡ് ട്രാഷിലേക്കു ചുരുട്ടിയിട്ടു. ചര്‍ച്ച അവിടെ അവസാനിച്ചു. ആരുമന്വേഷിക്കാത്ത പരശതമാള്‍ക്കാരുടെ കൂട്ടത്തിലേക്ക് അറുപത്തഞ്ചുകാരനായ മന്‍‌ജിത് ജോസഫ് വീണ്ടും തള്ളിയിടപ്പെട്ടു.

"ചോറിതുവരെ ഉണ്ടുതീര്‍ത്തില്ലല്ലോ സാറേ"

ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. ചതുരങ്ങള്‍ക്കുള്ളില്‍ സ്റ്റീവ് ലൂയിസ് പെട്ടെന്നു തിരിച്ചുവന്നു.

ഈ നാല്പത്തഞ്ച്ചാം വയസില്‍ എന്താണിയാളുടെ പ്രസക്തി? -‍ പാത്രത്തിലൂടെ കയ്യിഴച്ച് എന്നോടുതന്നെ ചോദിച്ചു.

മനസ് പെട്ടെന്നു തന്നെ ഉത്തരവും തന്നു. കാണാതായവന്‍ എന്നതാണയാളുടെ പ്രസക്തി. അതെ അതുമാത്രം.

ദ് ലോസ്റ്റ് എന്ന പ്രതലം മറിച്ച് ഞാന്‍ പെട്ടെന്നു തന്നെ കാര്‍ഡിന്റെ മറ്റേ പ്രതലത്തിലെത്തി.
ഷോപ്‌വൈസ് എന്നു വലുതായെഴുതിയ ആ പ്രതലമായിരു‍ന്നു കൂടുതല്‍ ആകര്‍ഷകം.

12 comments:

ശനിയന്‍ \OvO/ Shaniyan said...

മാറി നിന്നു അവനവനെ തന്നെ നോക്കുന്നത് ഇത്തിരി ഉലക്കുന്ന സംഗതി തന്നെ.. ആ ഷൂവില്‍ കൂടി കാലിടുന്നത് ജീവിതത്തെ മാറ്റാന്‍ കഴിവുള്ള തീരുമാനങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണെന്ന് വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്.

വാണിങ്: കുട്ട്യേടത്ത്യേ, ആ ദിവസം ഒന്നു കുറിച്ച് വെച്ചേക്കണേ! ആ ഓര്‍ഗനൈസറില്‍ ഒരു ദിവസം മുമ്പേ അടിക്കാ‍ന്‍ ഒരു റിമൈന്‍‌ഡര്‍ ഇട്ടേക്കൂ.. ഇതിയാന്‍ ഇനി തന്റെ പ്രവചനമാണെന്നൊക്കെ തോന്നി അന്ന് വേണ്ടാത്തതൊന്നും കേറി പണിയാതിരിക്കാനാ. ;-).
To be fore warned is to be fore armed..

Santhosh said...

എത്രയോ വട്ടം ആ കാര്‍ഡ് ട്രാഷിലേയ്ക്ക് കളഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും സ്വയം ആ ചതുരത്തില്‍ എത്തിപ്പെടുന്നത് സങ്കല്പിച്ചിട്ടില്ല. മന്‍‍ജിത്തിന് അപാര ധൈര്യമാണല്ലോ, ‘അറം പറ്റല്‍’ എന്നൊക്കെപ്പറഞ്ഞ് കുട്ട്യേടത്തി പിന്നാലേ കൂടാറില്ലേ?

ശനിയന്‍ പറഞ്ഞതു പോലെ, ആ ദിവസം കുറിച്ചു വയ്ക്കാന്‍ മറക്കണ്ട!

സസ്നേഹം,
സന്തോഷ്

Visala Manaskan said...

‘രണ്ടു ചെറു ചതുരങ്ങള്‍ക്കുള്ളില്‍ ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്‍‌പും, ശേഷവും!‘

ഇരു കൈത്തലങ്ങള്‍ കോര്‍ത്ത് തലക്ക് പിന്നില്‍ സ്സപ്പോറ്ട്ട് കൊടുത്ത് പിറകിലേക്ക് ചാഞ്ഞ് ഞാന്‍ കുറച്ച് നേരം ചിന്തമഗ്നലു ആയി ഇരുന്നുപോയി.

ഈ നിമിഷം മുതല്‍ എന്നെ കാണാതാവുകയാണെങ്കില്‍... എന്നെ ചുറ്റിപ്പറ്റിയുള്ളവര്‍ എന്തൊക്കെ കരൂം!

ബൂലോഗത്തിന്റെ അഭിമാനം , ശ്രീ. മഞ്ജിത്തിന്റെ വളരെ പ്രസക്തമായ ഒരു പോസ്റ്റിങ്ങ്.
* * * *
എന്റെ വീടിനടുത്തുള്ള ഒരു വല്യച്ഛന്‍ ഇതേപോലെ മിസ്സായിട്ടുണ്ട്.

ആള്‍ ആക്ച്വലി ഒരു ഗവേഷകനായിരുന്നു.
കള്ളും ചാരായവും മുനുഷ്യനില്‍ വരുത്തുന്ന മാറ്റം എന്നതായിരുന്നു ഗവേഷണവിഷയം.

ഗവേഷണത്തിനായി തന്റെ ശരീരം ഉപയോഗിച്ച ആ ധിഷണശാലി മിക്കവാറും പുലര്‍ച്ച നാല് മണി മുതല്‍ രാത്രി പന്ത്രണുമണി വരെ ഗവേഷണം നടത്തുക പതിവായിരുന്നത്രേ!

ഗവേഷണത്തിന് സര്‍ക്കാരില്‍ നിന്നോ മറ്റാരില്‍ നിന്നോ യാതൊരു സഹായം കിട്ടാതെ വന്നപ്പോള്‍ ആള്‍ക്ക് ഭാഗപ്രകാരം കിട്ടിയ ഏക്കറുകണക്കിനുള്ള ഭൂമി, മുറിച്ച് മുറിച്ച് വിറ്റ് ഗവേഷണം തുടര്‍ന്നു.

അവസാനം ഇനി വില്‍ക്കാന്‍ ഭൂമിയില്ലെന്ന് മനസ്സിലായപ്പോള്‍, ആള്‍ ആരോടും പറയാതെ നാട് വിട്ട് ഫ്രീലാന്‍സ് ഗവേഷകനായി മാറുകയായിരുന്നു.

എങ്കിലും, തന്റെ മക്കള്‍ക്കും തനിക്കും ഒരു തുണ്ടു ഭൂമി പോലും ബാക്കി വക്കാതെ കുടിച്ച് കുന്നങ്കായി ആയി നടന്ന ആ ഭര്‍ത്താവിനെ കണ്ടെത്താന്‍ സാധ്യമായ എല്ലാ അന്വേഷണങ്ങളും നടത്തി ആ ഭാര്യ.

ഇന്ന് വിരുന്നുകാരനുണ്ട് എന്ന സിഗ്നലുമായി, കണ്ണന്‍ വാഴക്കയ്യിലിരുന്ന് കാക്ക കരഞ്ഞാല്‍ വല്യമ്മ ‘ ആള്‍ ഇന്ന് വരും‘ എന്ന് അയല്പക്കക്കാരോട് സന്തോഷത്തോടെ പറഞ്ഞിരുന്നുവത്രേ....മരണം വരെ.

ഇപ്പോഴും ആള്‍ മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. (എന്തായാലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ ആള്‍ക്ക് മിനിമം ഒരു 165 വയസെങ്കിലുമായിട്ടുണ്ടാകും)

Visala Manaskan said...

ഡിലീറ്റ് ചെയ്ത കമന്റുകള്‍, പിന്മൊഴിയില്‍ നിന്നും കൂടെ മാഞ്ഞുപോയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

അഭയാര്‍ത്ഥി said...

അപ്രസക്തന്‍ അപ്രസക്തന്‍ എന്ന ഒന്നില്ല.

ഈ ലോകത്തു അണ്ണാറകണ്ണനും തന്നാല്‍ ആയതു. മടി പിടിച്ചിരിക്കുന്ന കോച്‌ പൊറ്റാറ്റോയും പ്രസക്തനാണു. അയാള്‍ തിന്നു തീറ്‍ക്കുന്നു, കുരുവിടുന്നു,ശ്വസിക്കുന്നു. o2 ഇന്‍ സ്ളീപ്‌ എനജി ഔട്‌ . പ്രകൃതിയുടെ നിയമം അനുവറ്‍ത്തിക്കുന്നു. തിന്നുക വളരുക ചീയുക വളമാവുക.

പഞ്ഞിപുല്‍ കൃഷിയെ കുറിച്ചെഴുതുന്നവനും ഗന്ധറ്‍വനും പ്രസക്തനാകുന്നു അങ്ങിനെ.

കാണതായവരെ കുറിച്ചു തിരയുവാനും മറക്കാതിരിക്കനും നാം പ്രബുദ്ധരകണം, സഹാനുഭൂതി ഇല്ലെങ്കില്‍ കൂടി.

അല്ലെങ്കില്‍ മീന്‍ വാങ്ങാന്‍ പോയ ഭറ്‍ത്താവു തിര്‍കെ വരാതായാല്‍ അടുത്ത നാളില്‍ വിസ്മൃതനാകും . സ്കൂളിലേക്കു പൊയ മകന്‍ തിരികെവരാതിരുന്നാല്‍ പറക്കുന്ന വേവലാതിക്കിളി കൂടുവിട്ടു പോകും. സ്നേഹം എന്നതു അക്ഷാരാര്‍ത്ഥത്തില്‍ നൈമിഷികമാവും. സമൂഹ ഭദ്രത കറ്റങ്കഥയാകും.

പിന്നെ നമ്മുടെ റോളുകളില്‍ നാം സ്വയം അഭിമാനം കൊള്ളുന്നു. അതിനുമാത്രം നാമെന്തെങ്കിലുമാണോ?. അനന്തമജ്ഞാതമവറ്‍ണനീയമായ ഈ പ്രപഞ്ചത്തിലെ ഏതോ ഒരു പ്രകാശ കുതിപ്പില്‍ നുരക്കുന്ന ഒരു കീടം. നമ്മുടെ കണ്ണിലെ സമര്‍ത്ഥനും അസമര്‍ത്ഥതനും ഇതു തന്നെ- കീടം.


ബാല്യകാലത്തില്‍ കണ്ടിട്ടുള്ള പലരേയും നാം വറ്‍ഷങ്ങള്‍ക്കുശേഷം തിരിച്ചറിയുന്നു. ആരുടെയെങ്കിലും മക്കളെ ഒക്കെ ജനിതക മുദ്രകള്‍ നോക്കിയോ, ഘടനകള്‍ നോക്കിയൊ തിരി‍ച്ചറിയുന്നു. ഈ മുദ്ര മോതിരം എത്ര വറ്‍ഷങ്ങള്‍ക്കു ശേഷവും ഒരാളുടെ രുപത്തില്‍ ഉണ്ടു.

ഒരു റഷ്യന്‍ ക്രിമിനോലജി ബുക്ക്‌ വായിച്ച അറിവു വച്ചു പറയട്ടെ- ഒരു ക്രൈമും അടയാളമില്ലാതെ ചെയ്യാന്‍ ഒക്ക്ക്കില്ല. അതില്‍ ഉദാഹരണ സഹിതം പറയുന്നതു വായിച്ചാല്‍ നമുക്കും അതു ബോധ്യപ്പെടും. ഉദാഹരണമായി ഒരു കളവു നടന്ന ഇടത്തിലെ ഫസ്റ്റ്‌ ഇന്‍സിഡന്റ്‌ ഇങ്ങിനെ ആയിരിക്കില്ലേ. പൂട്ടു കുത്തി തുറന്നിട്ടാണെങ്കില്‍- പൂട്ടിന്റെ ഡാമേജ്‌ ഒന്നു മാത്റം മതി. കുറഞ്ഞ ഡാമേജ്‌ ഒരു പ്രഫഷണലിലേക്കു വിരല്‍ ചൂണ്ടുന്നു. കടുത്ത ഡാമേജെങ്കില്‍ മൊഷണ രംഗത്തെ പുതുമുഖമായിരിക്കും. ഡാമേജ്‌ ഇല്ലെങ്കില്‍ ഉള്ളിലുള്ള ആരോ തന്നെ താക്കോലിട്ടു തുറന്നതാകാം. 2 ആം ഘട്ടത്തില്‍ ഉള്ളില്‍ കടന്ന് ഇയാളൂടെ ബിഹേവിയറ്‍. കൃത്യം നടന്ന മുറിയിലേക്കു മാത്രമാണോ ഇയാള്‍ പോയിരിക്കുന്നത്. ഉപകരണങ്ങളുടെ കിടപ്പു. അങ്ങിനെ വിവേചിച്ചു വരുമ്പോള്‍ കള്ളന്റെ മാനസികാവസ്ഥ വരെ വെളിപ്പെടുന്നു.

ഇതുപോലെ ഈ രൂപം വരക്കുന്നതും അതില്‍ കൃത്യമായി എഴുതിയിട്ടുണ്ടു. അതു വായിക്കുമ്പോള്‍ നമ്മളും ഒരു ഇന്‍ക്കുസിറ്റിവെ മയിന്റിനു ഉടമയാകുന്നു.

കഥാപുരുഷനായ്‌ ഒരാളില്‍ തുടങ്ങുന്ന ഈ കുറിപ്പു ഒട്ടേറെ ചിന്തകള്‍ക്കു തുടക്കമിടുന്നു

Anonymous said...

ആരും നാട്‌ വിട്ട്‌ പോകാതെ നാട്‌ വിട്ടുക എന്ന സംഗതി തന്നെ ഇപ്പോള്‍ നട്ട്‌ വിട്ട്‌ പോയിരിക്കുന്നു. പത്താം ക്ലാസ്‌ തോറ്റാല്‍ ഞങ്ങളുടെ നാട്ടീല്‍ ചില വിദ്ധ്വാന്മാര്‍ നാട്‌ വിടാറുണ്ടായിരുന്നു. പോയി പോയി പറശ്ശിനിക്കടവിന്‌ അപ്പുറം ആരും എത്താറില്ല (പറശ്ശിനിമുത്തപ്പന്റെ അമ്പലത്തില്‍ മൂന്നു നേരം ഭക്ഷണവും താമസവും ഫ്രീയാണ്‌)

കണ്ണൂസ്‌ said...

25 വര്‍ഷത്തിനു ശേഷവും തിരിച്ചു വരാത്തവര്‍ ഒന്നുകില്‍ മരിച്ചു, അല്ലെങ്കില്‍ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ല എന്ന സത്യം അംഗീകരിക്കാന്‍ കൂട്ടാക്കാതെ അവര്‍ക്കു വേണ്ടി അന്വേഷണം നടത്തിക്കുന്നവരുടെ concern മാത്രം മതിയല്ലോ അവരെ പ്രസക്തരാക്കാന്‍:

Anonymous said...

സുകുമാരകുറുപ്പിനെ കാണാതെ ആയിട്ടു ഇപ്പൊ എത്ര കൊല്ലമായി? അയാളെ കണ്ടു പിടിച്ചാല്‍ ഒരു “പ്രസക്തി” ഉണ്ടാവില്ലേ? ഏതൊ ഒരു നഴ്സമ്മ അയാളെ ഈയിടത്തു നോറ്തീസ്റ്റില്‍ എവിടെയൊ കണ്ടത്രെ? പണ്ടു പത്രത്തില്‍ കണ്ട ഓര്‍മ്മ വെച്ചാണു അവരു തിരിച്ചു അറിഞ്ഞതു എന്നു പറയുന്നു.

Manjithkaini said...

അപ്രസക്തമായ ഇക്കഥയ്ക്കു പ്രസക്തങ്ങളായ കമന്റുകളിട്ട ഏവര്‍ക്കും കൂപ്പുകൈ!. വായിച്ചവര്‍ക്കെല്ലാം നന്ദി!

Manjithkaini said...

ഹമ്പമ്പട എല്‍.ജിയേ. താങ്കളൊരു ത്രികാല ജ്ഞാനിയാണെന്നു തോന്നണല്ലോ. ദാ കുറുപ്പിന്റെ കാര്യം ഇവിടെപ്പറഞ്ഞതും അവിടെ പൊലീസുകാര്‍ പിന്നെയും തുടങ്ങി. എന്നാപ്പിന്നെ ഇവിടെക്കണ്ടകാര്യം വിളിച്ചു പറ. കുറേപോലീസുകാര്‍ ഇവിടെയും വന്നുപോകട്ടെ.

prapra said...

മന്‍‌ജിത്തിന്റെ ബ്ലോഗ് കേരളാ പോലീസും വായിക്കുന്നുണ്ടല്ലേ?

പരസ്പരം said...

മാസങ്ങളായി താങ്കളുടെ ബ്ളോഗിണ്റ്റെ വായനക്കാരനാണു ഞാന്‍. കമണ്റ്റിടാറില്ലായിരുന്നുവെന്നു മാത്രം.ദീപികയില്‍ ജോലി ചെയ്യ്തതിനാലാവാം എല്ലാ ബ്ളോഗുകള്‍ക്കും ഒരു റിപ്പോര്‍ട്ടിങ്ങ്‌ പരിവേഷം തോന്നിപ്പോവും. 'അപ്രസക്തന്‍' വേരിട്ടു നില്‍ക്കുന്ന ഒരു ബ്ളോഗാണു.ഭാവനാതലങ്ങളിലേക്ക്‌ ഉയര്‍ന്നെങ്കിലും പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പിട്ടതുപോലെ തോന്നി. അല്‍പംകൂടെ നീട്ടിയെഴുതാമായിരുന്നു.
നല്ല വരികള്‍
`രണ്ടു ചെറു ചതുരങ്ങള്ക്കുള്ളില് ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്പും, ശേഷവും!

ഇങ്ങനെ പറഞ്ഞുകൊണ്ട് മുതിര്‍ന്നയാള്‍ ഷോപ്‌വൈസ് കാര്‍ഡ് ട്രാഷിലേക്കു ചുരുട്ടിയിട്ടു. ചര്‍ച്ച അവിടെ അവസാനിച്ചു. ആരുമന്വേഷിക്കാത്ത പരശതമാള്‍ക്കാരുടെ കൂട്ടത്തിലേക്ക് അറുപത്തഞ്ചുകാരനായ മന്‍‌ജിത് ജോസഫ് വീണ്ടും തള്ളിയിടപ്പെട്ടു.'